ഇന്ത്യ സഖ്യം പിളരും, പാര്‍ട്ടികള്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കും; മുന്നറിയിപ്പുമായി ഫാറൂഖ് അബ്ദുള്ള
ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തില്‍ വിള്ളല്‍ ഉണ്ടാവാന്‍ സാധ്യത ഏറെയാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. ഇന്ത്യ സഖ്യത്തില്‍ നിന്ന് ചില പാര്‍ട്ടികള്‍ പുറത്തുപോകാനും, പ്രത്യേക ബ്ലോക്കായി മാറി പ്രവര്‍ത്തിക്കുമെന്നും ഫാറൂഖ് അബ്ദുള്ള പറയുന്നു. സീറ്റ് വിഭജനം കൃത്യമായ സമയത്തിനുള്ളില്‍ നടന്നില്ലെങ്കില്‍ ഇതെല്ലാം സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും എവിടെയുമെത്താതെ വഴിമുട്ടി നില്‍ക്കുന്നതിനിടെയാണ് ഫാറൂഖ് അബ്ദുള്ള പരാമര്‍ശവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസുമായി സഖ്യം വേണോ എന്ന കാര്യത്തില്‍ രണ്ട് തട്ടിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി നേതൃത്വങ്ങള്‍.

സീറ്റ് വിഭജന ചര്‍ച്ചകള്‍ കൃത്യമായ സമയത്ത് തീര്‍ക്കണം. ഇക്കാര്യത്തില്‍ പരസ്പരം ഒന്നിച്ച് നില്‍ക്കാന്‍ സാധിക്കണം. അങ്ങനെ സാധിച്ചില്ലെങ്കില്‍ തീര്‍ച്ചയായും ഇന്ത്യ സഖ്യത്തിന് ഭീഷണി നേരിടേണ്ടിവരും. നേതാക്കള്‍ പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറക്കാന്‍ നേതാക്കള്‍ തയ്യാറാവണം. രാജ്യത്തെ കുറിച്ചാവണം അവര്‍ ചിന്തിക്കേണ്ടതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
യുട്യൂബ് ചാനല്‍ വഴി കപില്‍ സിബലുമായുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ഇത്തരമൊരു പരാമര്‍ശം ഫാറൂഖ് അബ്ദുള്ള നടത്തിയത്. ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജന കാര്യത്തിലുള്ള വ്യക്തതക്കുറവിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. നമുക്ക് രാജ്യത്തെ രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ഒന്നാവുകയാണ് വേണ്ടത്. എന്നിട്ട് രാജ്യത്തെ കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സമയബന്ധിതമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ ഇന്ത്യ സഖ്യത്തെ കാത്തിരിക്കുന്നത് വലിയ ഭീഷണിയാണ്. ചിലര്‍ ചേര്‍ന്ന് മറ്റൊരു സഖ്യം ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതാണ് ഏറ്റവും വലിയ അപകടം. സമയം ഇപ്പോഴും മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓരോ പാര്‍ട്ടിയും അവര്‍ക്ക് ആധിപത്യമുള്ള ഇടങ്ങളില്‍ മാത്രമേ സീറ്റ് ചോദിക്കാവൂ. വിജയിക്കാവുന്ന സീറ്റുകള്‍ ചോദിക്കാം. എന്നാല്‍ ഒരിക്കലും വിജയിക്കാത്തതോ ആധിപത്യമില്ലാത്തതോ ആയ സീറ്റുകള്‍ ചോദിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം അവരുടെ പ്രശ്‌നങ്ങളെ മാറ്റിവെച്ച് കൈകോര്‍ത്തില്ലെങ്കില്‍, അതായിരിക്കും ഏറ്റവും വലിയ അബദ്ധമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
അതേസമയം ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വെച്ച് ഇന്ത്യ സഖ്യം നേരത്തെ കൂടിക്കാഴ്ച്ച നടത്തിയെന്നും, സീറ്റ് വിഭജനത്തിന് അധികം സമയമില്ലെന്നും യോഗത്തില്‍ എല്ലാവരും അഭിപ്രായപ്പെട്ടുവെന്നും ഫാറൂഖ് അബ്ദുള്ള പറയുന്നു. എല്ലാവരെയും അഭിപ്രായ വ്യത്യാസം മറന്ന് ഒന്നിപ്പിക്കുന്ന ഒരാളെ ആവശ്യമുണ്ടെന്ന കാര്യം ഞങ്ങള്‍ എല്ലാം ആലോചിച്ചിട്ടുണ്ട്.
മമത ബാനര്‍ജി കഴിഞ്ഞ തവണ ഇടതുപക്ഷത്തിന് സീറ്റ് നല്‍കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇത്തവണ വിജയിക്കുന്ന സീറ്റില്‍ ഇടതിന് മത്സരിക്കാമെന്ന് മമത പറഞ്ഞിട്ടുണ്ട്. മമതയ്‌ക്കെതിരെ പ്രസ്താവനകള്‍ നടത്തുന്നവര്‍ പ്രശ്‌നങ്ങള്‍ വലുതാക്കുകയാണ്. വിജയിക്കാത്ത സീറ്റുകളില്‍ എന്തിനാണ് അവകാശവാദം ഉന്നയിക്കുന്നതെന്നും കോണ്‍ഗ്രസിനെ ഉന്നമിട്ട് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.












Click it and Unblock the Notifications