ഇറാനിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ; 2019ന് ശേഷം ഇതാദ്യം, ക്രൂഡ് ഓയിൽ ആവശ്യകത ഉറപ്പാക്കിയെന്ന് കേന്ദ്രം
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ഹോർമുസ് കടലിടുക്കിലെ എണ്ണ വിതരണം തടസ്സപ്പെടുത്തിയതോടെ, ഇറാനിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യൻ ശുദ്ധീകരണശാലകൾ. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യ 2019 മെയ് മുതൽ യുഎസ് സമ്മർദ്ദം കാരണം ഇറാനെ ഒഴിവാക്കിയിരുന്നു. എന്നാൽ നിലവിലെ പ്രതിസന്ധിയാണ് ഈ ഇറക്കുമതിക്ക് പിന്നിലെന്ന് എണ്ണ മന്ത്രാലയം അറിയിച്ചു.
'മധ്യപൂർവദേശത്തെ വിതരണ തടസ്സങ്ങൾക്കിടയിലും, ഇന്ത്യൻ ശുദ്ധീകരണശാലകൾ ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ ആവശ്യകതകൾ ഉറപ്പാക്കി. ഇറാനിയൻ എണ്ണ ഇറക്കുമതിക്ക് പേയ്‌മെന്റ് തടസങ്ങളില്ല'- പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. വിതരണ ക്ഷാമം കുറയ്ക്കാൻ കഴിഞ്ഞ മാസം അമേരിക്ക ഇറാനിയൻ എണ്ണയുടെ ഉപരോധം താൽക്കാലികമായി നീക്കിയിരുന്നു.

വരും മാസങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ ആവശ്യകതകൾ ഇന്ത്യ ഉറപ്പാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. 'ഇന്ത്യ 40-ലധികം രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. വാണിജ്യപരമായ പരിഗണനകളുടെ അടിസ്ഥാനത്തിൽ വിവിധ ഉറവിടങ്ങളിൽ നിന്നും ഭൂമിശാസ്ത്രപരമായ സ്ഥലങ്ങളിൽ നിന്നും എണ്ണ ശേഖരിക്കാൻ കമ്പനികൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്' മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇതിനിടെ, 44,000 മെട്രിക് ടൺ ഇറാനിയൻ ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) ഉപരോധം നേരിടുന്ന ഒരു കപ്പലിൽ ഇന്ത്യ വാങ്ങിയിരുന്നു. കഴിഞ്ഞ ബുധനാഴ്‌ച മംഗലാപുരം തുറമുഖത്ത് എത്തിയ കപ്പൽ ഈ ഇന്ധനം ഇപ്പോൾ ഇറക്കിക്കൊണ്ടിരിക്കയാണെന്നും മന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ എൽപിജി ക്ഷാമത്തിന് ഒരുപരിധി വരെ പരിഹാരമായിരിക്കുകയാണ്.
അതിനിടെ പേയ്‌മെന്റ് പ്രശ്‌നം കാരണം കപ്പൽ വഴിതിരിച്ചുവിട്ടു എന്ന റിപ്പോർട്ടുകൾ മന്ത്രാലയം തള്ളിയിരുന്നു. പേയ്‌മെന്റ് പ്രശ്‌നങ്ങൾ കാരണം ഇറാനിയൻ ക്രൂഡ് വഹിച്ച ഒരു ടാങ്കർ ലക്ഷ്യസ്ഥാനം മാറ്റിയിരുന്നു എന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഈ വിശദീകരണം. ബിൽ ഓഫ് ലേഡിംഗിൽ രേഖപ്പെടുത്തുന്ന ലക്ഷ്യസ്ഥാനങ്ങൾ താത്കാലികമാണ്; വ്യാപാര ലാഭവും പ്രവർത്തന സൗകര്യങ്ങളും അനുസരിച്ച് യാത്രയ്ക്കിടെ ലക്ഷ്യസ്ഥാനം മാറ്റാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.
അഫ്രമാക്‌സ് ടാങ്കറായ "പിംഗ് ഷുൺ" ആദ്യം ഗുജറാത്തിലെ വദിനാർ ലക്ഷ്യമിട്ടെങ്കിലും, പിന്നീട് ഇത് ചൈനയിലെ ഡോംഗിംഗിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ടുകൾ തള്ളി മന്ത്രാലയം നേരിട്ട് രംഗത്ത് വന്നത്. 2019-ന് ശേഷം ഇന്ത്യയിലേക്കുള്ള ആദ്യ ഇറാനിയൻ ക്രൂഡ് കയറ്റുമതി കൂടിയാണിത്.












Click it and Unblock the Notifications