ഇളയരാജയുടെ മകളും ഗായികയുമായ ഭാവതരിണി അന്തരിച്ചു
ചെന്നൈ: പ്രമുഖ സംഗീത സംവിധായകന്‍ ഇളയരാജയുടെ മകള്‍ ഭാവതരിണി അന്തരിച്ചു. അവര്‍ക്ക് 47 വയസ്സായിരുന്നു. തമിഴിലെ പ്രമുഖ പിന്നണി ഗായിക കൂടിയായിരുന്നു അവര്‍. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ശ്രീലങ്കയില്‍ ചികിത്സയിലായിരുന്നു അവര്‍. വൈകീട്ട് അഞ്ച് മണിയോടെ ശ്രീലങ്കയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ആയുര്‍വേദ ചികിത്സയ്ക്കായിട്ടായിരുന്നു അവര്‍ ശ്രീലങ്കയില്‍ പോയത്. അതേസമയം ഭൗതിക ശരീരം നാളെ ചെന്നൈയില്‍ എത്തിക്കും. മലയാളത്തില്‍ അടക്കം പാടിയിട്ടുണ്ട് ഭാവതരിണി. മമ്മൂട്ടി ചിത്രമായ കളിയൂഞ്ഞാലില്‍ കല്യാണപല്ലക്കില്‍ വേളിപ്പയ്യന്‍ എന്ന ഗാനമാലപിച്ചത് ഭാവതാരിണിയാണ്. ഇളയരാജയായിരുന്നു ചിത്രത്തിന് സംഗീതം നല്‍കിയത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം 2000ല്‍ നേടിയിരുന്നു അവര്‍.

അഞ്ച് മാസത്തോളമായി ശ്രീലങ്കയില്‍ ആയുര്‍വേദ ചികിത്സയിലായിരുന്നു ഭാവതരിണി. എന്നാല്‍ അവരുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. മുപ്പതോളം ചിത്രങ്ങളില്‍ പാടിയിട്ടുണ്ട് ഭാവതാരിണി. ഇളയരാജയ്‌ക്കൊപ്പം പാടിയ പാട്ടിനായിരുന്നു ദേശീയ പുരസ്‌കരം ഭാവതരിണിയെ തേടിയെത്തിയത്.
സഹോദരനായ യുവാന്‍ ശങ്കര്‍ രാജയ്ക്ക് വേണ്ടി അവര്‍ പാടിയിട്ടുണ്ട്. രാസയ്യ എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടിയാണ് ഭാവതാരിണി പിന്നണി ഗാനരംഗത്ത് ചുവടുവെച്ചത്. ഫിര്‍ മിലേംഗെ, മിത്ര് മൈ ഫ്രണ്ട് അടക്കം ചിത്രങ്ങള്‍ അവര്‍ സംഗീതം നല്‍കിയിരുന്നു. മലയാള ചിത്രമായ മായാനദി ആയിരുന്നു അവസാന ചിത്രം. കാര്‍ത്തിക് രാജ, യുവാന്‍ ശങ്കര്‍ രാജ എന്നിവര്‍ സഹോദരങ്ങളാണ്. ശബരിരാജാണ് ഭര്‍ത്താവ്.












Click it and Unblock the Notifications