ബംഗ്ലാദേശിലെ 5000 കോടി മൂല്യം വരുന്ന റെയിൽവേ പദ്ധതികൾ നിർത്തിവച്ച് ഇന്ത്യ; കാരണം നയതന്ത്ര ഭിന്നതയോ?
ന്യൂഡൽഹി: ഇരു രാജ്യങ്ങൾക്കും ഇടയിൽ ഭിന്നത ശക്തമാവുന്ന സാഹചര്യത്തിൽ ബംഗ്ലാദേശ് വഴി വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനായി ഉദ്ദേശിച്ചിരുന്ന റെയിൽവേ പദ്ധതികൾ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ മേഖലയിലെ സ്ഥിരതയും തന്ത്രപരമായ സുരക്ഷയും ഉറപ്പാക്കാൻ ബദൽ പാതകൾ ആസൂത്രണം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാഷ്ട്രീയ പ്രതിസന്ധിയും ബംഗ്ലാദേശിലെ തൊഴിലാളികളുടെ സുരക്ഷയും കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് വിവരം. അയൽരാജ്യത്തെ സ്ഥിതിഗതികളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾക്കിടയിലാണ് ഈ നീക്കം. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് കീഴിൽ ഇന്ത്യാ വിരുദ്ധ ശബ്‌ദങ്ങൾ ശക്തമാകുന്നതും പാകിസ്ഥാനുമായും ചൈനയുമായും കൂടുതൽ അടുത്ത ബന്ധം പുലർത്തണമെന്ന ആവശ്യം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ സംഭവവികാസം.

നിർമ്മാണത്തിലിരിക്കുന്ന അഖൗര-അഗർത്തല റെയിൽ ലിങ്ക്, ഖുൽന-മോംഗ്ല റെയിൽ ലിങ്ക് തുടങ്ങിയ പ്രധാന പദ്ധതികളെ ഈ തീരുമാനം ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. റെയിൽ, ജലപാതകൾ എന്നിവയിലൂടെ പ്രാദേശിക കണക്റ്റിവിറ്റിയുടെ കാര്യത്തിൽ ഇന്ത്യയുമായുള്ള നിലവിലെ ബന്ധത്തിന് വിള്ളൽ വീഴ്ത്തിക്കൊണ്ട് ബംഗ്ലാദേശ് ചൈനയിലേക്കും പാകിസ്ഥാനിലേക്കും കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയാണ് ഇപ്പോൾ.
ഇതും ഇന്ത്യയുടെ തീരുമാനത്തിന് പിന്നിലെ കാരണമായി വിലയിരുത്തുന്നു. ധാക്ക-ടോംഗി-ജോയ്ദേബപൂർ റെയിൽ വികസനത്തെയും ഈ നീക്കം ബാധിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഈ പദ്ധതികൾക്ക് മാത്രമായി ഏകദേശം 5000 കോടി രൂപ ചിലവ് വരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇത് കൂടാതെ മറ്റ് അഞ്ച് പദ്ധതികളും നിർത്തിവച്ചതായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.
ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്‌ടാവ് എംഡി യൂനുസ് വടക്കുകിഴക്കൻ മേഖലയെക്കുറിച്ച് അഭിപ്രായപ്പെടുകയും മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ചൈനയെ ക്ഷണിക്കുകയും ചെയ്‌തതിന് പിന്നാലെയാണ് ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ കാര്യമായ വിള്ളൽ വീണിരിക്കുന്നത്. ഇത് ഇന്ത്യയുടെ കടുത്ത വിമർശനമാണ് ബംഗ്ലാദേശിനെതിരെ ക്ഷണിച്ചു വരുത്തിയത്.
പ്രാദേശിക കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ റെയിൽ പദ്ധതികളെ സജീവമായി മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു ഇതുവരെ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പുരോഗതി കൈവരിച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം നിലവിലെ അസ്ഥിരതയും മേഖലയിലെ ചൈനീസ് കടന്നുകയറ്റത്തിനുള്ള ആഹ്വാനവും തുടർച്ചയായ ഇന്ത്യാ വിരുദ്ധ പ്രസ്‌താവനകളും കാരണം മോശമായിരിക്കുകയാണ്.
ബംഗ്ലാദേശിനെ ഒഴിവാക്കിയ ശേഷം ഇതര കണക്റ്റിവിറ്റി റൂട്ടുകളിലൂടെ വടക്കുകിഴക്കൻ മേഖലയെ സുരക്ഷിതമാക്കുക എന്നത് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്. എന്നാൽ വടക്കുകിഴക്കൻ മേഖലയിലെ റെയിൽവേകളുടെ ദ്രുതഗതിയിലുള്ള വികസനത്തിന് വേണ്ടി ബദൽ മാർഗങ്ങൾ തേടുന്നത് ഇന്ത്യയുടെ പരിഗണനയിലുള്ള സുപ്രധാന വിഷയമാണ്.
നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലൂടെയുള്ള റെയിൽവേ വികസനത്തിൽ സജീവമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബദൽ പാതകൾ വികസിപ്പിക്കുന്നതിനുള്ള ഒരു മാർഗമായിട്ടാണ് കണക്കാക്കുന്നത്, എങ്കിലും ഇവിടെയും ധാരാളം വെല്ലുവിളികളുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ രാജ്യങ്ങൾ തന്നെയാവും ഇന്ത്യയുടെ മനസിൽ.
ഷെയ്ഖ് ഹസീനയെ വിട്ടുകൊടുക്കാത്തത് ഉൾപ്പെടെ ഇന്ത്യക്കെതിരെ നിരവധി വിഷയങ്ങളാണ് ബംഗ്ലാദേശ് ഉയർത്തി കൊണ്ട് വരുന്നത്. ഇതിന് പുറമെ രാജ്യത്ത് ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ തുടർച്ചയായി ഇന്ത്യ അഭിപ്രായം പറഞ്ഞതും ബംഗ്ലാദേശിനെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുമായും പാകിസ്ഥാനുമായും അവർ അടുക്കാൻ ശ്രമിക്കുന്നത്.
നേരത്തെ ബംഗ്ലാദേശിന്റെ കയറ്റുമതി ചരക്ക് ട്രാൻസ്ഷിപ്പ്മെന്റ് സൗകര്യം ഇന്ത്യ നിർത്തലാക്കിയിരുന്നു. ഇന്ത്യയുടെ തീരുമാനം ബംഗ്ലാദേശിന്റെ വ്യാപാര മേഖലയെ കാര്യമായി തന്നെ ബാധിച്ചേക്കും. ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ എന്നിവയുമായുള്ള ബംഗ്ലാദേശിന്റെ വ്യാപാരത്തെ ഇന്ത്യയുടെ നടപടി തടസപ്പെടുത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications