ഹിമാചലിൽ ബിജെപിക്ക് തിരിച്ചടി;മുൻ അധ്യക്ഷൻ കോൺഗ്രസിൽ ചേർന്നു
ഹിമാചൽ പ്രദേശ്; നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഹിമാചൽ പ്രദേശിൽ ബി ജെ പിക്ക് കനത്ത തിരിച്ചടി നൽകി മുൻ സംസ്ഥാന അധ്യക്ഷൻ കോൺഗ്രസിൽ ചേർന്നു. മുൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ഖിമി റാം ആണ് ബി ജെ പി വിട്ടത്. ബി ജെ പി ടിക്കറ്റില്‍ മല്‍സരിച്ച് രണ്ട് തവണ എം എല്‍ എയായിരുന്ന അദ്ദേഹം എ ഐ സി സി ആസ്ഥാനത്ത് എത്തിയാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
സൗന്ദര്യം വല്ലാതെ കൂടുന്നുണ്ട്..ഇത് ഐശ്വര്യ ലക്ഷ്മിയുടെ മരണമാസ് ലുക്ക്..അമ്പരന്ന് ആരാധകർ

'ബി ജെ പി നേതൃത്വവുമായി യാതൊരു വിരോധവുമില്ല. കോൺഗ്രസിൽ ചേരാനുള്ള തീരുമാനം ആലോചിച്ച് എടുത്തതാണ്', ഖിമി റാം പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് റാം പറഞ്ഞു. അഴിമതി, തൊഴിലില്ലായ്മ, പണപ്പെരുപ്പം, പെൻഷൻ തുടങ്ങി വിവിധ വിഷയങ്ങളിൽ ബി ജെ പി സർക്കാരിനെതിരെ കിമി റാം രൂക്ഷവിമർശനം ഉയർത്തി. ഈ വിഷയങ്ങൾ ജനത്തിനിടയിൽ വലിയ ചർച്ചയാക്കുമെന്നും കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുളുവിലെ ബഞ്ചാർ ജില്ലയിൽ നിന്നാണ് ഖിമി രണ്ട് തവണ എം എൽ എ ആയത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകാത്തത് മുതൽ നേതൃത്വവുമായി കടുത്ത അതൃപ്തിയിലായിരുന്നു ഖിമി. ഇതോടെ അദ്ദേഹം പാർട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പിന്നാലെയാണ് ഇപ്പോൾ കോൺഗ്രസിലെത്തിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് വ്യാപകമായ ഒഴുക്ക് ബി ജെ പിയിലേക്ക് നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഖിമിയുടെ വരവ് കോണ്‍ഗ്രസിന് ചെറിയൊരു ആശ്വാസമാണ്.

അതേസമയം ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അധികാരം തിരിച്ച് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. ബി ജെ പിയും കോൺഗ്രസും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് ഇക്കുറി കോൺഗ്രസ് വലിയ പ്രതീക്ഷയിലാണ്. ബി ജെ പിക്കെതിരായ ഭരണ വിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗുണകരമാകുമെന്നാണ് നേതൃത്വം കരുതുന്നത്. സംസ്ഥാനത്തിന്റെ ചുമതല യുവ നേതാവും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റിനാണ് കോൺഗ്രസ് നൽകിയിരിക്കുന്നത്. സച്ചിന് ചുമതല നൽകിയതായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.

പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളാകും കോൺഗ്രസിനെ സംബന്ധിച്ചുള്ള വലിയ വെല്ലുവിളി.മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വീർഭദ്ര സിംഗിന്റെ മരണത്തോടെ ആരെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടുമെന്നതാണ് ഹൈക്കമാന്റിനെ കുഴക്കുന്നത്. മുകേഷ് അഗ്നിഹോത്രി, സുഖ്‌വീന്ദർ സിംഗ് എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിനായി അവകാശം ഉന്നയിച്ചിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഹൈക്കമാന്റ് നീക്കം.

സ്ഥാനാർത്ഥി പ്രഖ്യാപനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കരുതലോടെയാകും നേതൃത്വം തീരുമാനമെടുക്കുക. ഇതിനായി പ്രത്യേക സർവ്വേ തന്നെ കോൺഗ്രസ് നടത്തുന്നുണ്ട്. സിറ്റിംഗ് എംഎൽഎമാരുടെ പ്രകടനം കൂടി വിലയിരുത്തിയാകും സീറ്റ് അനുവദിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ 30 ഓളം പേർക്ക് ഇക്കുറി അവസരം ലഭിച്ചേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം മറുവശത്ത് ബി ജെ പിയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാർട്ടിയിലെ വിമത നീക്കവും ഭരണവിരുദ്ധ വികാരവുമാണ് ബി ജെ പിക്ക് വെല്ലുവിളി.












Click it and Unblock the Notifications