ഹിമാചലില്‍ കോണ്‍ഗ്രസിനെ കരുതിയിരിക്കണം; കരുതലോടെ കരുക്കള്‍ നീക്കി ബിജെപി, സിറ്റിംഗ് എംഎല്‍എമാര്‍ തെറിച്ചേക്കും
ഷിംല: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ജാഗ്രതയോടെ കരുക്കള്‍ നീക്കി ബി ജെ പി. മണ്ഡലം തിരിച്ചുള്ള നിര്‍ണയത്തിനാണ് ബി ജെ പി കോപ്പുകൂട്ടുന്നത്. ഭരണ വിരുദ്ധവികാരം തടയാന്‍ തെരഞ്ഞെടുപ്പില്‍ ഗണ്യമായ എണ്ണം പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് ബി ജെ പി ആലോചിക്കുന്നത്.
68 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഹിമാചല്‍ പ്രദേശ് ബി ജെ പിയുടെ കോര്‍ കമ്മിറ്റി യോഗം ചേരും. ലിസ്റ്റിന് അന്തിമരൂപം നല്‍കുന്നതിന് മുമ്പ് സ്ഥാനാര്‍ത്ഥികളുടെ വിജയ സാധ്യതയെ അടിസ്ഥാനമാക്കി പാര്‍ട്ടി വിലയിരുത്തല്‍ നടത്തുമെന്ന് ബി ജെ പി വൃത്തങ്ങള്‍ പറയുന്നു.

''ഒരു സിറ്റിംഗ് നിയമസഭാംഗത്തിന് വീണ്ടും ടിക്കറ്റ് ലഭിക്കും എന്ന് പറയാനാവില്ല. എല്ലാത്തിനും ഉപരി, ഞങ്ങള്‍ അധികാരത്തില്‍ തുടരാന്‍ വേണ്ടിയാണ് മത്സരിക്കുന്നത്. ചില പോക്കറ്റുകളില്‍ ഭരണവിരുദ്ധത കാണാനാകും. അതിനാല്‍, അത് നികത്താന്‍, പലര്‍ക്കും സീറ്റ് നഷ്ടപ്പെട്ടേക്കാം, പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കും, ''ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവ് പറഞ്ഞു.

ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി ജയ് റാം താക്കൂറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പുതുമുഖങ്ങള്‍ മത്സരരംഗത്ത് ഉണ്ടാകണം എന്ന ആശയത്തില്‍ ഉറച്ച് നിന്നതായി ബി ജെ പി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു പറഞ്ഞു. ഷിംല പാര്‍ലമെന്റ് മണ്ഡലത്തില്‍ പെട്ട് 17 നിയമസഭാ മണ്ഡലങ്ങളിലേക്ക് നിരവധി പുതിയ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തേക്കും എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജുബ്ബാല്‍, കോട്ട്ഖായ് അസംബ്ലി സീറ്റുകളിലേക്കും മാണ്ഡി പാര്‍ലമെന്റ് മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിച്ചത് ബി ജെ പി ഞെട്ടിച്ചിരുന്നു. ഇതാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം ജാഗ്രതയോടെ വേണം എന്ന കാര്‍ക്കശ്യത്തിലേക്ക് ബി ജെ പിയെ നയിച്ചത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷിംല ജില്ലയിലെ ഏഴില്‍ മൂന്നും സിര്‍മൗറില്‍ അഞ്ചില്‍ മൂന്നും സോളനില്‍ അഞ്ചില്‍ രണ്ടും ബി ജെ പി നേടിയിരുന്നു.

പാര്‍ട്ടിയുടെ പ്രാരംഭ സര്‍വേകള്‍ ബി ജെ പിക്ക് നേട്ടം പ്രവചിക്കുന്നുണ്ടെങ്കിലും ആ ഒരു സാധ്യതയില്‍ ഊന്നി മാത്രം പ്രവര്‍ത്തനം മുന്നോട്ട് പോകില്ല എന്ന് ബി ജെ പി നേതൃത്വം പറഞ്ഞു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചും അതിലും പ്രധാനമായി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള മൂല്യനിര്‍ണ്ണയ പ്രക്രിയയെക്കുറിച്ചും കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തില്‍ നിന്ന് റിപ്പോര്‍ട്ട് തേടുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കേന്ദ്ര നേതൃത്വം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഓരോ നീക്കവും ഓരോ തീരുമാനവും നിരീക്ഷിക്കപ്പെടുന്നു. അതിലും പ്രധാനം സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പാണ്,' ഒരു മുതിര്‍ന്ന ബി ജെ പി നേതാവ് അഭിപ്രായപ്പെട്ടു. 68 അംഗ ഹിമാചല്‍പ്രദേശ് നിയമസഭയില്‍ ബി ജെ പിക്ക് 44 അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസിന് 21 അംഗങ്ങളും ഉണ്ട്. സി പി ഐ എമ്മിനും ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ ഒരംഗമുണ്ട്.












Click it and Unblock the Notifications