പ്രധാനമന്ത്രിയുടെ ശമ്പളം എത്രയെന്ന് അറിയാമോ? അലവൻസുകൾ കൂടി ചേർത്താൽ വൻ തുക കീശയിൽ
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വട്ടവും അധികാരത്തിൽ എത്തിയ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയാണ് രാജ്യം കാത്തിരിക്കുന്നത്. അതിനിടയിൽ ചർച്ചയാവുന്ന കാര്യമാണ് പ്രധാനമന്ത്രി ഉൾപ്പെടെ രാജ്യത്തെ ഉന്നത പദവികളിൽ ഇരിക്കുന്നവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എത്രയാണെന്നത്. ഓരോ പദവികളിലും ഓരോ ശമ്പളമാണെന്ന് പ്രത്യേകം ഓർമിപ്പിക്കേണ്ടതില്ലല്ലോ.
പ്രധാനമന്ത്രി
ഇന്ത്യൻ പ്രധാനമന്ത്രിക്ക് പ്രതിമാസം ലഭിക്കുന്നത് 1.66 ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിക്ക് നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഒരു പേഴ്‌സണൽ സ്‌റ്റാഫ് സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പിജി), അദ്ദേഹത്തിന്റെ സുരക്ഷയുടെ പൂർണ ചുമതല ഇവർക്കാണ്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദർശനങ്ങൾക്കായി ഒരു പ്രത്യേക വിമാനവും അദ്ദേഹത്തിന് ലഭിക്കും എന്നതാണ് പ്രത്യേകത. എയർ ഇന്ത്യ വൺ എന്നാണ് ഈ വിമാനത്തിന്റെ പേര്. റേസ് കോഴ്‌സ് റോഡിലെ 7-ലെ ഔദ്യോഗിക വസതി കൂടി പ്രധാനമന്ത്രിക്ക് ലഭിക്കും.
രാഷ്ട്രപതി
2018ൽ, മൂന്ന് സായുധ സേനകളുടെയും പരമോന്നത കമാൻഡറായ ഇന്ത്യൻ പ്രസിഡന്റിന്റെ ശമ്പളം പ്രതിമാസം 1.50 ലക്ഷം രൂപയിൽ നിന്ന് പ്രതിമാസം 5 ലക്ഷം രൂപയായി പരിഷ്‌കരിച്ചു. മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയായിരുന്നു അന്നത്തെ ബജറ്റ് പ്രസംഗത്തിൽ വർധന പ്രഖ്യാപിച്ചത്. ഇതിന് ശേഷമാണ് ഇത്രയും ഉയർന്ന തുക രാഷ്ട്രപതി സ്ഥാനത്തിന് ലഭിക്കുന്നത്.
പ്രധാനമന്ത്രിയേക്കാൾ ആനുകൂല്യങ്ങൾ ലഭിക്കുന്ന പദവിയാണ് രാഷ്ട്രപതിയുടെത്. ഇവ എന്തൊക്കെയാണെന്ന് പരിശോധിക്കാം. രാഷ്ട്രപതിക്ക് രാജ്യത്ത് എവിടെയും വിമാനം, റെയിൽ അല്ലെങ്കിൽ സ്‌റ്റീമർ വഴി സൗജന്യമായി യാത്ര ചെയ്യാം. കൂടെ ഒരാളെ കൊണ്ടുവരാം, അയാളുടെ ചെലവുകളും വഹിക്കും.
രാഷ്ട്രപതിക്ക് മെഡിക്കൽ സേവനങ്ങൾ ലഭിക്കും. സജ്ജീകരിച്ച വാടക രഹിത വീട്, രണ്ട് സൗജന്യ ലാൻഡ്‌ലൈനുകൾ (ഇൻ്റർനെറ്റ് കണക്റ്റിവിറ്റിക്ക് ഒന്ന്), ഒരു മൊബൈൽ ഫോൺ, അഞ്ച് പേഴ്‌സണൽ സ്‌റ്റാഫ് അംഗങ്ങൾ. ഒപ്പം വീടിന്റെ പരിപാലനത്തിനും പരിരക്ഷ ലഭിക്കും.
രാഷ്ട്രപതി പദവിയിലിരിക്കെ മരണപ്പെട്ടാൽ, വിരമിക്കുന്ന രാഷ്ട്രപതിക്ക് അനുവദനീയമായ പെൻഷന്റെ അമ്പത് ശതമാനം എന്ന നിരക്കിൽ, ജീവിതകാലം മുഴുവൻ പങ്കാളിക്ക് കുടുംബ പെൻഷൻ നൽകും. ഒപ്പം ജീവിതപങ്കാളിക്ക് സൗജന്യ മെഡിക്കൽ സേവനവും ലഭിക്കും.
ഉപരാഷ്ട്രപതി
ഉപരാഷ്ട്രപതിയുടെ ശമ്പളവും നേരത്തെ പറഞ്ഞ അതേ ബജറ്റ് പ്രസംഗത്തിൽ ഉയർത്തിയതായി പ്രഖ്യാപിച്ചിരുന്നു. നാല് ലക്ഷം രൂപയാണ് ഉപരാഷ്ട്രപതിയുടെ ശമ്പളം. ഈ പദവിയിൽ ഇരിക്കുന്ന വ്യക്തിക്ക് സൗജന്യ താമസം, വ്യക്തിഗത സുരക്ഷ, വൈദ്യസഹായം, ട്രെയിൻ, വിമാന യാത്ര, ലാൻഡ്‌ലൈൻ കണക്ഷൻ, മൊബൈൽ ഫോൺ സേവനം, സ്‌റ്റാഫ് എന്നിവ ലഭിക്കും.












Click it and Unblock the Notifications