'വോട്ടിന് വേണ്ടി ഡാൻസ് ചെയ്യാൻ പറഞ്ഞാൽ മോദി ചെയ്യും', പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് ബിജെപി
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വോട്ടിന് വേണ്ടി മോദി എന്തും ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വോട്ട് ചെയ്യണമെങ്കില്‍ ഡാന്‍സ് ചെയ്യണം എന്ന് ആവശ്യപ്പെട്ടാല്‍ നരേന്ദ്ര മോദി സ്‌റ്റേജില്‍ ഡാന്‍സും കളിക്കുമെന്ന് രാഹുല്‍ പരിഹസിച്ചു.
മുസാഫര്‍പൂരിലെ മഹാസഖ്യത്തിന്റെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ തേജസ്വി യാദവും റാലിയില്‍ പങ്കെടുത്തിരുന്നു. ബിഹാര്‍ പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഇനി ഒരാഴ്ച മാത്രമാണ് ഉളളത്.

ബിഹാറിലെ ഏറ്റവും വലിയ ഉത്സവമായ ഛത് പൂജയ്ക്ക് ജനങ്ങള്‍ക്ക് മലിനമായ യമുനാ നദിയില്‍ സ്‌നാനം നടത്തേണ്ടി വരുന്നതിനേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. നരേന്ദ്ര മോദി സ്വിമ്മിംഗ് പൂളില്‍ പോയി കുളിക്കുന്നു. അദ്ദേഹത്തിന് യമുനയെ കുറിച്ചും അറിയേണ്ട, ഛത്ത് പൂജയെ കുറിച്ചും അറിയേണ്ട. അദ്ദേഹത്തിന് ആകെ വേണ്ടത് നിങ്ങളുടെ വോട്ടാണ്, രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെ തിരിച്ചടിച്ച് ബിജെപിയും രംഗത്ത് എത്തി. രാഹുല്‍ ഗാന്ധി സംസാരിച്ചത് ഒരു ലോക്കല്‍ ഗുണ്ടയെ പോലെ ആണെന്ന് ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്ത ബീഹാറിലേയും രാജ്യത്തേയും പാവപ്പെട്ട ജനങ്ങളെയാണ് രാഹുല്‍ ഗാന്ധി അപമാനിച്ചത്. വോട്ടര്‍മാരെയും ഇന്ത്യന്‍ ജനാധിപത്യത്തേയുമാണ് രാഹുല്‍ ഗാന്ധി പരിഹസിച്ചത്, പ്രദീപ് ഭണ്ഡാരി എക്‌സില്‍ കുറിച്ചു.
ബിജെപി നേതാവ് അമിത് മാളവ്യയും രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് രംഗത്ത് വന്നു. മഹാ ഉത്സവം ആയ ഛത് പൂജയെ അപമാനിച്ച് കൊണ്ടാണ് രാഹുല്‍ ഗാന്ധി ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത് എന്ന് അമിത് മാളവ്യ കുറ്റപ്പെടുത്തി. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഭക്തര്‍ക്ക് മലിനമായ യമുനയില്‍ വേണമായിരുന്നു പൂജ നടത്താന്‍. എന്നാല്‍ മോദി സര്‍ക്കാര്‍ ഘാട്ടുകളില്‍ പൂജയ്ക്ക് വേണ്ടി കൃത്യമായ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു, അമിത് മാളവ്യ പറഞ്ഞു.
രാഹുല്‍ ഗാന്ധി സംസ്ഥാനത്തിന്റെ ആഘോഷത്തേയും ഗോത്ര സംസ്‌ക്കാരത്തേയുമാണ് അപമാനിച്ചത്. സനാതന ധര്‍മ്മത്തെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി പരസ്യമായി മാപ്പ് പറയണമെന്നും എന്നിട്ട് മാത്രമേ ബീഹാര്‍ വിട്ട് പോകാന്‍ പാടുളളൂ എന്നും രാഹുലിന്റെ പ്രസ്താവനയെ മഹാഘട്ബന്ധന്‍ നേതൃത്വവും തേജസ്വി യാദവും അപലപിക്കണമെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയില്‍ നിന്നും വന്ന വെറുപ്പുളവാക്കുന്ന വാക്കുകള്‍ ആദരണീയനായ പ്രധാനമന്ത്രിക്ക് എതിരെയുളളത് മാത്രമല്ല, മറിച്ച് ബീഹാറിനും ഇവിടുത്തെ വിശ്വാസങ്ങള്‍ക്കും എതിരെയാണെന്നും അമിത് മാളവ്യ ആരോപിച്ചു.












Click it and Unblock the Notifications