ഇന്ത്യ ശ്രീലങ്കയിലേക്ക് പൈപ്പ് ലൈന്‍ പണിയുന്നു; കൂടെ ചേർന്ന് യുഎഇയിലും: എണ്ണയും വാതകവും ഒഴുകും
അയല്‍ രാഷ്ട്രങ്ങള്‍ക്കിടയിലെ സഹകരണം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ഇന്ത്യയും ശ്രീലങ്കയും. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നിർണ്ണായകമായ ചില പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ തീരുമാനമായെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ഊർജം വിതരണത്തിനായി ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മൾട്ടി-പ്രൊഡക്റ്റ് പൈപ്പ്‌ലൈൻ പദ്ധതി നടപ്പിലാക്കാൻ ഇന്ത്യയും ശ്രീലങ്കയും തീരുമാനിച്ചുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. യു എ ഇക്കും ഈ പദ്ധതിയില്‍ നിർണ്ണായക പങ്കുണ്ട്. സാമ്പൂരിൽ സൗരോർജ്ജ പദ്ധതി നടപ്പാക്കുന്നതിനും ശ്രീലങ്കയുടെ ആവശ്യങ്ങൾക്കനുസരിച്ച് അതിൻ്റെ ശേഷി കൂടുതൽ വർധിപ്പിക്കുന്നതിന് പ്രധാനമന്ത്രി മോദിയും അനുര കുമാര ദിസനായകെയും തമ്മില്‍ ധാരണയായതായും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

"ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള എൽഎൻജി വിതരണം, ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ ഉയർന്ന ശേഷിയുള്ള പവർ ഗ്രിഡ് ഇൻ്റർകണക്‌ഷൻ സ്ഥാപിക്കൽ എന്നിവ ഉൾപ്പെടെ വിവിധ നിർദേശങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉയർന്ന് വന്നു. ജന്തുക്കളും സസ്യജാലങ്ങളും ഉൾപ്പെടെയുള്ള പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകിക്കൊണ്ട് തന്നെ പാക്ക് കടലിടുക്കിലെ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മൾട്ടി-പ്രൊഡക്റ്റ് പൈപ്പ് ലൈൻ നടപ്പിലാക്കാൻ ശ്രീലങ്കയും യു എ ഇയും ഇന്ത്യയും തീരുമാനിച്ചു" പ്രസ്താവന പറയുന്നു.
മൾട്ടി-പ്രൊഡക്‌ട് ഓയിൽ പൈപ്പ്‌ലൈനുമായി ബന്ധപ്പെട്ട് നേരത്തേയും ശ്രീലങ്ക ഇന്ത്യയുമായി ചർച്ച നടത്തിയിരുന്നു. നാഗപട്ടണത്തെ ട്രിങ്കോമാലി ടാങ്ക് ഫാമിനേയും ശ്രീലങ്കയിലെ കൊളംബോയേയും ബന്ധിപ്പിക്കുന്ന തരത്തിലുള്ളതാണ് നിർദ്ദിഷ്ട് പൈപ്പ് ലൈന്‍. യു എ ഇ ആയിരിക്കും ശ്രീലങ്കയുടെ ഭാഗത്ത് നിന്നും പദ്ധതിയുടെ ചിലവ് വഹിക്കുക. 2030 ഓടെ കാറ്റാടി യന്ത്രങ്ങള്‍, സൗരോർജ്ജം എന്നിവയുൾപ്പെടെയുള്ള സ്രോതസ്സുകളിൽ നിന്ന് 70 ശതമാനം വൈദ്യുതി ഉൽപ്പാദിപ്പിക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ ശ്രീലങ്കയെ സഹായിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അയൽ രാജ്യങ്ങളിലേക്ക് ഇന്ധന പൈപ്പ് ലൈനുകള്‍ നിർമ്മാണത്തിന് ഇന്ത്യവളരെ അധികം മുന്‍ഗണന നല്‍കുന്നത്. 2019-ൽ ബീഹാറിലെ ബറൗനിയിൽ നിന്ന് നേപ്പാളിലെ അംലെഖ്ഗഞ്ചിലേക്ക് ഇന്ധനം കൊണ്ടുപോകുന്നതിനായി 69 കിലോമീറ്റർ എണ്ണ പൈപ്പ്ലൈൻ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ വർഷം ആദ്യം പശ്ചിമ ബംഗാളിലെ സിലിഗുരിക്ക് നിന്ന് ബംഗ്ലാദേശിലെ ദിനാജ്പൂർ ജില്ലയിലെ പർബതിപൂർ നഗരത്തിലേക്കുള്ള 130 കിലോമീറ്റർ ഇൻഡോ-ബംഗ്ലാ ഫ്രണ്ട്ഷിപ്പ് പൈപ്പ്ലൈനും (ഐബിഎഫ്പിഎൽ) ഉദ്ഘാടനം ചെയ്തു.
അതേസമയം, ഇതുവരെയായി, ഇന്ത്യ 5 ബില്യൺ യുഎസ് ഡോളറിൻ്റെ ധനസഹായങ്ങളും വായ്പകളും ശ്രീലങ്കയ്ക്ക് നല്‍കിയതായും ഇരു രാഷ്ട്രതലവന്മാരും സംയുക്തമായി ഇറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു. ശ്രീലങ്കയിലെ 25 ജില്ലകൾക്കും ഇന്ത്യ പിന്തുണ നൽകിവരുന്നു. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിൻ്റെ ഭാഗമായി, ജാഫ്‌നയിലെയും ശ്രീലങ്കയുടെ കിഴക്കൻ മേഖലയിലെ സർവകലാശാലകളിലെയും 200 വിദ്യാർത്ഥികൾക്ക് ഇന്ത്യ പ്രതിമാസ സ്‌കോളർഷിപ്പ് നൽകുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1500 ശ്രീലങ്കൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഇന്ത്യയിൽ പരിശീലനം നൽകാനും തീരുമാനമായി. പാർപ്പിടം, പുനരുപയോഗ ഊർജം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്‌ക്കൊപ്പം, കൃഷി, ക്ഷീര വികസനം, മത്സ്യബന്ധനം എന്നീ മേഖലകളിലും ഇന്ത്യ ശ്രീലങ്കയ്ക്ക് പിന്തുണ നൽകും. ശ്രീലങ്കയിലെ യുണീക്ക് ഡിജിറ്റൽ ഐഡൻ്റിറ്റി പദ്ധതിയിൽ ഇന്ത്യ പങ്കാളിയാകാനും ധാരണയായി.












Click it and Unblock the Notifications