'അബദ്ധം കാണിച്ചാൽ അതിന്റെ പ്രത്യാഘാതം വേദനാജനകമായിരിക്കും'; അസിം മുനീറിന് ഇന്ത്യയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ ഭീഷണികൾക്ക് മറുപടിയുമായി ഇന്ത്യ. സ്വന്തം രാജ്യത്തെ ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പാക്കിസ്ഥാൻ നിരന്തരം ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് വിമർശനം. കഴിഞ്ഞ ദിവസമാണ് അസിം മുനീർ ഇന്ത്യക്കെതിരെ ഭീഷണിയുമായി രംഗത്ത് വന്നത്.
'ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നേതൃത്വത്തിൽ നിന്ന് അശ്രദ്ധവും, യുദ്ധക്കൊതിയുമുള്ള, വിദ്വേഷകരമായ പരാമർശങ്ങൾ തുടരുന്നതായി റിപ്പോർട്ടുകൾ നാം കണ്ടതാണ്. സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാൻ ഇന്ത്യാ വിരുദ്ധ വാചാടോപങ്ങൾ വീണ്ടും വീണ്ടും പ്രചരിപ്പിക്കുന്നത് അവരുടെ ഒരു രീതിയാണ്' വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

'ഏതെങ്കിലും തരത്തിലുള്ള അബദ്ധമായ സാഹസികതയ്ക്ക് വേദനാജനകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അടുത്തിടെ തെളിയിക്കപ്പെട്ടു' എന്ന മുന്നറിയിപ്പാണ് ജയ്‌സ്വാൾ നൽകിയത്. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്‌മീരിലെയും ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തെ സൂചിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇന്ത്യയിൽ നിന്ന് നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ ഇസ്ലാമാബാദ് ലോകത്തിന്റെ പകുതിയും നശിപ്പിക്കും എന്ന് യുഎസ് സന്ദർശനത്തിനിടെ അസിം മുനീർ മുന്നറിയിപ്പ് നൽകിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ന്യായീകരിച്ചതിന് പിന്നാലെയാണ് ജയ്‌സ്വാളിന്റെ പ്രസ്‌താവന.
ഈ പ്രസ്‌താവനകളെ ഇന്ത്യ അപലപിച്ചു, അവയെ വളരെ നിരുത്തരവാദപരം എന്നും പ്രാദേശിക, ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്നും വിശേഷിപ്പിക്കുകയും ചെയ്‌തിരുന്നു. പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിന്റെ സുരക്ഷയെക്കുറിച്ച് ഇന്ത്യ സംശയം പ്രകടിപ്പിക്കുകയും ചെയ്‌തു. ഭീകര ഗ്രൂപ്പുകളുമായി കൈകോർത്ത് പ്രവർത്തിക്കുന്ന ഒരു സൈനിക സ്ഥാപനത്തിൽ നിന്നാണ് ഭീഷണി ഉണ്ടായത് എന്ന ആശങ്കയും ഇന്ത്യ പാങ്കുവച്ചിരുന്നു.
എന്നാൽ ഇന്ത്യയുടെ ഈ ആരോപണങ്ങൾ പാകിസ്ഥാൻ തള്ളിക്കളയുകയാണ് ചെയ്‌തത്. തങ്ങളുടെ ആണവ നയം പൂർണമായും സിവിലിയൻ നിയന്ത്രണത്തിലാണെന്നും തന്ത്രപരമായ കാര്യങ്ങളിൽ എല്ലായ്‌പ്പോഴും അച്ചടക്കവും സംയമനവും പാലിച്ചുവെന്നുമാണ് അവർ അവകാശപ്പെടുന്നത്. സൈനിക നിയന്ത്രണത്തിന്റെ ആരോപണങ്ങൾ തള്ളുകയാണ് പാകിസ്ഥാൻ ചെയ്‌തത്.
ഏതൊരു ഇന്ത്യൻ ആക്രമണത്തിനും, ഉടനടിയുള്ളതും തക്കതായതുമായ പ്രതികരണം ഉണ്ടാകുമെന്ന് പാകിസ്ഥാൻ മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസിലെ ഒരു സ്വകാര്യ പരിപാടിക്കിടെ വ്യവസായി മുകേഷ് അംബാനിയുടെ ജാംനഗർ റിഫൈനറിയെ ലക്ഷ്യം വയ്ക്കുമെന്ന് മുനീർ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ സാഹചര്യത്തിലാണ് ഇന്ത്യ മുന്നറിയിപ്പ് നൽകുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാൻ പല വിധത്തിൽ ഇന്ത്യയെ ഇകഴ്ത്തി കാട്ടാൻ ശ്രമം നടത്തി വരുന്നുണ്ടെങ്കിലും അവയൊന്നും ഫലം കണ്ടിരുന്നില്ല. അതിന് പിന്നാലെയാണ് പാക് സൈനിക മേധാവി മൂന്നാമതൊരു രാജ്യത്ത് നിന്ന് ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയത്. അത് ഇന്ത്യയെ സംബന്ധിച്ച് ക്ഷീണമുണ്ടാക്കി.
പ്രത്യേകിച്ച് യുഎസുമായി തീരുവ വിഷയത്തിൽ ഭിന്നത മുറുകുന്നതിനിടയിലാണ് ഇന്ത്യക്കെതിരെ പാകിസ്ഥാൻ അമേരിക്കൻ മണ്ണിൽ വച്ച് ഭീഷണി മുഴക്കിയത്. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് പലപ്പോഴായി അവകാശവാദം ഉയർത്തിയിട്ടുള്ള ട്രംപിന്റെ നാട്ടിൽ നിന്നാണ് പാക് ഭീഷണി എന്നത് ഇന്ത്യയെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications