ലോകത്തിൽ ഏറ്റവുമധികം ആത്മഹത്യകൾ നടക്കുന്നത് ഇന്ത്യയിൽ; 2022ൽ മാത്രം ജീവനൊടുക്കിയത് 1.71 ലക്ഷം പേർ
ന്യൂഡൽഹി: ലോകത്തിൽ തന്നെ ഏറ്റവുമധികം ആത്മഹത്യകൾ നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളാണ് ഈ ഗുരുതര ആരോഗ്യ പ്രതിസന്ധിയുടെ ആഴം എത്രത്തോളമാണെന്ന് വരച്ചുകാട്ടുന്നത്. പ്രായഭേദമന്യേ രാജ്യത്ത് ആത്മഹത്യാ പ്രവണത കൂടുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഏപ്രിലിൽ പുറത്തിറക്കിയ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ട് പ്രകാരം 2022ൽ മാത്രം ഇന്ത്യയിൽ 1.71 ലക്ഷം പേർ ആത്മഹത്യ ചെയ്‌തു. ആത്മഹത്യാ നിരക്ക് 1,00,000ത്തിൽ 12.4 എന്ന നിലയിലേക്ക് വർധിച്ചു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

ആത്മഹത്യയിലൂടെ മരിക്കുന്ന വ്യക്തികളിൽ 50 മുതൽ 90 ശതമാനം വരെ വിഷാദം, ഉത്കണ്ഠ, ബൈപോളാർ ഡിസോർഡർ തുടങ്ങിയ മാനസികരോഗങ്ങൾ അനുഭവിക്കുന്നവരാണെന്ന് വിവിധ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ, ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയിൽ നിന്നുള്ള കടുത്ത സമ്മർദ്ദം ആത്മഹത്യകളിലേക്ക് നയിച്ചേക്കാം. കൂടാതെ, ഏകാന്തതയും ഒറ്റപ്പെടലും പ്രധാന ഘടകങ്ങളാണെന്നും വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഒരു അച്ഛന്റെയും മകന്റെയും ആത്മഹത്യ രാജ്യത്തെ ഈ വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയിലേക്കുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു. ഇരുവരും കൈകോർത്ത് പിടിച്ച് ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഇതോടെയാണ് ആത്മഹത്യയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ കുറിച്ച് വീണ്ടും ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. എല്ലാ പ്രായ വിഭാഗങ്ങളിലും പ്രവണത വ്യാപകമാണെന്നും ഇത് വലിയ വെല്ലുവിളിയാണെന്നും വിദഗ്‌ധർ തന്നെ മുന്നറിയിപ്പ് നൽകുന്നു.
യുവാക്കൾക്ക് ഇടയിൽ കൂടുതൽ ശക്തമാവുന്ന ആത്മഹത്യ പ്രവണത വലിയ ദോഷ ഫലങ്ങൾ ചെയ്യുമെന്നാണ് ഈ രംഗത്തെ വിദഗ്‌ധർ പറയുന്നത്. തൊഴിലില്ലായ്‌മ, ബന്ധങ്ങളിലെ വിള്ളലുകൾ, സാമ്പത്തിക പ്രയാസം എന്നിവ ഉൾപ്പെടെ യുവാക്കളെ ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് ചെന്നെത്തിക്കുന്ന ഘടകങ്ങളാണെന്ന് മാനസികാരോഗ്യ വിദഗ്‌ധർ പറയുന്നു.
കോവിഡ് കാലത്തിന് ശേഷം ആത്മഹത്യകളിൽ ഗണ്യമായ വളർച്ച ഉണ്ടെന്നതും പ്രകടമാണ്. വിവിധ രാജ്യങ്ങളിൽ നിന്ന് പുറത്തുവന്ന പഠന റിപ്പോർട്ടുകളും ഇതിനെ സാധൂകരിക്കുന്നതാണ്. സാമൂഹ്യ അകലവും, അടച്ചുപ്പൂട്ടിയുള്ള ജീവിതവും പലരുടെയും മാനസിക നിലയെ തന്നെ ബാധിച്ചത് ഇതിന്റെ മുഖ്യ കാരണമായി പഠനങ്ങൾ വിലയിരുത്തുന്നു. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇതിനെ സാധൂകരിക്കുന്ന ഒട്ടേറെ പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്.












Click it and Unblock the Notifications