രാജ്യത്തെ ജനന സമയത്തെ ആയുർദൈർഘ്യത്തിൽ വർധനവ്; പത്ത് വർഷം കൊണ്ട് രേഖപ്പെടുത്തിയത് രണ്ട് വർഷത്തെ വർധനവ്
ഡൽഹി: രാജ്യത്തെ ജനന സമയത്തെ ആയുർദൈർഘ്യം വർധിച്ചതായി റിപ്പോർട്ട്. 2015-19 കാലയളവിൽ ആയുർദൈർഘ്യം 69.7 ആയി ഉയർന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കാലയളവിൽ ആഗോള ശരാശരി ആയുർദൈർഘ്യം 72.6 ആയി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം പത്ത് വർഷത്തോളം എടുത്താണ് ഇന്ത്യയിലെ ജനന സമയത്തെ ആയുർദൈർഘ്യത്തിൽ രണ്ട് വർഷത്തെ വർധനവ് ഉണ്ടായത്.
ഒരു വയസിന്റെയും അഞ്ച് വയസയിന്റെയും ഇടയിലുള്ള ശിശുമരണ നിരക്ക് അടിസ്ഥാനമാക്കിയാണ് ജനന സമയത്തെ ആയുർദൈർഘ്യം കണക്കിലാക്കുന്നത്. രാജ്യത്ത് മധ്യപ്രദേശ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ആയിരുന്നു ഉയർന്ന ശിശു മരണ നിരക്ക് കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നത്. മധ്യപ്രദേശിലെ ശിശുമരണ നിക്ക് 43ഉം ഉത്തർ പ്രദേശിലേത് 38ഉം ആയിരുന്നു. 2015-19 ലെ കണക്ക് പരിശോധിക്കുമ്പോൾ ഉത്തർ പ്രദേശിൽ ആദ്യ വർഷം അതിജീവിക്കുന്നവരുടെ ആയുർദൈർഘ്യം 3.4 ആയി വർധിച്ചിട്ടുണ്ട്. മധ്യ പ്രദേശിൽ ആകട്ടെ ജനനത്തിനു ശേഷമുള്ള ആദ്യ വർഷം അതിജീവിക്കുന്നവരുടെ ആയുർദൈർഘ്യം 2.7 ആയും വർധിച്ചിട്ടുണ്ട്.

1970-75 ലെ കാലയളവിൽ 49.7 ആയിരുന്നു രാജ്യത്തെ ആയുർദൈർഘ്യം 2015-19 ആയപ്പോഴേക്കും 69.7 ആയി. 24 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വർധന രേഖപ്പെടുത്തിയത് ഒഡീഷയിൽ ആണ്. ആയുർദൈർഘ്യം 45.7 ൽ നിന്ന് 69.8 വർഷമായി ഉയർത്താൻ ഒഡീഷക്ക് സാധിച്ചു. തമിഴ്നാട്ടിൽ ഇത് 49.6 ൽ നിന്ന് 72.6 ആണ്. ഉത്തർ പ്രദേശിലാകട്ടെ ഇത് 43 ൽ നിന്ന് 65.6 ആയി വർധിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ നഗര-ഗ്രാമ പ്രദേശങ്ങൾക്കിടയിലും ഈ കണക്കിൽ ചില വ്യത്യാസങ്ങൾ കാണാൻ സാധിക്കും. ആസാമിൽ, ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള ആയുർദൈർഘ്യത്തിന്റെ അന്തരം ഏകദേശം എട്ട് വർഷമാണ്. ഹിമാചൽ പ്രദേശിൽ ഇത് അഞ്ച് വർഷമാണ്. ഗ്രാമീണ ആയുർദൈർഘ്യം പുരുഷൻമാരുടെയും സ്ത്രീകളുടെയും നഗര ആയുർദൈർഘ്യത്തേക്കാൾ കൂടുതലുള്ള ഏക സംസ്ഥാനം കേരളമാണ്.
അതേ സമയം ഉത്തരാഖണ്ഡിൽ ജനനസമയത്തുള്ള ആയുർദൈർഘ്യം സമീപകാലത്ത് കുറഞ്ഞു. 2010-14ൽ 71.7ൽ എത്തിയ ശേഷം 2015-19ൽ 70.6 ആയി ആണ് കുറഞ്ഞത്. ബീഹാറും ജാർഖണ്ഡും മാത്രമാണ് നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ത്രീകളേക്കാൾ പുരുഷ ആയുർദൈർഘ്യം കൂടുതലുള്ള സംസ്ഥാനങ്ങൾ. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ ആയുർദൈർഘ്യം യഥാക്രമം 72.1 ഉം 70.5 ഉം എന്നിങ്ങനെയാണ്. 2019ലെ യുഎന്നിന്റെ ഹ്യൂമൻ ഡെവലപ്‌മെന്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജപ്പാനിലാണ് ഏറ്റവും ഉയർന്ന ആയുർദൈർഘ്യം ഉള്ളത് 85. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ ആണ് ഏറ്റവും കുറഞ്ഞ ആയുർദൈർഘ്യം 54. ലെസോത്തോയിലും ചാഡിലും ആയുർദൈർഘ്യം 55 ആണെന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
മാളവിക മീൻസ് സ്റ്റൈലിഷ്... കിടിലൻ ലുക്കിൽ നടി, വൈറലായി ഫോട്ടോകൾ












Click it and Unblock the Notifications