'തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയാൽ നേപ്പാളിലേത് പോലെ പ്രതിഷേധം ബിഹാറിലും നടക്കും'; ആർജെഡി നേതാവ്
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുമുന്നോടിയായി വിവാദ പരാമർശവുമായി ആർജെഡി നേതാവ്. രാഷ്ട്രീയ ജനതാദൾ നേതാവ് സുനിൽ സിംഗാണ് ആർജെഡി സ്ഥാനാർത്ഥികളെ മനപൂർവം തോൽപ്പിച്ചാൽ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ കണ്ടതിന് സമാനമായ സാഹചര്യങ്ങളായിരിക്കും ബിഹാറിലുണ്ടാകുക എന്ന പരാമർശം നടത്തിയത്. ഇതിന് പിന്നാലെ സംഭവത്തിൽ സുനിൽ സിംഗിനെതിരെ പോലീസ് കേസെടുത്തു.
'ഞങ്ങളുടെ പല സ്ഥാനാർത്ഥികളെയും 2020ൽ കരുതിക്കൂട്ടി തോൽപ്പിച്ചതാണ്' സുനിൽ സിംഗ് പറഞ്ഞു. വോട്ടെണ്ണൽ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥരോടും ഞാൻ അഭ്യർത്ഥിക്കുകയാണ്, ജനങ്ങൾ വിജയിപ്പിക്കാൻ ആഗ്രഹിക്കുന്നവരെ നിങ്ങൾ തോൽപ്പിച്ചാൽ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ റോഡുകളിൽ കണ്ടതുപോലുള്ള കാഴ്‌ചകൾ ബിഹാറിലെ റോഡുകളിലും കാണാൻ സാധിക്കും; സുനിൽ സിംഗ് മുന്നറിയിപ്പ് നൽകി.

ജനങ്ങളുടെ വികാരങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ സാധാരണക്കാർ തെരുവിലിറങ്ങുമെന്നും ആർജെഡി നേതാവ് ഭീഷണി മുഴക്കി. 'സാധാരണക്കാർ തെരുവിലിറങ്ങുന്നത് നിങ്ങൾ കാണും. ഞങ്ങൾ ഇക്കാര്യത്തിൽ അതീവ ജാഗ്രതയിലാണ്. ജനങ്ങൾ അംഗീകരിക്കാത്ത, അവരുടെ വികാരങ്ങൾക്ക് വിരുദ്ധമായ ഒന്നും ചെയ്യരുത് എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങൾക്ക് 140-160 സീറ്റുകൾ ലഭിക്കും, തേജസ്വി യാദവിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിക്കും'; സുനിൽ സിംഗ് പറയുന്നു.
സുനിൽ സിംഗിന്റെ ഈ പ്രസ്‌താവനയ്ക്ക് തൊട്ടുപിന്നാലെ, പ്രകോപനപരമമായ ഈ പരാമർശത്തിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്യാൻ ബിഹാർ ഡിജിപി ഉത്തരവിട്ടു. കൂടാതെ ഭരണകക്ഷി നേതാക്കൾ ഇതിനെതിരെ ശക്തമായ വിയോജിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. തോൽവി മുന്നിൽ കണ്ടുകൊണ്ടാണ് ആർജെഡി നേതാവിന്റെ കലാപാഹ്വാനം ഉണ്ടായിരിക്കുന്നതെന്നാണ് ജെഡിയു അടക്കമുള്ള കക്ഷികൾ ആരോപിക്കുന്നത്.
'എന്തായിരിക്കും ഫലം എന്ന് അവർക്കറിയാം. അവർ തോൽവി സമ്മതിച്ച് സ്വന്തം ആളുകളെ പ്രകോപിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. അദ്ദേഹം (ആർജെഡി നേതാവ് സുനിൽ സിംഗ്) എന്ത് തരം ഭാഷയാണ് ഉപയോഗിക്കുന്നത്... ഞങ്ങളുടെ വിലയിരുത്തൽ പ്രകാരം, ഞങ്ങൾ മികച്ച വിജയം നേടും' എന്നായിരുന്നു ജെഡിയു എംപി സഞ്ജയ് ജാ പറഞ്ഞത്.
ബിഹാറിലെ രാഷ്ട്രീയ അന്തരീക്ഷം സംഘർഷഭരിതമായി തുടരുന്നതിനിടെയാണ് സുനിൽ സിംഗിന്റെ മുന്നറിയിപ്പ് എന്നതാണ് ശ്രദ്ധേയമായ കാര്യം. മിക്ക എക്‌സിറ്റ് പോളുകളും ഭരണകക്ഷിയായ എൻഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം നൽകുമെന്ന് സൂചന നൽകുന്നുണ്ടെങ്കിലും, ചില എക്‌സിറ്റ് പോളുകൾ ശക്തമായ മത്സരം പ്രവചിക്കുന്നു. എൻഡിഎ ഭൂരിപക്ഷം നേടാൻ സാധ്യതയില്ലെന്നാണ് അവർ പ്രവചിക്കുന്നത്.
ഇത്തവണത്തെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയും മഹാസഖ്യവും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. അന്ന് എൻഡിഎ 125 സീറ്റുകളും മഹാസഖ്യം 110 സീറ്റുകളും നേടിയിരുന്നു. പ്രധാന പാർട്ടികളിൽ ജെഡി(യു) 43 സീറ്റുകളും ബിജെപി 74 സീറ്റുകളും നേടിയപ്പോൾ, ആർജെഡിക്ക് 75 സീറ്റുകളും കോൺഗ്രസിന് 19 സീറ്റുകളും ലഭിച്ചു.












Click it and Unblock the Notifications