ഇന്ത്യ-ചൈന അതിർത്തിയിലെ സൈനിക പിന്മാറ്റം ഏതാണ്ട് പൂർത്തിയായി; നടപടി 4 വർഷത്തിന് ശേഷം
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിലെ സൈനിക പിന്മാറ്റ നടപടികൾ ഏതാണ്ട് പൂർത്തിയായതായി റിപ്പോർട്ട്. പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കിഴക്കൻ ലഡാക്കിലെ ഡെപ്‌സാങ്, ഡെംചോക്ക് മേഖലകളിലെ സൈനിക പിന്മാറ്റമാണ് പൂർത്തിയായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ മേഖലകളിലെ സൈനിക ഉദ്യോഗസ്ഥർ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ പിന്മാറ്റം ഇരു വിഭാഗങ്ങളും നിരീക്ഷിച്ചു വരികയാണ്. അതിർത്തിയിലെ സൈനിക പിന്മാറ്റത്തിന് നിശ്ചയിച്ചിരുന്ന സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും ഏതാണ്ട് പൂർത്തിയായെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ഇരു രാജ്യങ്ങളും തമ്മിൽ നാല് വർഷമായി തുടരുന്ന നയതന്ത്ര, സൈനിക ഭിന്നതകൾക്ക് അവസാനം കുറിക്കുന്നതുമായി ബന്ധപ്പെട്ട ഒത്തുതീർപ്പ് കരാറിൽ കഴിഞ്ഞയാഴ്‌ച നടന്ന ബ്രിക്‌സ് ഉച്ചകോടിയിലാണ് ധാരണയായത്. 2020 മെയ്-ജൂൺ മാസങ്ങളിൽ ഗാൽവാനിൽ നടന്ന സൈനിക ഏറ്റുമുട്ടലിന് ശേഷമാണ് ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം വഷളായത്.
തുടർന്ന് റഷ്യയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ പ്രശ്‌ന പരിഹാരമുണ്ടായത്. ഇത് പ്രകാരം 2020 ഏപ്രിൽ മാസത്തിൽ ഉണ്ടായിരുന്ന പഴയ നിലയിലേക്ക് സൈനിക പിന്മാറ്റം നടത്താനാണ് ധാരണയായത്. ഇതിന്റെ അന്തിമ നടപടികളാണ് ഇന്ന് പൂർത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എങ്കിലും ഡെപ്‌സാങ്ങിലും ഡെംചോക്കിലും നിരീക്ഷണം തുടരാനാണ് ഇന്ത്യയുടേയും ചൈനയുടെയും തീരുമാനം. എന്നാൽ കൂടുതൽ തെറ്റിദ്ധാരണകൾക്ക് ഇട നൽകാതെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താനായി സൈനിക ഉദ്യോഗസ്ഥർ തമ്മിൽ പതിവായ കൂടിക്കാഴ്‌ച നടത്താനും തീരുമാനമായിരുന്നു.
ഇത്രയൊക്കെ ആണെങ്കിലും മുൻപ് സംഘർഷമുണ്ടായ ഗാൽവാൻ മേഖല ഉൾപ്പെടെയുള്ള നാല് ബഫർ സോണുകളെ കുറിച്ച് ഇതുവരെ ചർച്ചകൾ നടന്നിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇത് ഉന്നത സൈനിക തലത്തിലെ കൂടിക്കാഴ്‌ചകൾക്ക് ശേഷമാവും തീരുമാനിക്കുക. തുടർന്ന് ഈ മേഖലകളിലും പട്രോളിങ് നടത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സൈനിക പിന്മാറ്റത്തിൽ നിർണായക ധാരണത്തിൽ എത്തിയെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ പൂർണമായും തീർന്നു എന്ന് അതിന് അർത്ഥമില്ലെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു. എങ്കിലും ഇത് പ്രശ്‌ന പരിഹാരത്തിന് ആദ്യപടിയാണെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ഗാൽവാൻ സംഘർഷത്തിൽ ഇന്ത്യയുടേയും ചൈനയുടെയും സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യ ചൈനയ്ക്ക് എതിരെ നിലപാട് കടുപ്പിച്ചിരുന്നു. നയതന്ത്ര ബന്ധത്തിൽ ഉൾപ്പെടെ വിള്ളൽ വീണ ഈ സംഭവത്തിന് ശേഷം ചൈനീസ് ആപുകൾ നിരോധിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കേന്ദ്ര സർക്കാർ കടക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications