'രണ്ട് തവണ തോറ്റ രാജീവ് ഗാന്ധി എങ്ങനെ ഇന്ത്യൻ പ്രധാനമന്ത്രിയായി?'; ചോദ്യവുമായി മണിശങ്കർ അയ്യർ, വിവാദം
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർറുടെ പരാമർശത്തിൽ വിവാദം കത്തിപ്പടരുന്നു. ആദ്യം കേംബ്രിഡ്‌ജിലും പിന്നീട് ഇംപീരിയൽ യൂണിവേഴ്‌സിറ്റിയിലും അക്കാദമിക് രംഗത്ത് രണ്ട് തവണ പരാജയം നേരിട്ട വ്യക്തിയാണ് രാജീവ് ഗാന്ധിയെന്നാണ് മണിശങ്കർ അയ്യർ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ബിജെപി ഉൾപ്പെടെ വിഷയം ഏറ്റെടുത്തിരിക്കുകയാണ്.
"അദ്ദേഹം പ്രധാനമന്ത്രിയായപ്പോൾ ഞാൻ വളരെയധികം ആശ്ചര്യപ്പെട്ടു. അദ്ദേഹം ഒരു എയർലൈൻ പൈലറ്റാണെന്ന് ഞാൻ കരുതി. കേംബ്രിഡ്‌ജിൽ പരാജയപ്പെട്ടു. അവിടെ പരാജയപ്പെടുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം അവരുടെ പ്രതിച്ഛായ നിലനിർത്താൻ യൂണിവേഴ്‌സിറ്റി എല്ലാവരും കുറഞ്ഞത് പാസാണെന്ന് എങ്കിലും ഉറപ്പാക്കാറുണ്ട്. എന്നിട്ടും അവിടെ രാജീവ് ഗാന്ധി പരാജയപ്പെട്ടു" മണിശങ്കർ അയ്യർ പറയുന്നു.

അതിനു ശേഷം ലണ്ടനിലെ ഇംപീരിയൽ കോളേജിൽ പോയി അവിടെയും അദ്ദേഹം പരാജയപ്പെട്ടു, അങ്ങനെയൊരാൾ എങ്ങനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും? എന്നായിരുന്നു ഞാൻ ചിന്തിച്ചത്; മണിശങ്കർ അയ്യർ ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ വീഡിയോ ക്ലിപ് ഉൾപ്പെടെ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബിജെപി ഉൾപ്പെടെ വിഷയം ഏറ്റെടുക്കുകയും വ്യാപകമായി വിമർശനം ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ യുപിഎ സർക്കാരിലെ മുൻ മന്ത്രി തന്നെ രാജീവ് ഗാന്ധിയെക്കുറിച്ചുള്ള ഇത്തരം വിവരങ്ങൾ വെളിപ്പെടുത്തിയതിന് പിന്നാലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ കടുത്ത വിമർശനമാണ് ഉയരുന്നത്. ബിജെപിയുടെ സ്ലീപ്പർ സെൽ എന്നാണ് മണിശങ്കർ അയ്യരെ ഒരു കോൺഗ്രസ് നേതാവ് വിശേഷിപ്പിച്ചത്.
വിവാദത്തോട് പ്രതികരിച്ച കോൺഗ്രസ് എംപി താരിഖ് അൻവർ അയ്യരുടെ പരാമർശം തള്ളുകയും രാജീവ് ഗാന്ധിയെ പ്രതിരോധിക്കുകയും ചെയ്‌തു. പരാജയപ്പെടുക എന്നത് അത്ര വലിയ കാര്യമല്ല; മികച്ച ആളുകൾ പോലും ചിലപ്പോൾ പരാജയപ്പെടുന്നു. എന്നാൽ രാഷ്ട്രീയത്തിൽ അദ്ദേഹം പരാജയപ്പെട്ടിട്ടില്ല. പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത്; എന്നായിരുന്നു താരിഖ് അൻവർ പറഞ്ഞത്.
ബിജെപിയുടെ അമിത് മാളവ്യ ഉൾപ്പെടെ മണിശങ്കർ അയ്യരുടെ പ്രസ്‌താവന ഏറ്റെടുത്തതിന് പിന്നാലെ പാർട്ടിക്കുള്ളിൽ നിന്ന് അദ്ദേഹത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. കോൺഗ്രസ് ദേശീയ വക്താവ് ചരൺ സിംഗ് സപ്ര മണിശങ്കർ അയ്യർ കോൺഗ്രസ് പാർട്ടിയുടെ പ്രതിച്ഛായയെ നിരന്തരം വൃണപ്പെടുത്തുകയാണ് എന്നാണ് ആരോപിച്ചത്.
അദ്ദേഹത്തെ കേന്ദ്രത്തിൽ മന്ത്രിയാക്കി, 2009ലും 2010ലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ സോണിയ ഗാന്ധി രാജ്യസഭയിൽ നയിക്കാൻ അദ്ദേഹത്തിന് അവസരം നൽകി. അദ്ദേഹം ഇതെല്ലാം മറന്നോ? എന്നായിരുന്നു സപ്രയുടെ ചോദ്യം. ബിജെപിയുടെ സ്ലീപ്പർ സെല്ലാണോ അദ്ദേഹമെന്ന് സംശയിക്കുന്നതായും ബിജെപി അദ്ദേഹത്തെ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
അതേസമയം, രാജീവ് ഗാന്ധി രാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോൾ മണിശങ്കർ അയ്യർ അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി കോൺഗ്രസിന് നിരന്തരം തലവേദന സൃഷ്‌ടിക്കുന്ന പ്രസ്‌താവനകളുമായി അയ്യർ പാർട്ടിക്ക് കടുത്ത വെല്ലുവിളി ഉയർത്തുകയാണ്. ഇതിലെ അവസാന സംഭവമാണ് രാജീവ് ഗാന്ധിയുമായി ബന്ധപ്പെട്ടത്.












Click it and Unblock the Notifications