രാജ്യത്ത് കൊവിഡ് കേസുകൾ ഇന്നും 25,000ത്തിൽ താഴെ.. രോഗമുക്തി നിരക്ക് 97.85 ശതമാനം..311 മരണം
ദില്ലി; രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. ഇന്നും 25,000ത്തിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,529 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതിൽ ഭൂരിഭാഗം സജീവ രോഗികളും കേരളത്തിലാണ്.ഇന്നലെ മാത്രം സംസ്ഥാനത്ത് 12,161 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 155 മരണവും റിപ്പോർട്ട് ചെയ്തു.ഇതോടെ ആകെ മരണം 24,965 ആയി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,862 പേര്‍ രോഗമുക്തി നേടിയിരുന്നു. നേരത്തേ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ ഒന്നായ മഹാരാഷ്ട്രയിൽ 3,187 കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്. 49 മരണങ്ങളും.
രാജ്യത്ത് നിലവിൽ 2,77,020 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 195 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.82 ശതമാനമാണ്. 311 മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് ജീവഹാനി സംഭവിച്ചവരുടെ എണ്ണം 4,48,062 ആയി.രാജ്യത്ത് രോഗമുക്തി നിരക്ക് 97.85 ശതമാനമാണ്. ഇക്കഴിഞ്ഞ മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,718 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,30,14,898 ആയി.

അതേസമയം പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.56 ശതമാനമാണ്. കഴിഞ്ഞ 31 ദിവസമായി 3 ശതമാനത്തിൽ താഴെയാണ് ഇത്. രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,06,254 പരിശോധനകൾ നടത്തി. ആകെ 56.89 കോടിയിലേറെ (56,89,56,439) പരിശോധനകളാണ് ഇതുവരെ നടത്തിയതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) അറിയിച്ചു.
രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.74 ശതമാനമാണ്. കഴിഞ്ഞ 97 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.56 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 31 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 114-ാം ദിവസവും ഇത് 5 ശതമാനത്തിൽ താഴെയാണ്.
അതേസമയം രാജ്യത്ത് കൊവിഡ് വാക്സിൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ നൽകിയത് 88.34 കോടി ഡോസ് വാക്സിൻ ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 65,34,306 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് 85,92,824 സെഷനുകളിലൂടെ ആകെ 88 കോടിയിലേറെ (88,34,70,578) ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 86.51 കോടിയിലധികം (86,51,52,695) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. അധികമായി 63.69 ലക്ഷം (63,69,890) ഡോസുകൾ ഉടൻ ലഭ്യമാക്കും.ഉപയോഗിക്കാത്ത 5 കോടിയിലധികം (5,00,46,000) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്രമന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു.
അതിനിടെ ഇന്ത്യയുടെ കൊവിഡ് വാക്സിനായ കൊവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടൻ ലഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബല്യു എച്ച് ഒ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.ക്ലിനിക്കൽ ട്രയൽ ഡാറ്റകൾ കമ്പനി സമർപ്പിച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം കൊവാക്സിൻ അനുമതി വൈകുന്നത് പ്രവാസികളെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. കൊവാക്സിൻ സ്വീകരിച്ച വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ തിരുമാനം ബാധിക്കും.












Click it and Unblock the Notifications