വിദ്വേഷത്തിന്‍റെയും വെറുപ്പിന്‍റെയും രാഷ്ട്രീയം മൂലം എനിക്ക് പിതാവിനെ നഷ്ടമായി: രാഹുല്‍ ഗാന്ധി
ചെന്നൈ: വിദ്വേഷത്തിന്‍റെയും വെറുപ്പിന്‍റെയും രാഷ്ട്രീയം മൂലം എനിക്ക് എന്‍റെ പിതാവിനെ നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീംപെരുംപുത്തൂരിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തിയതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വികാരനിർഭരമായ കുറിപ്പ്. ''വിദ്വേഷത്തിന്‍റെയും വെറുപ്പിന്‍റെയും രാഷ്ട്രീയം മൂലം എനിക്ക് എന്‍റെ പിതാവിനെ നഷ്ടമായി. എന്നാല്‍ എന്‍റെ നാടിനെ നഷ്ടപ്പെടാന്‍ അനുവദിക്കില്ല. സ്നേഹം വെറുപ്പിനെ കീഴടക്കും. പ്രതീക്ഷ ഭയത്തെ പരാജയപ്പെടുത്തും. ഒരുമിച്ച്, നമ്മൾ മറികടക്കും'' -രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
1991 മെയ് 21 ന് തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴായിരുന്നു എല്‍ ടി ടി ഇയുടെ ചാവേർ ആക്രമണത്തില്‍ ശ്രീപെരുമ്പത്തൂരില്‍ വെച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. പിതാവിന്റെ സ്മാരകം സന്ദർശിച്ച ശേഷം മഹാത്മാഗാന്ധി മണ്ഡപത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ദേശീയ പതാക കൈമാറുന്ന പരിപാടിയിൽ പങ്കെടുക്കാൻ രാഹുല്‍ ഗാന്ധി കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. കന്യാകുമാരിയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി തിരുവള്ളൂര്‍, വിവേകാനന്ദ, കാമരാജ് സ്മാരകങ്ങൾ സന്ദര്‍ശിക്കും.

'ഒരുമിക്കുന്ന ചുവടുകൾ; ഒന്നാകുന്ന രാജ്യം'- എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന ഭാരത് ജോഡോ യാത്ര എംകെ സ്റ്റാലിനാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടാൻ കന്യാകുമാരി മുതൽ കശ്മീർ വരെ ആറു മാസം നീളുന്ന യാത്രയാണ് സംഘടിപ്പിക്കുന്നത്. രാജ്യത്ത് ഇതുവരെ സംഘടിപ്പിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ രാഷ്ട്രീയ യാത്രയാണിതെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ യാത്രയ്ക്ക് തുടക്കമാകും, കന്യാകുമാരി മുതൽ കശ്മീര് വരെയുള്ള 3500 കിലോമീറ്റർ കാൽനട ജാഥ നാളെ രാവിലെ ആരംഭിക്കും. 118 ഭാരത് യാത്രികർ രാഹുൽ ഗാന്ധിയെ അനുഗമിക്കും. 12 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന യാത്ര ഈ മാസം 11 നാണ് കേരത്തിലെത്തുക.
2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജന പിന്തുണ സമാഹരിക്കാനുള്ള തീവ്രശ്രമമാണ് കോൺഗ്രസ് മാർച്ചിലൂടെ നടത്തുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം, പണപ്പെരുപ്പം തുടങ്ങിയ വിവിധ വിഷയങ്ങളിൽ രാജ്യത്തെ ഒന്നിപ്പിക്കുകയും സാധാരണക്കാരുമായി ബന്ധപ്പെടുകയും ചെയ്യുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് കോൺഗ്രസ് നേതാക്കളും വ്യക്തമാക്കുന്നു. മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞു പോക്കിന്റെ സമയത്താണ് യാത്ര എന്നതും ശ്രദ്ധേയമാണ്.
അരയന്നപ്പിടപോല്‍ അഴകീ..: തൂവെള്ളയില്‍ നിറഞ്ഞാടി അപർണ്ണ ബാലമുരളി, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications