'ഉന്നതതല അന്വേഷണം നടക്കുന്നു'; ചോദ്യപേപ്പർ ചോർച്ചയിൽ രാഷ്‌ട്രപതി, മണിപ്പൂരിനെ കുറിച്ച് പരാമർശമില്ല
ന്യൂഡൽഹി: നയപ്രഖ്യാപന പ്രസംഗത്തിൽ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതികരിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു. എന്നാൽ ഏറെ ചർച്ച ചെയ്യപ്പെട്ട മണിപ്പൂർ സംഘർഷത്തെ കുറിച്ച് പ്രസംഗത്തിൽ പരാമർശം ഒന്നുമുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാഷ്ട്രീയം മാറ്റിവച്ചു കൊണ്ട് ഒരുമിച്ചുള്ള പ്രവർത്തനം വേണമെന്നാണ് രാഷ്‌ട്രപതി ആവശ്യപ്പെട്ടത്.
ഈ സമയം പ്രതിപക്ഷ അംഗങ്ങൾ 'നീറ്റ്' വിളികളുമായി ബഹളം വയ്ക്കുകയുണ്ടായി. ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായി രാഷ്ട്രപതി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് അറിയിച്ചു.

പരീക്ഷാ വേളയിൽ തെറ്റായ രീതികൾ പ്രയോഗിക്കുന്നതിനെതിരെ സർക്കാർ കർശനമായ നിയമം ഉണ്ടാക്കിയിട്ടുണ്ടെന്നും രാഷ്ട്രപതി അറിയിച്ചു. സർക്കാർ റിക്രൂട്ട്‌മെന്റുകളിലും പരീക്ഷകളിലും സുതാര്യത അനിവാര്യമാണെന്നും, അവയുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.
എന്നാൽ മണിപ്പൂർ വിഷയത്തെ കുറിച്ച് പരാമർശം നടത്താൻ രാഷ്‌ട്രപതി തയ്യാറായില്ല. നയപ്രഖ്യാപനത്തിൽ ഒരിടത്തും മണിപ്പൂരിനെ കുറിച്ച് ഒന്നും പറഞ്ഞുമില്ല. വടക്കുകിഴക്കൻ മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് മാത്രമായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.
'കഴിഞ്ഞ 10 വർഷമായി, നിരവധി പഴയ തർക്കങ്ങൾ പരിഹരിക്കപ്പെട്ടു, നിരവധി കരാറുകൾ ഉണ്ടാക്കുകയും ചെയ്‌തു. വികസനത്തിലൂടെ പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ ഘട്ടം ഘട്ടമായി അഫ്‌സ്പ റദ്ദാക്കാൻ സർക്കാർ പ്രവർത്തിക്കുകയും ചെയ്യുന്നു' എന്നും രാഷ്‌ട്രപതി വ്യക്തമാക്കി. മണിപ്പൂരിലെ സംഘർഷങ്ങൾ ഇപ്പോഴും സർക്കാരിന് വെല്ലുവിളിയായി നിൽക്കുന്ന ഘട്ടത്തിലാണ് നയപ്രഖ്യാപനത്തിൽ അതിനെ കുറിച്ച് പരാമർശിക്കാതിരിക്കുന്നത്.
ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ഗൂഢാലോചന നടത്തുന്ന വിഘടന ശക്തികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. ആശയവിനിമയ വിപ്ലവത്തിൻ്റെ ഈ കാലഘട്ടത്തിൽ, ജനാധിപത്യത്തെ ദുർബലപ്പെടുത്താനും സമൂഹത്തിൽ വിള്ളലുകൾ സൃഷ്‌ടിക്കാനും വിഘടന ശക്തികൾ ഗൂഢാലോചന നടത്തുകയാണ്. ഈ ശക്തികൾ രാജ്യത്തിനകത്തും പുറത്തുനിന്നും പ്രവർത്തിക്കുന്നുണ്ടെന്ന് രാഷ്‌ട്രപതി മുന്നറിയിപ്പ് നൽകി.
1975ൽ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ കുറിച്ചും ദ്രൗപതി മുർമു സംസാരിച്ചു. "അടിയന്തരാവസ്ഥ കാലത്ത് രാജ്യം മുഴുവൻ അരാജകത്വത്തിൽ മുങ്ങി, എന്നാൽ അത്തരം ഭരണഘടനാ വിരുദ്ധ ശക്തികൾക്കെതിരെ രാജ്യം വിജയിക്കുകയാണുണ്ടായത്' അവർ ചൂണ്ടിക്കാട്ടി. ആദ്യമായാണ് പതിനെട്ടാം ലോക്‌സഭയെ രാഷ്‌ട്രപതി അഭിസംബോധന ചെയ്‌ത് സംസാരിച്ചത്.
പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചും രാഷ്‌ട്രപതി പരാമർശം നടത്തുകയുണ്ടായി. പൗരന്മാരെന്ന നിലയിൽ അന്തസോടെ ജീവിക്കാൻ പലരെയും സിഎഎ അനുവദിക്കുന്നുവെന്നായിരുന്നു രാഷ്‌ട്രപതി പറഞ്ഞത്. സിഎഎയിലൂടെ സർക്കാർ അഭയാർഥികൾക്ക് പൗരത്വം നൽകാൻ തുടങ്ങി. ഇത് പലരെയും മാന്യമായ ജീവിതം നയിക്കാൻ അനുവദിച്ചു. ഈ നിയമത്തിന് കീഴിൽ പൗരത്വം നേടിയവർക്ക് നല്ലൊരു ഭാവി ആശംസിക്കുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.












Click it and Unblock the Notifications