കേരളത്തിലേക്ക് അതിവേഗ ബുള്ളറ്റ് ട്രെയിൻ? തമിഴ്‌നാടിന്റെ വമ്പൻ നീക്കം, 2 റൂട്ടുകൾ പരിഗണനയിൽ..!
ചെന്നൈ: കേരളവുമായി ബന്ധിപ്പിക്കുന്ന രണ്ട് ബുള്ളറ്റ് ട്രെയിൻ ഇടനാഴികളുടെ സാധ്യത റിപ്പോർട്ട് തയ്യാറാക്കാൻ തമിഴ്‌നാട് സർക്കാർ റെയിൽവേ ബോർഡിനോട് അനുമതി തേടി. ചെന്നൈ-തിരുവനന്തപുരം (തിരുച്ചിറപ്പള്ളി, നാഗർകോവിൽ വഴി), ചെന്നൈ-എറണാകുളം (സേലം, കോയമ്പത്തൂർ വഴി) എന്നിവയാണ് നിർദ്ദേശിക്കുന്ന റൂട്ടുകൾ. അതിവേഗ ബുള്ളറ്റ് ട്രെയിൻ വന്നാൽ ഇരു സംസ്ഥാനങ്ങൾക്കും അത് ഒരുപോലെ ഗുണകരമാവും.
രാജ്യത്തുടനീളം അതിവേഗ റെയിൽ പദ്ധതികൾക്ക് കേന്ദ്രം ഊന്നൽ നൽകുന്നതിനിടെയാണ് തമിഴ്‌നാടിന്റെ ഈ നീക്കം. മുംബൈ-അഹമ്മദാബാദ്, ചെന്നൈ-ഹൈദരാബാദ്, ചെന്നൈ-മൈസൂരു തുടങ്ങിയ പദ്ധതികളും ഇതിലുൾപ്പെടുന്നു. ഇവയിൽ ചിലതിന് നേരത്തെ കഴിഞ്ഞ ബജറ്റിൽ കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു.

കൂടാതെ, ഈസ്‌റ്റ് കോസ്‌റ്റ് ഫ്രൈറ്റ് ഇടനാഴി വിജയവാഡയിൽ നിന്ന് ചെന്നൈ, തൂത്തുക്കുടി, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കേരളത്തിലേക്ക് കൂടി ബുള്ളറ്റ് ട്രെയിൻ വന്നാൽ അത് ഗുണം ചെയ്യുമെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ വിലയിരുത്തൽ.
അതേസമയം, ചെന്നൈയിൽനിന്ന് കൊച്ചി വഴി തിരുവനന്തപുരത്തേക്ക് ബുള്ളറ്റ് ട്രെയിൻ പാത നിർമ്മിക്കാനുള്ള നിർദ്ദേശം 2010-ലെ റെയിൽവേ ബജറ്റിലുണ്ടായിരുന്നു. 2009-ൽ റെയിൽവേ അവതരിപ്പിച്ച വിഷൻ-2020 കർമപദ്ധതിയിൽ ഇതടക്കം ആറ് അതിവേഗ റെയിൽപ്പാതകളാണ് വിഭാവനം ചെയ്‌തിരുന്നത്, എന്നാൽ അത് എവിടെയും എത്തിയിരുന്നില്ല.
തുടർന്ന് കേന്ദ്രത്തിൽ ഭരണമാറ്റം ഉണ്ടാവുകയും യുപിഎ സർക്കാരിന് പകരം എൻഡിഎ അധികാരത്തിൽ എത്തുകയും ചെയ്യുകയായിരുന്നു. എൻഡിഎ സർക്കാർ ആവട്ടെ മുംബൈ-അഹമ്മദാബാദ് പാതയാണ് ആദ്യ ബുള്ളറ്റ് ട്രെയിനിനുവേണ്ടി തിരഞ്ഞെടുത്തത്. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ മറ്റ് പാതകൾകൂടി പ്രഖ്യാപിച്ചപ്പോഴും കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല.
സിൽവർ ലൈൻ എന്ന കേരളത്തിന്റെ ആവശ്യം ഇതുവരെയും പരിഗണിക്കാത്ത കേന്ദ്ര സർക്കാർ കഴിഞ്ഞ ബജറ്റിലും കേരളത്തെ അവഗണിച്ചിരുന്നു. ഡിപിആറിൽ ഉൾപ്പെടെ സമഗ്രമായ മാറ്റം വരുത്താതെ സിൽവർ ലൈനിൽ ഇനിയൊരു മുന്നോട്ട് പോക്ക് ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. അതിനിടയിലാണ് തമിഴ്‌നാട്ടിൽ രണ്ട് ബുള്ളറ്റ് ട്രെയിൻ റൂട്ടുകൾ അനുവദിച്ചത്.
ഏഴ് പുതിയ അതിവേഗ റെയിൽ പാതകൾ, കേരളമില്ല
ഏഴ് പുതിയ അതിവേഗ റെയിൽ റൂട്ടുകളാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. മുംബൈ-പുണെ, പുണെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡൽഹി-വാരണാസി, വാരണാസി-സിലിഗുരി എന്നിവയാണ് ഈ പുതിയ ലൈനുകൾ. അതിലൊന്നും കേരളം ഇടംപിടിച്ചിരുന്നില്ല.
ചെന്നൈ-ബംഗളൂരു-ഹൈദരാബാദ് ഇടനാഴികൾ ദക്ഷിണേന്ത്യൻ അതിവേഗ ത്രികോണം രൂപീകരിക്കുമെന്നും ഇത് കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങൾക്കും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിനും പ്രയോജനകരമാകുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞിരുന്നു. റൂട്ടുകൾ പ്രവർത്തനക്ഷമമാകുമ്പോൾ യാത്രാസമയത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications