അതിര്‍ത്തിയില്‍ യുദ്ധസമാനം; കശ്മീരില്‍ നൂറുകണക്കിന് ജനങ്ങള്‍ വീടുവിട്ട് സുരക്ഷാ ക്യാംപില്‍
ജമ്മു: അയല്‍ക്കാരായ പാകിസ്ഥാന്‍ ഇന്ത്യയുടെ സമാധാനം എങ്ങിനെ കെടുത്താമെന്ന ഗവേഷണത്തിലാണ്. പ്രത്യേകിച്ച് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ശക്തമായ പ്രതിരോധം നടപ്പാക്കിയതോടെ പാക് അതിര്‍ത്തിയില്‍ നിന്നുമുള്ള പ്രകോപനവും ഉയരുകയാണ്. നോര്‍ത്ത് കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയില്‍ അതിര്‍ത്തിയുമായി ചേര്‍ന്ന് താമസിക്കുന്ന നൂറുകണക്കിന് ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് ക്യാംപുകളിലേക്ക് താമസം മാറ്റി.
പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തിയതോടെയാണ് ജനങ്ങളെ ക്യാംപുകളിലേക്ക് മാറ്റിയത്. തിങ്കളാഴ്ച വൈകുന്നേരം പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്ന് സാധാരണക്കാര്‍ക്ക് പരുക്കേറ്റിരുന്നു. അന്ന് മുതല്‍ ദിവസേന ഈ നടപടി പാകിസ്ഥാന്‍ തുടരുകയാണ്. 'അതിര്‍ത്തി കടന്ന് ഉറി പ്രദേശം ലക്ഷ്യമാക്കി വെടിവെയ്പ്പും, ഷെല്ലിംഗും നടക്കുന്നതിനാല്‍ 500 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കി. ജനങ്ങളെ പരിപാലിക്കാന്‍ അധികൃതര്‍ രംഗത്തുണ്ട്', സംസ്ഥാന പോലീസ് മേധാവി എസ്പി വൈദ് വ്യക്തമാക്കി.

സുരക്ഷിതമല്ലാതായ ഗ്രാമങ്ങളില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാറിയാണ് ജനങ്ങളെ പാര്‍പ്പിച്ചിട്ടുള്ളത്. വ്യാഴാഴ്ച രാത്രിയോടെ വെടിനിര്‍ത്തല്‍ ലംഘനത്തിന് ശമനമായെങ്കിലും താമസസ്ഥലത്തേക്ക് മടങ്ങാന്‍ ജനങ്ങള്‍ ഭയപ്പെടുകയാണ്. ക്യാംപുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ബാരാമുള്ള ഡെപ്യൂട്ടി കമ്മീഷണര്‍ നസീര്‍ അഹമ്മദ് നഖാഷും, സീനിയര്‍ എസ്പി ഇമ്തിയാസ് ഹുസൈനും വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ 882 തവണയാണ് പാകിസ്ഥാന്‍ 2003-ലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ഭീകരര്‍ക്ക് സഹായമൊരുക്കാനാണ് ഈ വെടിവെയ്‌പ്പെന്നാണ് ഇന്ത്യയുടെ ആരോപണം. എന്നാല്‍ ഈ അവകാശവാദം പാകിസ്ഥാന്‍ നിഷേധിക്കുകയാണ്.












Click it and Unblock the Notifications