3 സംസ്ഥാനങ്ങളിലായി 23 ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി, പരിശോധന; എല്ലാം വ്യാജം
ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്ക് പിന്നാലെ ഹോട്ടലുകള്‍ക്കും വ്യാജ ബോംബ് ഭീഷണി. കൊല്‍ക്കത്ത, തിരുപ്പതി, രാജ്‌കോട്ട് എന്നീ നഗരങ്ങളിലെ ഹോട്ടലുകള്‍ക്കാണ് ബോംബ് ഭീഷണി നേരിട്ടത്. ഇമെയില്‍ വഴി ലഭിച്ച ഭീഷണികള്‍ പരിശോധിച്ചപ്പോള്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഉത്സവ സീസണുകളില്‍ വിമാനസര്‍വീസുകളെ വ്യാജ ബോംബ ഭീഷണി ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ ഭീഷണി ഹോട്ടല്‍ മേഖലയിലേക്ക് വഴിമാറിയിരിക്കുന്നത്.
കൊല്‍ക്കത്തയില്‍ പത്തോളം പ്രധാന സ്റ്റാര്‍ ഹോട്ടലുകള്‍ക്കാണ് ബോംബ് ഭീഷണി നേരിട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാള്‍ സന്ദര്‍ശനത്തിനെത്തുന്നതിന് ഒരു ദിവസം മുമ്പാണ് ഭീഷണി എത്തിയിരിക്കുന്നത്.

ബോംബ് സ്‌ക്വാഡ് വിശദമായി പരിശോധിച്ചെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. കഴിഞ്ഞ വര്‍ഷം ഇതേ രീതിയില്‍ സ്‌കൂളുകള്‍ക്കും ഇമെയിലിലൂടെ വ്യാജ ബോംബ് ഭീഷണി നേരിട്ടതായി പോലീസ് പറഞ്ഞു. നേരത്തെ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വലിയ ജാഗ്രതയിലായിരുന്നു കൊല്‍ക്കത്ത പോലീസ്.
ഇമെയില്‍ അയച്ചയാള്‍ മറ്റൊരു പേരാണ് ഉപയോഗിച്ചിരിക്കുന്നത്. 'നിങ്ങളുടെ ഹോട്ടലില്‍ ബോംബ് വെച്ചിട്ടുണ്ട്, കറുത്ത ബാഗുകളില്‍ ഇവ ഒളിപ്പിച്ച് വെച്ചിരിക്കുകയാണ്. അവ ഉടന്‍ പൊട്ടിത്തെറിക്കും. നിങ്ങള്‍ക്ക് കുറഞ്ഞ സമയമാണ് ഉള്ളത്. എല്ലാവരെയും ഒഴിപ്പിക്കാന്‍ നോക്കൂവെന്നുമാണ്' ഇമെയില്‍ സന്ദേശത്തില്‍ ഉള്ളത്.
തിരുപ്പതിയില്‍ ശനിയാഴ്ച്ചയാണ് മൂന്ന് ഹോട്ടലുകള്‍ക്ക് ഭീഷണി നേരിട്ടത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആന്ധ്രപ്രദേശിലെ നാല് കെട്ടിടങ്ങള്‍ക്കെതിരെ വ്യാജ ഭീഷണിയുണ്ടായിരുന്നു. സമാനമാണ് തിരുപ്പതിയിലെ ഹോട്ടലുകള്‍ക്ക് നേരിട്ട ഭീഷണിയും. കേന്ദ്ര ഏജന്‍സികള്‍ ജൂലായില്‍ അറസ്റ്റ് ചെയ്ത മയക്കുമരുന്ന് മാഫിയ തലവന്‍ ജാഫര്‍ സാദിഖിന്റെ പേരും ഒരു ഇമെയിലിലുണ്ട്.
തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, ഭാര്യ കൃതിക, തമിഴ്‌നാട് ഡിജിപി ശങ്കര്‍ ജിവാല്‍ എന്നിവരുടെ പേരിലും ഭീഷണി സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അഫ്‌സല്‍ ഗുരു പുനര്‍ജനിക്കുമെന്ന് ഇമെയിലില്‍ പറയുന്നുണ്ട്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കാറില്‍ ബോംബ് വെച്ചതായും സന്ദേശത്തിലുണ്ട്.
ഗുജറാത്തിലെ രാജ്‌കോട്ടിലെ പത്ത് ഹോട്ടലുകള്‍ക്കും ഇതേ തരത്തിലുള്ള വ്യാജ ബോംബ് ഭീഷണി ഇമെയില്‍ വഴി ലഭിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ പരിശോധന നടത്തിയെന്നും, യാതൊന്നും കണ്ടെത്താനായില്ലെന്നും രാജ്‌കോട്ട് ഡിസിപി പാര്‍ത്ഥരാജ്‌സിംഗ് ഗോഹില്‍ പറഞ്ഞു.
ശനിയാഴ്ച്ച ഉച്ചയോടെയാണ് ഭീഷണി സന്ദേശം ഇമെയില്‍ വഴി ലഭിച്ചത്. പോലീസും ബോംബ് സ്‌ക്വാഡും ഹോട്ടലുകളില്‍ പരിശോധന നടത്തിയെന്ന് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ഇന്‍സ്‌പെക്ടര്‍ എസ്എം ജഡേജ പറഞ്ഞു.
പത്തോളം ഹോട്ടലുകളില്‍ എല്ലായിടങ്ങളിലും ബോംബ് വെച്ചിട്ടുണ്ട്. ഏതാനും മണക്കൂറുകള്‍ക്കുള്ളില്‍ ആ ബോംബ് പൊട്ടുമെന്നും ഇമെയില്‍ സന്ദേശത്തിലുണ്ട്. അഞ്ച് മണിക്കൂറോളം പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും പോലീസിന് കണ്ടെത്താനായില്ല. ഇമെയില്‍ അയച്ചയാളെ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും ജഡേജ പറഞ്ഞു.












Click it and Unblock the Notifications