കോപ്റ്റർ അപകടം: ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ ബെംഗളൂരുവിലേക്ക് മാറ്റി; വിദഗ്ധ ചികിത്സ ഉറപ്പാക്കും
ചെന്നൈ: നീലഗിരി ജില്ലയിലെ കൂനൂരിൽ കഴിഞ്ഞ ദിവസം നടന്ന ഹെലികോപ്ടർ അപകടത്തിൽ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ ബെംഗളൂരുവിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ നൽകാനാണ് വെല്ലിങ്ങ്ടൺ ആശുപത്രിയിൽ നിന്ന് ബെംഗളൂരുവിലെ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം, മരിച്ച ജനറൽ ബിപിൻ റാവത്ത് അടക്കമുള്ള സൈനികരുടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ ദില്ലിയിലേക്ക് കൊണ്ടുപോയി. ദില്ലിയിൽ നാളെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ റാവത്തിൻ്റെയും ഭാര്യയുടെയും ഭൗതികദ്ദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും.

സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 സൈനികർ മരിച്ച ഹെലികോപ്റ്റർ അപകടത്തിൽ രക്ഷപ്പെട്ട ഏക ഉദ്യോഗസ്ഥനാണ് ഗ്രൂപ്പ് ക്യാപ്റ്റനായ വരുൺ സിംഗ്. അദ്ദേഹം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സൈനികൻ്റെ തിരിച്ചുവരവിനായി രാജ്യം പ്രാർത്ഥനകളോടെ കാത്തുനിൽക്കുകയാണ്. വെല്ലിങ്ടൺ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വരുൺ സിംഗിനെ റോഡ് മാർഗം സൂളുരിലെത്തിച്ച് വിദഗ്ധചികിത്സയ്ക്കായി ബെംഗളൂരുവിലെ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സിമ്പിള്‍ ആന്‍ഡ് കൂള്‍ ലുക്കില്‍ പേളി മാണി; എന്തൊരു അഴകാണെന്ന് ആരാധകര്‍

ഗ്രൂപ്പ് കാപ്റ്റൻ വരുൺ സിംഗ് ഇതാദ്യമായിട്ടല്ല മരണത്തെ മുഖാമുഖം കാണുന്നത്. ഇതിന് മുമ്പ് 2020 ഒക്ടോബർ 12 ന് ഒരു സിസ്റ്റം ചെക്ക്സോർട്ടിക്കു വേണ്ടി വ്യോമസേനയുടെ ഒരു ലൈറ്റ് കോംബാറ്റ് എയർ ക്രാഫ്റ്റ് പറത്തുകയായിരുന്നു അദ്ദേഹം. ആദ്യ റൗണ്ട് പരിശോധനകൾക്കു ശേഷം ആ വിമാനത്തിന് ഗുരുതരമായ യന്ത്രത്തകരാറുകൾ നേരിട്ടതായി സിംഗിന്റെ ശ്രദ്ധയിൽ പെടുന്നു.

അന്ന് വിമാനത്തിലുണ്ടായ തകരാറുകളെ തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. വിമാനം സഞ്ചരിച്ചുകൊണ്ടിരുന്ന ഉയരം വളരെ പെട്ടെന്ന് കുറയുകയും, അത് ആകാശത്തു മുകളിലേക്കും താഴേക്കും നീങ്ങുകയും ചെയ്യാൻ തുടങ്ങി. പതിനായിരം അടി ഉയരത്തിൽ എത്തിയപ്പോഴേക്കും വിമാനത്തിന്റെ നിയന്ത്രണം ഏറെക്കുറെ പൂർണമായും നഷ്ടപ്പെട്ട് അത് തലങ്ങും വിലങ്ങും ഉലയാനും, കടുത്ത പിച്ചിങ് നേരിടാനും തുടങ്ങുന്നു. ഈ അവസരത്തിൽ, സാധാരണ ഗതിക്ക് ഏതൊരു പൈലറ്റും തീരുമാനിക്കുക ആ വിമാനത്തെ ഉപേക്ഷിച്ച് വിമാനത്തിൽ നിന്ന് ഇജക്റ്റ് ചെയ്ത് സ്വന്തം ജീവൻ രക്ഷപ്പെടുത്താനാണ്.

സ്വന്തം ജീവന് തന്നെ ഭീഷണി നിലനിൽക്കുന്ന ഈ അവസരത്തിലും, അസാമാന്യമായ ധീരത പ്രകടിപ്പിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അദ്ദേഹത്തിന്റെ വിമാനം പറത്തുന്നതിലെ അസാമാന്യ സിദ്ധിയും അനിതരസാധാരണമായ മനസ്സാന്നിധ്യവും കൊണ്ടുമാത്രം ആ വിമാനം നഷ്ടമാവാതെ അതിനെ സുരക്ഷിതമായി താഴെ ഇറക്കുന്നതിൽ വിജയിക്കുന്നു.

അത്യന്തം പ്രൊഫഷണലായ സമീപനവും, ധീരതയും പ്രകടമാക്കിയ ഈ സംഭവത്തെ തുടർന്നാണ് സൈന്യം അദ്ദേഹത്തിന് ശൗര്യ ചക്ര നൽകി ആദരിക്കുന്നത്. കോടികൾ വിലമതിക്കുന്ന ആ ലൈറ്റ് കോംബാറ്റ് എയർ ക്രാഫ്റ്റ് സുരക്ഷിതമായി താഴെ എത്തിച്ചു എന്നതുമാത്രമല്ല താഴെയുള്ള ഏതെങ്കിലും ജനവാസ കേന്ദ്രങ്ങളിൽ ആ വിമാനം ചെന്ന് വീണു കത്തി പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രാണനഷ്ടങ്ങളും വരുൺ സിങിന്റെ ധീരമായ പ്രവൃത്തികൊണ്ടുണ്ടായി എന്നതും അദ്ദേഹത്തിന്റെ ശൗര്യ ചക്ര സൈറ്റേഷനിൽ പറയുന്നുണ്ട്.

അതിനിടെ, ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അകപ്പെട്ട 14 പേരില്‍ 13 പേരാണ് മരണത്തിന് കീഴടങ്ങിയത്. വരുൺ സിംഗ് മാത്രമാണ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. സി.ഡി.എസ്. ജനറൽ ബിപിൻ റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഭാര്യ മധുലിക റാവത്ത്, അദ്ദേഹത്തിന്റെ പ്രതിരോധ ഉപദേശകന്‍ ബ്രിഗേഡിയര്‍ ലഖ്ഭീന്തര്‍ സിംഗ് ലിദ്ദര്‍, സ്റ്റാഫ് ഓഫീസര്‍ ലഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, ഹെലികോപ്റ്റര്‍ ക്രൂ അടക്കമുളള മറ്റ് 9 സൈനികര്‍ എന്നിവരാണ് കോപ്റ്റർ അപകടത്തിൽ മരണപെട്ടത്.

വിംഗ് കമാന്‍ഡര്‍ പൃഥ്വി സിംഗ് ചൗഹാന്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിംഗ്, ജൂനിയര്‍ വാറണ്ട് ഓഫീസര്‍മാരായ റാണ പ്രതാപ് ദാസ്, അറക്കല്‍ പ്രദീപ്, ഹവീല്‍ദാര്‍ സത്പാല്‍ റായ്, നായിക് ഗുര്‍സേവക് സിംഗ്, നായിക് ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ തുടങ്ങിയവരും മരണപ്പെട്ട സൈനികരുടെ പട്ടികയിൽ ഉൾപ്പെടുന്നു.












Click it and Unblock the Notifications