മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ പിന്നെങ്ങനെയാണ് അവരുടെ ജനസംഖ്യ കൂടുന്നത്? നിര്‍മല സീതാരാമന്‍
ന്യൂദല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്ക് എതിരായി അതിക്രമം നടക്കുന്നുവെന്ന വിദേശ രാജ്യങ്ങളിലെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തള്ളി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയുന്നവര്‍ വന്ന് ഭൂമിയിലെ യാഥാര്‍ത്ഥ്യം കാണണം എന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ പിന്നെ എങ്ങനെയാണ് അവരുടെ ജനസംഖ്യ വര്‍ധിക്കുന്നത് എന്നും നിര്‍മലാ സീതാരാമന്‍ ചോദിച്ചു.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ഗണ്യമായി വളരുക മാത്രമല്ല, അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും രാജ്യത്ത് അവരുടെ ബിസിനസ് നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ന്യൂനപക്ഷങ്ങളെ തുല്യമായി പരിഗണിക്കുമെന്ന് വാഗ്ദാനം ചെയ്ത പാകിസ്ഥാനില്‍ എന്താണ് നടന്ന് കൊണ്ടിരിക്കുന്നത് എന്നും അവര്‍ ചോദിച്ചു. അവിടെ ന്യൂനപക്ഷങ്ങളും ഭൂരിപക്ഷ സമുദായത്തോട് യോജിക്കാത്ത നിരവധി മുസ്ലീം വിഭാഗങ്ങളും നശിപ്പിക്കപ്പെടുകയും എണ്ണത്തില്‍ കുറവ് വരികയും ചെയ്തു എന്നും നിര്‍മല പറഞ്ഞു.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ 1947 മുതല്‍ എണ്ണത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. അവരുടെ ബിസിനസ് സുഖകരമായി ചെയ്യുന്നു. അവര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലിം ജനസംഖ്യയാണ് ഇന്ത്യക്കുള്ളത് എന്നും നിര്‍മലാ സീതാരാമന്‍ ചൂണ്ടിക്കാട്ടി. നിരവധി മുസ്ലീം നിക്ഷേപകര്‍ ഇന്ത്യയിലേക്ക് വരുന്നുണ്ട്. അടിത്തട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് പോലും കാണാത്തവര്‍ പറയുന്നത് കേള്‍ക്കാതിരിക്കൂ.
പകരം ദയവായി വന്ന് യാഥാര്‍ത്ഥ്യം സ്വയം ബോധ്യപ്പെടൂ എന്നുമാണ് തനിക്ക് പറയാനുള്ളത് എന്നും നിര്‍മലാ സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനിലെ മുസ്ലിങ്ങളേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ആണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍ ജീവിക്കുന്നത് എന്നും മനപൂര്‍വ്വം രാജ്യത്തെ താറടിച്ച് കാണിക്കാനാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും നിര്‍മലാ സീതാരാമന്‍ ആരോപിച്ചു.
2014 മുതല്‍ ഇന്ന് വരെ മുസ്ലിം ജനസംഖ്യയില്‍ ഏതെങ്കിലും തരത്തിലുള്ള കുറവുണ്ടായിട്ടുണ്ടോ എന്നും നിര്‍മലാ സീതാരാമന്‍ ചോദിച്ചു. ഇന്ത്യയില്‍ ഓരോ സംസ്ഥാനത്തെയും ക്രമസമാധാന നില സംരക്ഷിക്കുന്നത് അതത് സംസ്ഥാനങ്ങളാണ്. അതിനാല്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ മാത്രം ബാധ്യതയല്ല എന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
Tips for High Heels Walking: ഹീല്‍സിട്ട് നടക്കാനാകുന്നില്ലേ...? ഇതാ ചില പൊടിക്കൈകള്‍
പാകിസ്ഥാനില്‍ സുന്നികള്‍ അല്ലാത്ത മറ്റ് വിഭാഗങ്ങള്‍ എല്ലാം തന്നെ ആക്രമിക്കപ്പെടുന്നുണ്ട് എന്നും എന്നാല്‍ നേരെ മറിച്ച് ഇന്ത്യയിലാണെങ്കില്‍ അവരുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നു എന്നും ധനമന്ത്രി പറഞ്ഞു. പിന്നെയെങ്ങനെയാണ് മുസ്ലിങ്ങള്‍ അക്രമിക്കപ്പെടുന്നുണ്ടെന്ന് നിങ്ങള്‍ക്ക് പറയാനാവുക എന്നും നിര്‍മല സീതാരാമന്‍ ചോദിച്ചു.












Click it and Unblock the Notifications