വിശ്വസുന്ദരി പട്ടം നേടി ഇന്ത്യയുടെ ഹർനാസ് സന്ധു; ഇന്ത്യയുടെ കിരീട നേട്ടം 21 വർഷത്തിന് ശേഷം
ദില്ലി; 2021 ലെ വിശ്വസുന്ദരി പട്ടം നേടി ഇന്ത്യയുടെ ഹർനാസ് സന്ധു. 21 വർഷങ്ങൾക്ക് ശേഷമാണ് വിശ്വസുന്ദരിപട്ടം ഇന്ത്യയിലെത്തുന്നത്. പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിയാണ് 21 കാരിയായ സന്ധു. 80 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളിയാണ് സന്ധു കിരീടം നേടിയത്.
Recommended Video
ലോകം കീഴടക്കിയ പഞ്ചാബി സുന്ദരി, മിസ് യൂണിവേഴ്സ് 2021 ഹർനാസിന്റെ കലക്കൻ ചിത്രങ്ങൾ
എഴുപതാമത് മിസ് യൂനിവേഴ്സ് മത്സരം ഇസ്രായേലിലെ എയ്‌ലാറ്റിൽ വെച്ചായിരുന്നു നടന്നത്. പാരഗ്വയേയും ദക്ഷിണാഫ്രിക്കയേയും പിന്തള്ളിയാണ് ഹർനാസ് വിജയം നേടിയത്. 2020 ലെ മിസ് യൂണിവേഴ്‌സ് ആയിരുന്ന മെക്‌സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മെസ സന്ധുവിനെ കിരീടം അണിയിച്ചു.

പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ചണ്ഡീഗഡിൽ നിന്നുള്ള മോഡല് കൂടിയായ സന്ധു. അവസാന ചോദ്യോത്തര റൗണ്ടിനിടെ, യുവതികൾ ഇന്ന് നേരിടുന്ന സമ്മർദ്ദത്തെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ച് എന്ത് ഉപദേശം നൽകുമെന്നായിരുന്നു സന്ധുവിനോടുള്ള ചോദ്യം. ഇതിന് അവർ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു-
ഇന്നത്തെ യുവജനങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സമ്മർദ്ദം സ്വയം വിശ്വസിക്കുന്നില്ലെന്നതാണ്, നിങ്ങൾ അതുല്യനാണെന്നും അതാണ് നിങ്ങളെ സുന്ദരിയാക്കുന്നതെന്നും അറിയുക എന്നതാണ് പ്രധാനം. മറ്റുള്ളവരുമായി നിങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നത് നിർത്തുക, പകരം ലോകത്ത് നടക്കുന്ന കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുക.പുറത്തുവരൂ, നിങ്ങൾക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത് ഞാൻ എന്നിൽ വിശ്വസിച്ചു, അതുകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്," അവർ പറഞ്ഞു. നിറഞ്ഞ കൈയ്യടിയോടെയാണ് സന്ധുവിന്റെ വാക്കുകൾ സ്വീകരിക്കപ്പെട്ടത്.
ലാറ ദത്തയായിരുന്നു മിസ് യൂണിവേഴ്‌സ് ആയി ഇന്ത്യയിൽ നിന്നും അവസാനം തിരഞ്ഞെടുക്കപ്പെട്ടത്. സുഷ്മിത സെന്നിലൂടെയായിരുന്നു ഇന്ത്യയുടെ ആദ്യ കിരീട നേട്ടം. 1994 ലായിരുന്നു ഇത്.












Click it and Unblock the Notifications