ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധവുമായി ഇന്ത്യ സഖ്യം; ലക്ഷങ്ങളെ അണിനിരത്തുമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ തീവ്ര പരിഷ്‌കരണമായ എസ്‌ഐആർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി കാട്ടി രാജ്യമെമ്പാടും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ആർത്തിരമ്പുകയാണ്. ഈ മാസമാദ്യം മുതൽ സിജെപി, സിപിഎം, എഎപി, കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളും വിവിധ വിദ്യാർത്ഥി സംഘടനകളും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലാണ് പ്രതിഷേധം ഒന്ന് അടങ്ങിയത്. എന്നാൽ അതൊരിക്കലും അവസാനമല്ലെന്ന് പറയുകയാണ് ഇന്ത്യ സഖ്യമിപ്പോൾ. വരും ദിവസങ്ങളിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് കോൺഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചത്.

വോട്ടു മോഷണം നടത്തിയെന്ന ആരോപണം ഉയർത്തി കൊണ്ട് നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് നടക്കാനിരിക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ റാലിയും മാർച്ചും വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ കോൺഗ്രസ് നേതൃത്വം വിലയിരുത്തിയിരുന്നു. പ്രതിപക്ഷത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമാക്കി പരിപാടിയെ മാറ്റുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ശനിയാഴ്‌ച കോൺഗ്രസിന്റെ വിവിധ പോഷക സംഘടനകളുടെ അധ്യക്ഷന്മാരുമായും ഡൽഹി ഘടകത്തിലെ നേതാക്കളുമായും നേതൃത്വം കൂടിക്കാഴ്‌ച നടത്തി.
റാലിയിൽ വലിയ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി പാർട്ടി പ്രവർത്തകരെയും നേതാക്കളെയും സജ്ജമാക്കുന്ന നടപടികളുടെ ഭാഗമായാണ് യോഗങ്ങൾ നടന്നത്. ഇതിന് തൊട്ടുമുമ്പുള്ള ദിവസം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും നേതാക്കളുമായും കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയിരുന്നു. നവംബർ ഒന്നിന് നടക്കുന്ന പരിപാടിയിൽ പരമാവധി പ്രവർത്തകരെയും അനുഭാവികളെയും പങ്കെടുപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് പാർട്ടി ഊർജിതമാക്കുന്നത്.
നവംബർ ഒന്നിന് നടക്കുന്ന റാലി വൻ ജനപങ്കാളിത്തമുള്ള ശക്തിപ്രകടനമാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഡൽഹിയിലെ രാംലീല മൈതാനത്ത് നടക്കുന്ന പരിപാടിയിലൂടെ തിരഞ്ഞെടുപ്പ് നടപടികളിലെ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധം ശക്തമാക്കാനാണ് പാർട്ടിയുടെ നീക്കം. പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമായി റാലി മാറുമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക്ക ലാംബ പറഞ്ഞു. പരിപാടിയിൽ പത്ത് ലക്ഷം പേരെ പങ്കെടുപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് നടപടികളിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണങ്ങൾക്കുമെതിരെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് നവംബർ ഒന്നിലെ റാലി സംഘടിപ്പിക്കുന്നത്. വോട്ടർപട്ടികയിൽനിന്ന് ലക്ഷക്കണക്കിന് പേരുകൾ നീക്കം ചെയ്‌തതായി കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
ഒക്ടോബർ 12ന് വോട്ടു മോഷണമെന്ന ആരോപണവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ പ്രചാരണം സുപ്രീം കോടതിയിലേക്കും എത്തിയിരുന്നു. പ്രതിപക്ഷ നേതാക്കൾ, സാമൂഹിക പ്രവർത്തകർ, സിവിൽ സമൂഹ പ്രതിനിധികൾ എന്നിവർ അന്ന് ജനാധിപത്യ സംരക്ഷണ മാർച്ചിൽ പങ്കെടുത്തു. കനത്ത ബാരിക്കേഡുകൾ സ്ഥാപിച്ച വഴിയിലൂടെയായിരുന്നു മാർച്ച് നടന്നത്. എസ്‌ഐആർ വിഷയത്തിൽ പരമോന്നത കോടതിയിൽ ഹർജിയും നൽകിയിട്ടുണ്ട്.


Click it and Unblock the Notifications
