മനുഷ്യക്കടത്ത്; ഡൽഹി എയർപോർട്ടിൽ നാല് എയർ ഇന്ത്യ ജീവനക്കാരും, യാത്രക്കാരനും പിടിയിൽ
ന്യൂഡൽഹി: മനുഷ്യക്കടത്ത് റാക്കറ്റിൽ പങ്കുണ്ടെന്ന് ആരോപിച്ച് നാല് എയർ ഇന്ത്യ സാറ്റ്സ് (എഐഎസ്എടിഎസ്) ജീവനക്കാരെയും യുകെ വിമാനത്തിൽ യാത്ര ചെയ്യാൻ എത്തിയ യാത്രക്കാരനെയും ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ (ഐജിഐ) അറസ്‌റ്റ് ചെയ്‌തതായി റിപ്പോർട്ട്.
സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇവരുടെ സംശയാസ്‌പദമായ പ്രവർത്തനം കണ്ടെത്തിയത്, തുടർന്ന് ഇത് അറസ്‌റ്റിലേക്ക് നയിക്കുകയായിരുന്നു.
യുകെയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ദിൽജോത് സിംഗ് എന്നയാളുടെ യാത്രാ രേഖകൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരിൽ സംശയത്തിന് ഇടയാക്കുകയായിരുന്നു, ഇതിന് പിന്നാലെ അവർ ബോർഡിംഗ് നിരസിക്കുകയും എയർലൈൻ ഉദ്യോഗസ്ഥരോട് ഇയാളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ നിർദ്ദേശിക്കുകയുമായിരുന്നു.

എന്നാൽ എയർലൈൻ സ്‌റ്റാഫിൽ നിന്ന് സഹായം തേടുന്നതിന് പകരം ഇയാൾ എയർ ഇന്ത്യ ജീവനക്കാരെ സമീപിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. ഇതിന് പിന്നാലെയാണ് സിഐഎസ്എഫ് ഇക്കാര്യത്തിൽ സൂക്ഷ്‌മ പരിശോധന നടത്താൻ തീരുമാനിച്ചത്.
തുടർന്ന് എയർപോർട്ട് അതോറിറ്റിയുടെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ, ക്രൂ ചെക്ക്-ഇൻ കൗണ്ടറിലെ ജീവനക്കാർ അസാധുവായ രേഖകൾ ഉപയോഗിച്ച് സിംഗിന്റെയും മറ്റ് രണ്ട് പേരുടെയും ബോർഡിംഗ് പ്രക്രിയ പൂർത്തിയാക്കുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് സിഐഎസ്എഫ് ഇടപെട്ടത്.
ദിൽജോത് സിംഗിന് പുറമെ രോഹൻ വർമ, മുഹമ്മദ് ജഹാംഗീർ, യാഷ്, അക്ഷയ് നാരംഗ് എന്നീ ഉദ്യോഗസ്ഥരെയും സിഐഎസ്എഫ് ഡൽഹി പോലീസിന് കൈമാറി. സംഭവത്തിൽ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം, ഡൽഹി എയർപോർട്ട് അതോറിറ്റിയുടെയും സിഐഎസ്എഫിന്റെയും സഹകരണത്തോടെ മനുഷ്യക്കടത്ത് ശ്രമം തടയുന്നതിൽ കമ്പനി പ്രധാന പങ്കുവഹിച്ചതായി എഐഎസ്എടിഎസ് സിഇഒ സഞ്ജയ് ഗുപ്‌ത പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.
ഈ ആഴ്‌ച ആദ്യം ഇതുമായി സാമ്യമുള്ള മറ്റൊരു സംഭവം നടന്നിരുന്നു. 276 യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പോയ ചാർട്ടർ വിമാനം, മനുഷ്യക്കടത്ത് ആരോപിച്ച് നാല് ദിവസത്തേക്ക് ഫ്രാൻസിൽ ഇറക്കിയിരുന്നു. വിമാനത്തിലെ യാത്രക്കാർ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരെ ചോദ്യം ചെയ്യുന്നതിനായി കസ്‌റ്റഡിയിലെടുത്തു. ശേഷിക്കുന്നവരിൽ 25 പേർ സർക്കാർ അസൈലത്തിൽ അഭയം തേടിയപ്പോൾ, മറ്റ് യാത്രക്കാരെ മുംബൈയിലേക്ക് തിരിച്ചയച്ചു.












Click it and Unblock the Notifications