'അണ്‍പാര്‍ലമെന്ററി വാക്ക് ഉപയോഗിച്ചു'; പിയൂഷ് ഗോയലിനെതിരെ അവകാശലംഘന നോട്ടീസുമായി പ്രതിപക്ഷം
ന്യൂദല്‍ഹി: കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെതിരെ അവകാശലംഘന നോട്ടീസുമായി പ്രതിപക്ഷം. പ്രതിപക്ഷ എം പിമാര്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ നീക്കം. പിയൂഷ് ഗോയലിനെതിരെ പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ പാര്‍ട്ടി നേതാക്കന്‍മാര്‍ രാജ്യസഭയില്‍ അവകാശലംഘന നോട്ടീസ് സമര്‍പ്പിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം പിയുമായ ജയറാം രമേശ് പറഞ്ഞു.
സഭയില്‍ അദ്ദേഹം ക്ഷമാപണം നടത്തുന്നതില്‍ കുറഞ്ഞതൊന്നും ഇതിന് പരിഹാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്പര ചര്‍ച്ചകളിലൂടെയുള്ള പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ മണിപ്പൂരില്‍ ഉടനടി ചര്‍ച്ച അനുവദിക്കാന്‍ മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി വിസമ്മതിക്കുകയാണ് എന്നു അതിനാലാണ് പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയത് എന്നും ജയ്‌റാം രമേശ് പറഞ്ഞു.

പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നടത്തിയ അങ്ങേയറ്റം ആക്ഷേപകരവും അസ്വീകാര്യവുമായ പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറയാന്‍ സഭാനേതാവ് പിയൂഷ് ഗോയല്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും സഖ്യകക്ഷികളും ചൈനയുടെ പ്രചാരണം ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും അവര്‍ രാജ്യദ്രോഹികളാണെന്നുമായിരുന്നു പിയൂഷ് ഗോയലിന്റെ പരാമര്‍ശം.
കോണ്‍ഗ്രസും സഖ്യകക്ഷികളും ചൈനീസ് മാധ്യമങ്ങളെ പിന്തുണയ്ക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്യുന്നു. ഇത് ഗുരുതരമായ വിഷയമാണ്. ഈ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്, പിയൂഷ് ഗോയല്‍ പറഞ്ഞു. രാജ്യത്തിനെതിരായ കുപ്രചരണങ്ങള്‍ക്ക് അവര്‍ പണം നല്‍കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ചൈനയുമായും രാഹുല്‍ ഗാന്ധിക്ക് എന്ത് ബന്ധമാണുള്ളത്. അവര്‍ ഇന്ത്യയ്ക്കൊപ്പമാണോ ചൈനയ്ക്കൊപ്പമാണോ എന്ന് രാജ്യത്തോട് പറയണമെന്നും ഗോയല്‍ പറഞ്ഞു.
അതേസമയം പിയൂഷ് ഗോയല്‍ അനുചിതമായ വാക്ക് ഉപയോഗിച്ചെന്ന് ജയറാം രമേശ് തന്റെ ചേംബറില്‍ വച്ച് തന്നോട് പറഞ്ഞിട്ടുിണ്ടെന്നും അത് പരിശോധിച്ച് സത്യമാണെങ്കില്‍ ആ പരാമര്‍ശം സഭയുടെ രേഖയില്‍ ഉണ്ടാകില്ലെന്നും ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എം പി ദെരക് ഒബ്രിയനെ രാജ്യസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവ് വരെയാണ് സസ്പെന്‍ഷന്‍.
മണിപ്പൂര്‍ വിഷയത്തിലെ ചര്‍ച്ചയ്ക്കിടെ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖറിനെ അനുസരിച്ചില്ലെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് ദെരക് ഒബ്രിയാനെതിരായ നടപടി. ഒബ്രിയാനെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ടുള്ള പ്രമേയം പിയൂഷ് ഗോയലായിരുന്നു അവതരിപ്പിച്ചിരുന്നത്. തിങ്കളാഴ്ച ഡല്‍ഹി ഓര്‍ഡിനന്‍സ് ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയും ചെയറും ദെരക് ഒബ്രിയാനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.












Click it and Unblock the Notifications