ജമ്മു കാശ്‌മീരിനെ കുറിച്ചുള്ള ആവർത്തിച്ചുള്ള പരാമർശം; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ, 'ഇത് അനാവശ്യം'
ന്യൂഡൽഹി: ജമ്മു കശ്‌മീർ വിഷയത്തിൽ പാകിസ്ഥാനെതിരെ വീണ്ടും ആഞ്ഞടിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ ജമ്മു കശ്‌മീരിനെക്കുറിച്ചുള്ള ആവർത്തിച്ചുള്ള പരാമർശങ്ങളിലാണ് ഇന്ത്യ ചൊവ്വാഴ്‌ച പാകിസ്ഥാനെ കടുത്ത ഭാഷയിൽ വിമർശിച്ചത്.
സുരക്ഷാ കൗൺസിലിൽ സംസാരിച്ച യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പർവ്വതനേനി ഹരീഷ്, പാകിസ്ഥാന്റെ പരാമർശങ്ങൾ അനാവശ്യമാണെന്നും ഈ മേഖല പണ്ടുമുതൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നുവെന്നും ഇപ്പോഴും എങ്ങനെയാണെന്നും ഭാവിയിലും അങ്ങനെ തന്നെ ആയിരിക്കുമെന്നുമുള്ള നിലപാട് ആവർത്തിക്കുകയായിരുന്നു.

'ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീരിനെക്കുറിച്ച് പാകിസ്ഥാൻ പ്രതിനിധി വീണ്ടും അനാവശ്യമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഇന്ത്യ ശ്രദ്ധിക്കുന്നു. അത്തരം ആവർത്തിച്ചുള്ള പരാമർശങ്ങൾ അവരുടെ നിയമവിരുദ്ധ അവകാശവാദങ്ങളെ സാധൂകരിക്കുകയോ സർക്കാർ സ്പോൺസർ ചെയ്യുന്ന അതിർത്തി കടന്നുള്ള ഭീകരതയെ ന്യായീകരിക്കുകയോ ചെയ്യുന്നില്ല' ഹരീഷ് വ്യക്തമാക്കി.
ഭിന്നിപ്പിക്കുന്ന അജണ്ട നടപ്പിലാക്കുന്നതിനായി ഫോറത്തിന്റെ ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കരുതെന്ന് അദ്ദേഹം പാകിസ്ഥാനോട് ആവശ്യപ്പെട്ടു. പാകിസ്ഥാൻ ജമ്മു കശ്‌മീരിന്റെ ഒരു ഭാഗം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്നത് ഇപ്പോഴും തുടരുകയാണെന്നും പ്രദേശം വിട്ടുപോകണമെന്നും ഹരീഷ് ചൂണ്ടിക്കാട്ടി.
സുരക്ഷാ കൗൺസിലിൽ യുഎൻ സമാധാന സേനയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രത്യേക സഹായി സയ്യിദ് താരിഖ് ഫത്തേമി ജമ്മു കശ്‌മീരിനെക്കുറിച്ച് സംസാരിച്ചതിന് ശേഷമാണ് ഹരീഷ് പ്രതികരണവുമായി രംഗത്ത് വന്നത്. കശ്‌മീർ വിഷയത്തിൽ അടുത്തകാലത്തായി നിരന്തരം യുഎന്നിൽ പരാമർശങ്ങൾ നടത്തുന്നത് പാകിസ്ഥാൻ പതിവാക്കിയിരിക്കുകയാണ്.
പാകിസ്ഥാനുമായി സാധാരണ അയൽ ബന്ധങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യ വാദിക്കുമ്പോഴും, അത്തരം ഇടപെടലുകൾക്കായി ഭീകരതയും ശത്രുതയും ഇല്ലാത്ത ഒരു അന്തരീക്ഷം സൃഷ്‌ടിക്കേണ്ട ഉത്തരവാദിത്തം ഇസ്ലാമാബാദിനാണെന്ന് രാജ്യം ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല പാകിസ്ഥാനുമായി സമാധാനം സ്ഥാപിക്കാനുള്ള ഓരോ ശ്രമവും ശത്രുതയ്ക്കും വഞ്ചനയ്ക്കും വിധേയമായതായി മോദി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ഭീകരതയെ വളർത്തുന്നതിൽ പാകിസ്ഥാന്റെ ദീർഘകാല പങ്കിനെ മോദി വിമർശിച്ചിരുന്നു. ഭീകരതയുടെ വേരുകൾ എവിടെയാണെന്ന കാര്യത്തിൽ ലോകത്തിന് ഇനി സംശയമില്ലെന്ന് അദ്ദേഹം പറയുകയും ചെയ്‌തിരുന്നു. പാകിസ്ഥാനിൽ നിന്ന് അതിർത്തി കടന്നുള്ള തീവ്രവാദം ഇന്ത്യക്ക് വലിയ ഭീഷണിയായി തന്നെ തുടരുന്ന സാഹചര്യത്തിലാണ് യുഎന്നിലെ ഈ ഏറ്റുമുട്ടൽ എന്നതാണ് ശ്രദ്ധേയമായ കാര്യം.












Click it and Unblock the Notifications