കപ്പാസിറ്റി കുറച്ച് ആശുപത്രികള്‍, ദില്ലിയില്‍ ഓക്‌സിജനില്ലാതെ നെട്ടോട്ടം, പൊട്ടിക്കരഞ്ഞ് ഡോക്ടര്‍
ദില്ലി: തലസ്ഥാന നഗരിയില്‍ ഓക്‌സിജനില്ലാതെ ഗുരുതര സാഹചര്യങ്ങള്‍. ആശുപത്രികളില്‍ കപ്പാസിറ്റിയും കുറച്ചിരിക്കുകയാണ്. ഒരുപാട് പേര്‍ ഓക്‌സിജനില്ലാതെ മരിച്ചുവീഴുന്ന സാഹചര്യം ഉണ്ടാവുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ദില്ലിയിലെ സുപ്രധാനപ്പെട്ട രണ്ട് ആശുപത്രികള്‍ 40 ശതമാനത്തോളം കപ്പാസിറ്റി കുറച്ചിരിക്കുകയാണ്. രണ്ട് ആശുപത്രികളിലും ഓക്‌സിജന്‍ ക്ഷാമം ശക്തമാണ്. ഇവിടെ ചികിത്സയില്‍ ഇരുന്നാലും വേണ്ട വിധത്തിലുള്ള ചികിത്സകള്‍ നല്‍കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് കപ്പാസിറ്റി കുറച്ചത്. ദില്ലിയില്‍ രണ്ടാം തരംഗം അതിശക്തമായ സാഹചര്യത്തില്‍ ഈ തീരുമാനം കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കും.

രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും ബെഡുകളുടെ കപ്പാസിറ്റി കുറച്ചിരിക്കുകയാണ്. മുന്നൂറോളം ബെഡുകളാണ് കുറച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ 350 കൊവിഡ് രോഗികളെ മാത്രം ഉള്‍ക്കൊള്ളിക്കാനേ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് സാധിക്കൂ. ദില്ലിയിലെ പ്രശസ്തമായ ജിടിബി ആശുപത്രിയിലാണ് കപ്പാസിറ്റി കുറച്ച മറ്റൊരു ആശുപത്രി. ഇവിടെ 1500 കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായുണ്ടായിരുന്നു. എണ്ണൂറോളം ബെഡുകള്‍ ഇവര്‍ കുറച്ചിരിക്കുകയാണ്. നിലവില്‍ 700 കിടക്കകള്‍ മാത്രമാണ് കൊവിഡ് രോഗികള്‍ക്കായി ബാക്കിയുണ്ടാവുക.
ദില്ലി സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പിലും ഇക്കാര്യം പ്രതിഫലിക്കുന്നുണ്ട്. ദില്ലിയിലെ രോഗവ്യാപ തോത് അതിശക്തമായ.സാഹചര്യത്തില്‍ ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞാല്‍ എന്താണ് സംഭവിക്കാന്‍ പോവുകയെന്ന് പറയാന്‍ പോലും പറ്റില്ലെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം ദില്ലിയിലെ ബത്ര ആശുപത്രി എംഡി സാഹചര്യങ്ങള്‍ വിവരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞു. ഓക്‌സിജന്‍ എവിടെയാണോ ലഭ്യമായത്, അവിടേക്ക് രോഗികളെ മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്ന് ഡോ എസ്‌സിഎല്‍ ഗുപ്ത പറഞ്ഞു. രോഗിയായ ഒരാള്‍, ആരുടെയെങ്കിലും അമ്മയോ പിതാവോ ആകാം. നഷ്ടപ്പെടുന്നതിന്റെ വേദന തനിക്ക് അറിയാമെന്നും ബത്ര പറഞ്ഞു.
നേരത്തെ ദില്ലി എയിംസും പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് നിര്‍ത്തിവെച്ചിരുന്നു. ഒരു മണിക്കൂര്‍ നേരത്തെക്കായിരുന്നു ഇത്. പിന്നീട് ഇത് പുനരാരംഭിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എമര്‍ജന്‍സി വാര്‍ഡില്‍ കിടക്കകള്‍ മാറ്റാനും ഓക്‌സിജന്‍ പൈപ്പ്‌ലൈനുകളുടെ മാറ്റത്തിനും വേണ്ടിയാണ് തല്‍ക്കാലം നിര്‍ത്തിവെച്ചതെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. ദില്ലി സര്‍ക്കാരിന്റെ ആപ്പില്‍ നിലവില്‍ പല ആശുപത്രികളില്‍ സൗകര്യമില്ലെന്നാണ് വ്യക്തമാക്കുന്നത്. ജിടിബി, രാജീവ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ എല്ലാം ഫുള്‍ ആണെന്ന് ആപ്പിലെ കണക്കുകള്‍ പറയുന്നു. എല്‍എന്‍ജെപി ആശുപത്രിയില്‍ വെറും 93 കിടക്കകളാണ് ബാക്കിയുള്ളത്.












Click it and Unblock the Notifications