വിദ്യാര്‍ഥികള്‍ വന്നത് തട്ടമിട്ട്; പോലീസിനെ വിളിക്കുമെന്ന് പ്രിന്‍സിപ്പല്‍... പരീക്ഷ തടഞ്ഞു
ബെംഗളൂരു: ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികള്‍ പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നത് പ്രിന്‍സിപ്പല്‍ തടഞ്ഞു. കര്‍ണാടകയിലെ ഉഡുപ്പിയിലെ കോളജിലാണ് സംഭവം. പ്രാക്ടിക്കല്‍ പരീക്ഷയായിരുന്നു ഇന്ന്. റെക്കോഡ് ബുക്കുകളെല്ലാം പൂര്‍ത്തിയാക്കി ഇന്ന് പരീക്ഷയ്ക്ക് എത്തിയതായിരുന്നു വിദ്യാര്‍ഥിനികള്‍. പ്രിന്‍സിപ്പലില്‍ നിന്ന് മോശം അനുഭവമാണുണ്ടായതെന്ന് ഒരു വിദ്യാര്‍ഥി ട്വീറ്റ് ചെയ്തു. ഇന്ന് ഞങ്ങള്‍ക്ക് ഫൈനല്‍ പ്രാക്ടിക്കല്‍ പരീക്ഷയായിരുന്നു. റെക്കോഡ് ബുക്കുകളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. വലിയ പ്രതീക്ഷയോടെയാണ് പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് എത്തിയത്. എന്നാല്‍ വേദനിപ്പിക്കുന്ന പ്രതികരണമാണ് അധ്യാപകരില്‍ നിന്നുണ്ടായത്. പ്രിന്‍സിപ്പല്‍ ഞങ്ങളെ ഭീഷണിപ്പെടുത്തി. അഞ്ച് നിമിഷങ്ങള്‍ക്കകം കോളജില്‍ നിന്ന് പുറത്തുപോകണം. പോയില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞുവെന്ന് വിദ്യാര്‍ഥിനി ട്വീറ്റില്‍ പറയുന്നു.

മൂന്ന് വിദ്യാര്‍ഥിനികളെയാണ് ഇന്ന് പരീക്ഷാ ഹാളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നത്. ഹിജാബ് നിരോധനത്തിനെതിരെ ആറ് വിദ്യാര്‍ഥിനികളാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇതില്‍ മൂന്ന് വിദ്യാര്‍ഥിനികളെ ഇന്ന് തടഞ്ഞു. റെക്കോഡുകളെല്ലാം സമര്‍പ്പിക്കാന്‍ വേണ്ടിയും പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് വേണ്ടിയുമാണ് ഇന്ന് സ്‌കൂളില്‍ പോയത്. റെക്കോഡ് വാങ്ങാന്‍ അധ്യാപിക തയ്യാറായില്ല. ഹിജാബ് നീക്കിയാല്‍ മാത്രമേ സ്വീകരിക്കൂ എന്ന് അധ്യാപിക പറഞ്ഞു എന്ന് വിദ്യാര്‍ഥി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
തുടര്‍ന്ന് അധ്യാപിക പ്രിന്‍സിപ്പലുടെ ഓഫീസിലേക്ക് പറഞ്ഞയച്ചു. പോലീസില്‍ പരാതിപ്പെടുമെന്ന് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥിനി പറഞ്ഞു. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് 30 മാര്‍ക്കും എഴുത്ത് പരീക്ഷയ്ക്ക് 70 മാര്‍ക്കുമാണ് ലഭിക്കുക. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ഹാജരായില്ലെങ്കില്‍ എഴുത്ത് പരീക്ഷയ്ക്ക് സാധിക്കില്ലെന്നും വിദ്യാര്‍ഥിനി പ്രതികരിച്ചു.
ഉഡുപ്പിയിലെ കോളജിലാണ് ആദ്യം ഹിജാബ് വിവാദം തുടങ്ങിയത്. മുസ്ലിം പെണ്‍കുട്ടികള്‍ തലമറച്ച് എത്തുന്നതിനെതിരെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഹിജാബ് നിരോധിച്ചു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുത് എന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കി.
ഹിജാബ് നിരോധനത്തിനെതിരെ ഒരുകൂട്ടം ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഹിജാബ് ധരിക്കാതെ ഞങ്ങള്‍ പുറത്തിറങ്ങാറില്ലെന്നും നിരോധനം അംഗീകരിക്കില്ലെന്നും ഇത്രയും കാലം തലമറച്ച് കൊണ്ടുതന്നെയാണ് സ്‌കൂളിലെത്തിയിരുന്നതെന്നും വിദ്യാര്‍ഥിനികള്‍ ബോധിപ്പിച്ചു. വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു ഹിബാജ് നിരോധനം. ഹൈക്കോടതി അന്തിമ വിധി പുറപ്പെടുവിക്കാത്തതിനാല്‍ വിദ്യാര്‍ഥികളെ ക്ലാസില്‍ കയറ്റുന്നില്ല. അന്തിമ വിധി വരുന്നത് വരെ പരീക്ഷ നീട്ടിവയ്ക്കണമെന്ന് വിദ്യാര്‍ഥിനികള്‍ കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് പുതിയ വിവരം. ഇക്കാര്യം അവര്‍ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications