ഹിമാചലിൽ വലിയ പദ്ധതികൾക്ക് ഒരുങ്ങി ബിജെപി; പുതിയ തന്ത്രങ്ങൾ പയറ്റുമോ? നേതാക്കളുടെ യോഗം നടന്നു
ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധി തുടരവേ ഭരണകക്ഷിയായ കോൺഗ്രസിന്റെ നീക്കങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ച് ബിജെപി. 14 മാസം മാത്രം പ്രായമുള്ള സർക്കാരിനെ താഴെയിറക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന ബിജെപി നേരത്തെ കോൺഗ്രസ് സർക്കാരിന് സഭയിൽ ഭൂരിപക്ഷമില്ലെന്ന് കാട്ടി ഗവർണർക്ക് കത്ത് നൽകിയിരുന്നു.
ഇപ്പോഴിതാ ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുക ലക്ഷ്യമിട്ട് ബിജെപിയുടെ മുതിർന്ന എംഎൽഎമാരുടെ സംഘം യോഗം ചേർന്നതായാണ് റിപ്പോർട്ടുകൾ. ഈ യോഗത്തിന് മുൻപാണ് ബിജെപി കോർ ഗ്രൂപ്പ് ഹിമാചൽ ഗവർണറെ കാണുകയും ഭരണകക്ഷിയായ കോൺഗ്രസിന് സഭയിൽ ഭൂരിപക്ഷം ഇല്ലെന്ന് അറിയിക്കുകയും ചെയ്‌തത്.

ബിജെപി നിയമസഭാ സമിതിയുടെ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ കഴിഞ്ഞ ദിവസം വൈകുന്നേരം ഹോട്ടൽ മറീനയിൽ കോർ ഗ്രൂപ്പ് യോഗം ചേർന്നുവെന്നാണ് ലഭ്യമായ വിവരം. ഏതാനും കോൺഗ്രസ് നിയമസഭാംഗങ്ങൾ കൂടി വിമതനീക്കം നടത്തിയേക്കാമെന്നും ഇത് സർക്കാരിനെ കൂടുതൽ ദുർബലമാക്കുമെന്നും പാർട്ടി നേതാക്കൾ വിലയിരുത്തുന്നു.
വിമത നീക്കം നടത്തിയ ആറ് കോൺഗ്രസ് എംഎൽഎമാരെ ബിജെപി രാജ്ഭവനിൽ എത്തിക്കണമെന്നും ബിജെപിയുമായി ബന്ധപ്പെട്ട മറ്റ് കോൺഗ്രസ് എംഎൽഎമാരിൽ നിന്ന് പിന്തുണ അറിയിച്ച് കത്ത് തേടണമെന്നും നിയമസഭാംഗങ്ങൾ അഭിപ്രായപ്പെട്ടു. യോഗത്തിന് മുമ്പ്, ബിജെപി കോർ ഗ്രൂപ്പ് ഹിമാചൽ ഗവർണർ ശിവ് പ്രതാപ് ശുക്ലയെ കണ്ടിരുന്നു. തുടർന്ന് സഭാ നടപടികളിൽ സ്‌പീക്കർ കുൽദീപ് സിംഗ് പതാനിയയുടെ പങ്കിനെക്കുറിച്ച് അവർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു
'കോൺഗ്രസിന്റെ ഭാവി തന്ത്രങ്ങൾക്ക് അനുസരിച്ച് ഞങ്ങളും പ്രവർത്തിക്കും' മുതിർന്ന ബിജെപി രൺധീർ ശർമ്മ പറഞ്ഞു. പ്രതിപക്ഷ നേതാവ് ജയ് റാം താക്കൂറിന്റെ നേതൃത്വത്തിൽ ആയിരുന്നു ബിജെപി നിയമസഭാംഗങ്ങൾ ഒത്തുചേർന്നത്. ഇതിന് പിന്നാലെ സഭയിൽ സ്‌പീക്കർ നടത്തിയ പ്രവർത്തനത്തെ അദ്ദേഹം വിമർശിക്കുകയും ചെയ്‌തു.
'നിയമസഭയിൽ കഴിഞ്ഞ ദിവസം കൈകാര്യം ചെയ്‌ത രീതി വളരെ നിർഭാഗ്യകരമാണ്. ഞങ്ങൾ സ്‌പീക്കറെ കാണാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഞങ്ങളെ തടയുകയും, ബിജെപി എംഎൽമാരോട് മോശമായി പെരുമാറുകയും ചെയ്‌തു' ജയ് റാം ആരോപിച്ചു.
അതേസമയം, രാജ്യസഭ തിരഞ്ഞെടുപ്പിൽ എംഎൽഎമാർ കാലുമറിയതോടെയാണ് ഹിമാചലിൽ കോൺഗ്രസ് സർക്കാരിന്റെ ഭാവി തുലാസിലായത്. കോൺഗ്രസിലെ 6 എംഎൽഎമാരും 3 സ്വതന്ത്രരും ബിജെപിയുടെ ഹർഷ് മഹാജന് വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് മനു സിംഗ്‌വി അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങുകയായിരുന്നു. നിയമസഭയിലെ സർക്കാരിന്റെ ഭൂരിപക്ഷത്തെ കുറിച്ചും ഇതിന് പിന്നാലെ ബിജെപി സംശയം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications