യൂറോപ്പിൽ നിന്നുള്ള വാഹന ഇറക്കുമതി തീരുവ 40 ശതമാനമായി കുറയ്ക്കാൻ ഇന്ത്യ; ഇനി വില കുറയുമോ?
ന്യൂഡൽഹി: യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ 110-ൽ നിന്ന് 40 ശതമാനമായി ഇന്ത്യ കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. അടുത്ത ദിവസം തന്നെ അന്തിമമാക്കാൻ സാധ്യതയുള്ള ഇരുകൂട്ടരും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമാണിതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചർച്ചകളുമായി ബന്ധമുള്ള വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
ഏകദേശം 16.3 ലക്ഷം രൂപയിൽ (ഏകദേശം 17,739 യുഎസ് ഡോളർ) കൂടുതൽ വിലയുള്ള പരിമിതമായ യൂറോപ്യൻ യൂണിയൻ കാറുകൾക്ക് തീരുവ ഉടൻ കുറയ്ക്കാൻ സർക്കാർ സമ്മതിച്ചതായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഈ വാഹനങ്ങളുടെ തീരുവ കാലക്രമേണ 10 ശതമാനമായി വീണ്ടും കുറയ്ക്കുമെന്നും വിവരമുണ്ട്.

ഇതുവരെ ഇന്ത്യയുടെ കർശനമായി സംരക്ഷിക്കപ്പെട്ട വാഹന വിപണിക്ക് ഇതൊരു വലിയ തുറന്നുകൊടുക്കലാണ്. ഡൊണാൾഡ് ട്രംപ് ഭരണകൂട നയങ്ങളെ തുടർന്നുള്ള ആഗോള സാമ്പത്തിക, സുരക്ഷാ ആശങ്കകൾക്കിടെ ഈ നീക്കം, ദീർഘകാല വ്യാപാര ചർച്ചകളിലെ പ്രധാന ഒത്തുതീർപ്പായാണ് കണക്കാക്കപ്പെടുന്നത്.
യൂറോപ്യൻ വാഹന നിർമ്മാതാക്കളായ ഫോക്‌സ്വാഗൺ, മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു തുടങ്ങിയവർക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ പ്രവേശനം ലഭിക്കാനും ഇളവുകൾക്കും ഇത് സഹായിക്കും. അവർ ദീർഘകാലമായി ഇറക്കുമതി തടസങ്ങൾ കുറയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിഷയത്തിൽ കേന്ദ്ര വാണിജ്യ മന്ത്രാലയമോ യൂറോപ്യൻ കമ്മീഷനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആഭ്യന്തര നിർമ്മാതാക്കളെയും ഉൽപ്പാദനത്തെയും സംരക്ഷിക്കാനായി ഇന്ത്യ നിലവിൽ ഉയർന്ന ഇറക്കുമതി തീരുവകളാണ് ചുമത്തി വരുന്നത്. ഏതൊരു തീരുവ വെട്ടിക്കുറയ്ക്കലും വാഹന മേഖലയ്ക്കും വ്യാപാര ബന്ധങ്ങൾക്കും നിക്ഷേപ പ്രവാഹത്തിനും കാര്യമായ പ്രത്യാഘാതങ്ങൾ തന്നെ ഉണ്ടാക്കാനാണ് സാധ്യത. ഇതിലും സ്ഥിതി വ്യത്യസ്‌തമായിരിക്കില്ല.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നിന്റെ നാലു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് ഈ നീക്കം. റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായ എത്തിയ അവർ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്‌റ്റയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചകൾ നടത്തും.
സ്വതന്ത്ര വ്യാപാര കരാർ, പ്രതിരോധം, പ്രൊഫഷണൽ യാത്രാ സൗകര്യം എന്നിവയുടെ പ്രഖ്യാപനവും പ്രതീക്ഷിക്കുന്നു. ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണി അടക്കമുള്ളവയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നീക്കം നിർണായകമാണ്. മാത്രമല്ല രാജ്യത്ത് ഇനി മുതൽ ഇറക്കുമതി വാഹനങ്ങളുടെ വിലയും ഗണ്യമായി കുറയാനാണു സാധ്യത.












Click it and Unblock the Notifications