തിരുച്ചിറപ്പള്ളി റെയിൽവേ സ്‌റ്റേഷനിലെ ഹിന്ദി ബോർഡ്; വ്യാപക പ്രതിഷേധത്തിന് പിന്നാലെ എടുത്തുമാറ്റി
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി റെയിൽവേ ഡിവിഷൻ ഓഫീസിന്റെ പ്രവേശന കവാടത്തിൽ ഹിന്ദിയിൽ പ്രദർശിപ്പിച്ച ബോർഡ് എടുത്തുമാറ്റി റെയിൽവേ. ഇവിടെ ഹിന്ദിയിൽ എഴുതിയ 'കർത്തവ്യ ദ്വാർ' (ഡ്യൂട്ടി ഗേറ്റ് അഥവാ കർത്തവ്യത്തിന്റെ കവാടം) എന്ന ബോർഡ് വലിയ വിവാദങ്ങൾക്കും തമിഴ്‌നാട് രാഷ്ട്രീയത്തിൽ പ്രതിഷേധങ്ങൾക്കും വഴി തുറന്നത് അടുത്തിടെയാണ്. കേന്ദ്ര സർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിനെതിരായ വ്യാപക വിമർശനങ്ങളാണ് ഇതോടെ ശക്തമായത്.
കഴിഞ്ഞ ദിവസമാണ് ഈ വിഷയം പുറത്തുവന്നത്. പുതുതായി നിർമ്മിച്ച ട്രിച്ചി സോണൽ റെയിൽവേ മാനേജരുടെ ഓഫീസിന്റെ പ്രവേശന കവാടത്തിൽ ഹിന്ദിയിലുള്ള പേരിന് പ്രമുഖ സ്ഥാനവും, താഴെ തമിഴ്, ഇംഗ്ലീഷ് വിവർത്തനങ്ങളും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളും നേതാക്കളും ഇതിനെതിരെ രംഗത്ത് വന്നത്. യാത്രക്കാരിൽ നിന്നും സമാനമായ പ്രതികരണമാണ് ഉയർന്നത്.

സിപിഎം മധുര എംപി സു വെങ്കടേശൻ സമൂഹമാധ്യമങ്ങളിലൂടെ സതേൺ റെയിൽവേയെ രൂക്ഷമായി വിമർശിചോറൂണ്. ഹിന്ദി ബോർഡ് നീക്കം ചെയ്‌ത് തമിഴ് സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി നേതാവും മുൻ ഗവർണറുമായ തമിളിസൈ സൗന്ദരരാജനും ഇതിനോട് ശക്തമായി വിയോജിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനോട് ശരിയായ തമിഴ് ബോർഡ് സ്ഥാപിക്കാനും, കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത് ഒഴിവാക്കാനും അവർ അഭ്യർത്ഥിച്ചു.
മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചു. ട്രിച്ചി റെയിൽവേ ഡിവിഷണൽ ഓഫീസിലെ ബോർഡിനെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ അമിതമായ ഹിന്ദി അടിച്ചേൽപ്പിക്കലായി അദ്ദേഹം ആരോപിച്ചു. ഹിന്ദിയെ പ്രചരിപ്പിക്കാൻ 'ഒരു ഭാഷ, മൂന്ന് ലിഖിതങ്ങൾ' എന്ന തന്ത്രം ഉപയോഗിക്കുകയാണെന്നും സ്‌റ്റാലിൻ ആരോപിച്ചു.
എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ ഡിഎംകെ പ്രവർത്തകർ ഇന്ന് നേരിട്ട് രംഗത്തെത്തിയിരുന്നു. ട്രിച്ചി റെയിൽവേ ഡിവിഷൻ ഓഫീസിലെ 'കർത്തവ്യ ദ്വാർ' ബോർഡിൽ കറുത്ത പെയിന്റ് അടിച്ച് അവർ പ്രതിഷേധിച്ചു. ഇതിന് പിന്നാലെ തിരുച്ചിറപ്പള്ളി റെയിൽവേ സ്‌റ്റേഷനിലെ സ്വാഗത കമാനത്തിൽ സ്ഥാപിച്ചിരുന്ന ഹിന്ദി ബോർഡ് കടുത്ത പ്രതിഷേധങ്ങൾക്കിടെ നീക്കം ചെയ്‌തിരിക്കുകയാണ്.
തമിഴിനൊപ്പം ഹിന്ദി അക്ഷരങ്ങൾ കൂട്ടിച്ചേർത്തത് വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചതിനെത്തുടർന്നാണ് ഈ നടപടി. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നത് പതിവ് സംഭവമായി മാറിയിട്ടുണ്ടെന്നാണ് രാഷ്ട്രീയ കക്ഷികളുടെ ആക്ഷേപം. റെയിൽവേ സ്‌റ്റേഷനുകളിലും സമാനമായ പല വിഷയങ്ങളും മുൻപും ഉയർന്നിട്ടുണ്ട്.
തമിഴ്‌നാട്ടിലെ താനെ ചെന്നൈ സബർബൻ ഉൾപ്പെടെയുള്ള റെയിൽവേ സ്‌റ്റേഷനുകളിൽ ഹിന്ദി അക്ഷരങ്ങൾക്ക് പ്രാമുഖ്യം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്‌റ്റേഷനുകളിലൊന്നായ ട്രിച്ചിയിലെ പ്രവേശന കവാടത്തിലെ വളവിൽ 'കർത്തവ്യ ദ്വാർ' എന്ന് തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് തമിഴ് അറിയാമെങ്കിലും, ഹിന്ദി വാചകങ്ങൾ ചേർക്കുന്നത് യാത്രക്കാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി.
പിന്നാലെ ജനകീയ പ്രതിഷേധം ശക്തമായതോടെ അധികൃതർ ഹിന്ദി വാക്കുകൾ നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ശക്തമായ സമ്മർദ്ദത്തിന് വഴങ്ങി പഴയ നിലപാടിൽ നിന്ന് പിന്മാറുകയാണ് റെയിൽവേ ഇപ്പോൾ ചെയ്‌തിരിക്കുന്നത്. നിലവിൽ, ഈ ഹിന്ദി വാക്കുകൾ കമാനത്തിൽ നിന്ന് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.












Click it and Unblock the Notifications