റോഡരികിൽ ചായ കുടിക്കുകയായിരുന്ന അയ്യപ്പ ഭക്തർക്ക് നേരെ ട്രക്ക് ഇടിച്ചുകയറി; അഞ്ച് പേർക്ക് ദാരുണാന്ത്യം...
ചെന്നൈ: തമിഴ്‌നാട് പുതുക്കോട്ടയില്‍ പുലർച്ചെയുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പടെയുള്ളവരാണ് മരണപ്പെട്ടത്. അപകടത്തിൽ ഒരു പെണ്‍കുട്ടിയുള്‍പ്പടെ 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. സിമന്റ് കയറ്റിവന്ന ട്രക്ക് നിയന്ത്രണം വിട്ട് വഴിയരികിൽ നിൽക്കുകയായിരുന്ന തീര്‍ത്ഥാടകരുടെ ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പുതുക്കോട്ടയിൽ നിന്ന് കാരക്കുടിയിലേക്കുള്ള വഴിയിൽ നാമനസമുദ്രം എന്ന ടൗണിന് അടുത്തയാണ് സംഭവം നടന്നത്. ഇന്ന് പുലർച്ചെയോടെ ആയിരുന്നു അപകടം. ചെന്നൈ തിരുവള്ളൂരിൽ നിന്നുള്ള ഭക്തർ വാനിൽ ഓംശക്തി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു. അതുപോലെ തന്നെ ചെന്നൈ തിരുവള്ളൂരിൽ നിന്ന് മറ്റൊരു വാനിൽ അയ്യപ്പഭക്തരും ഇതുവഴി കടന്നുപോവുകയായിരുന്നു.

തിരുക്കടയൂരിൽ നിന്ന് രാമനാഥപുരത്തേക്ക് പോകാനായി അഞ്ച് പേർ മറ്റൊരു കാറിലും നാമനസമുദ്രത്തിൽ എത്തി. ഇവരെല്ലാം വാഹനം പാർക്ക് ചെയ്‌ത് നാമനസമുദ്രം പോലീസ് സ്‌റ്റേഷന് എതിർവശത്തുള്ള കടയിൽ നിന്ന് ചായകുടിക്കുകയായിരുന്നു. ഈ സമയത്താണ് അരിയല്ലൂരിൽ നിന്ന് ശിവഗംഗ ജില്ലയിലേക്ക് സിമന്റ് ചാക്കുകൾ കയറ്റിയ ട്രക്ക് ഇതുവഴി കടന്നുവന്നത്.
അപ്രതീക്ഷിതമായി ട്രക്ക് ഇവർക്ക് ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽ തകർന്നു. ഇതും കടന്ന ട്രാക്ക് ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി. ഇവിടെ ചായ കുടിച്ചുകൊണ്ട് ഇരികുകയായിരുന്ന അഞ്ച് പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അപകടത്തിൽ പരിക്കേറ്റ 19 പേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ അപകടത്തിൽ അഞ്ച് പേരുടെ ജീവൻ നഷ്‌ടപ്പെട്ടതിന്റെ ആഘാതത്തിലാണ് നാട്ടുകാർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ എത്ര പേരുടെ നില ഗുരുതരമാണെന്ന വിവരം ലഭ്യമായിട്ടില്ല.












Click it and Unblock the Notifications