'കഴിഞ്ഞ 3-4 വർഷത്തിനിടെ രാജ്യത്ത് 8 കോടി തൊഴിലുകൾ സൃഷ്‌ടിച്ചു'; പ്രതിപക്ഷത്തിന് മറുപടിയുമായി മോദി
ന്യൂഡൽഹി: തൊഴിലില്ലായ്‌മയിൽ നിരന്തരം സർക്കാരിനെ വിമർശിക്കുന്ന പ്രതിപക്ഷത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർ വികസനത്തിനും നിക്ഷേപത്തിനും തൊഴിലിനും എതിരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ വർഷങ്ങളിൽ സൃഷ്‌ടിച്ച ജോലി അവസരങ്ങളുടെ കണക്കുകൾ ഉൾപ്പെടെ ഉദ്ധരിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
'കഴിഞ്ഞ 3-4 വർഷത്തിനിടെ രാജ്യത്ത് 8 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെട്ടു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ ഈ കണക്കുകൾ നിശബ്‌ദരാക്കിയിരിക്കുന്നു. ഇവർ നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങൾ, രാജ്യത്തിന്റെ വികസനം എന്നിവയെ എതിർക്കുന്നവരാണ്. നമ്മുടെ രാജ്യത്തെ ജനങ്ങൾ ഇപ്പോൾ അവരുടെ നുണകൾ എല്ലാം മനസിലാക്കുന്നുണ്ട്' ആർബിഐ റിപ്പോർട്ട് ചൂണ്ടിക്കാട്ടി മോദി പറഞ്ഞു.

റോഡ്, റെയിൽവേ, തുറമുഖ മേഖലകളിൽ 29,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് കൊണ്ട് മുംബൈയിലെ ഗോരേഗാവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. വ്യാപകമായ തൊഴിലില്ലായ്‌മയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളുന്നതാണ് ആർബിഐയുടെ തൊഴിൽ റിപ്പോർട്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
എൻഡിഎ സർക്കാരിന്റെ മൂന്നാം ടേമിനെ ചെറുതും വലുതുമായ നിക്ഷേപകർ ആവേശത്തോടെ സ്വാഗതം ചെയ്‌തതായി നിക്ഷേപകരിൽ നിന്നുള്ള നല്ല പ്രതികരണം എടുത്തുപറഞ്ഞുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി. ദേശീയ ജനാധിപത്യ സഖ്യ സർക്കാരിന് മാത്രമേ സ്ഥിരത നൽകാൻ കഴിയൂ എന്ന് ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
അടൽ സേതു പാലത്തിൽ വിള്ളലുണ്ടായെന്ന കോൺഗ്രസിന്റെ ആരോപണങ്ങളെ പരാമർശിച്ച് പ്രതിപക്ഷത്തിനെതിരെ മോദി വിമർശനം ഉന്നയിക്കുകയും ചെയ്‌തു. 'മുംബൈയിലെ ജീവിതനിലവാരം മികച്ചതാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മുംബൈയിൽ തീരദേശ പാതയും അടൽ സേതുവും പൂർത്തിയായി, അടൽ സേതുവിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാകും. ഇത് തടയാൻ എല്ലാ ശ്രമങ്ങളും നിങ്ങൾ നടത്തി, പക്ഷേ ഇപ്പോൾ എല്ലാവർക്കും അതിന്റെപ്രയോജനം ലഭിക്കുന്നു" മോദി ചൂണ്ടിക്കാട്ടി.
അതേസമയം, ഐഐടിയിലെ എഞ്ചിനീയർമാരുടെ ശമ്പളത്തിലെ ഇടിവും നിയമനത്തിലെ കുറവും ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി മോദിയേയും കേന്ദ്ര സർക്കാരിനെയും വിമർശിച്ചിരുന്നു. തൊഴില്ലായ്‌മ മൂലം രാജ്യത്തെ യുവാക്കൾ നിരാശയിലാണെന്നും അവരുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് മോദിയുടെ മറുപടി വന്നിരിക്കുന്നത്.












Click it and Unblock the Notifications