കർണാടകയിൽ എൻഡിഎ തേരോട്ടം; തമിഴ്‌നാടും, തെലങ്കാനയും ഇന്ത്യ സഖ്യത്തിനൊപ്പമെന്ന് മൂഡ് ഓഫ് ദി നേഷൻ സർവേ
ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ ബിജെപിക്കും, എൻഡിഎ സഖ്യത്തിനും പ്രതീക്ഷ കർണാടകയിൽ മാത്രമെന്ന് വ്യക്തമാക്കി ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ ഫലം പുറത്ത്. കർണാടകയിലെ 28 ലോക്‌സഭാ സീറ്റുകളിൽ 24ലും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി വിജയിക്കുമെന്നും പ്രതിപക്ഷത്തിന്റെ 'ഇന്ത്യ' സഖ്യം ഇവിടെ നാല് സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു.
എന്നാൽ മറ്റ് പ്രധാന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും തെലങ്കാനയിലും ഇന്ത്യ സഖ്യത്തിന് വ്യക്തമായ മുൻതൂക്കമുണ്ടെന്നും സർവേ പറയുന്നു. എന്നാൽ ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടി ശക്തമായ മത്സരം കാഴ്‌ചവയ്ക്കുകയും ഭൂരിപക്ഷം സീറ്റുകൾ നേടുകയും ചെയ്യുമെന്നാണ് സർവേ ഫലങ്ങളിൽ ചൂണ്ടിക്കാണിക്കുന്നത്.

കർണാടക
കർണാടകയിൽ ബിജെപി 53 ശതമാനം വോട്ട് വിഹിതം നേടുമെന്നാണ് സർവേയിൽ പറയുന്നത്, ഇത് 2019ലേതിന് സമാനമാണ്. പ്രതിപക്ഷ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിന് 42 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ 28ൽ 25 സീറ്റുകൾ നേടി ബിജെപി മികച്ച വിജയം നേടിയിരുന്നു. അന്ന് കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്. ജനതാദൾ സെക്കുലർ ഒരു സീറ്റും നേടിയിരുന്നു.
തെലങ്കാന
ബിജെപി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന തെലങ്കാനയിൽ പ്രതീക്ഷിച്ച നേട്ടം അവർക്ക് ഉണ്ടാക്കാൻ കഴിയില്ലെന്നാണ് സർവേ പറയുന്നത്. തെലങ്കാനയിൽ ആദ്യമായി അധികാരത്തിലെത്തിയ ശേഷം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്‌ചവെക്കുമെന്നാണ് സൂചന. തെലങ്കാനയിലെ 17 ലോക്‌സഭാ സീറ്റുകളിൽ 10ലും കോൺഗ്രസ് വിജയിക്കുമെന്നും എൻഡിഎ മൂന്നെണ്ണം നേടുമെന്നും സർവേ പ്രവചിക്കുന്നു.
മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ ഭാരത് രാഷ്ട്ര സമിതിക്ക് (ബിആർഎസ്) മൂന്ന് സീറ്റുകൾ മാത്രം നേടുമെന്നും അഭിപ്രായ സർവേ പ്രവചിക്കുന്നു. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന് ഒരു സീറ്റ് ലഭിച്ചേക്കും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 17ൽ 9 സീറ്റും ബിആർഎസ് നേടിയപ്പോൾ ബിജെപിയും കോൺഗ്രസും യഥാക്രമം നാലും മൂന്നും സീറ്റുകൾ നേടിയിരുന്നു.
തമിഴ്‌നാട്
തമിഴ്‌നാട്ടിൽ ഇന്ത്യ സഖ്യത്തിന് സമ്പൂർണ വിജയമാണ് സർവേ പ്രവചിക്കുന്നത്. സംസ്ഥാനത്തെ 39 ലോക്‌സഭാ സീറ്റുകളിലും പ്രതിപക്ഷം വിജയിക്കുമെന്നാണ് സർവേയിൽ പറയുന്നത്. കഴിഞ്ഞ തവണത്തേത് പോലെ തന്നെ ഈ വർഷവും എൻഡിഎക്ക് ഇവിടെ ഒരു സീറ്റ് പോലും നേടാൻ കഴിയില്ലെന്നാണ് സർവേ വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെ വമ്പിച്ച പ്രതിഷേധത്തിന് മുൻനിരയിൽ നിൽക്കുന്ന ഡിഎംകെ ഉൾപ്പെടെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്.
ആന്ധ്രാപ്രദേശ്
ആന്ധ്രാപ്രദേശിലെ 25 ലോക്‌സഭാ സീറ്റുകളിൽ 17ലും മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാർട്ടി (ടിഡിപി) വിജയിക്കുമെന്ന് മൂഡ് ഓഫ് ദി നാഷൺ സർവേ പ്രവചിക്കുന്നു. മറുവശത്ത്, ഭരണകക്ഷിയായ യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) ഈ വർഷം 8 ലോക്‌സഭാ സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വർഷം സംസ്ഥാനത്ത് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്കും പ്രതിപക്ഷത്തിന്റെ ഇന്ത്യാ സഖ്യത്തിനും ഇവിടെ സീറ്റുകളൊന്നും ലഭിച്ചേക്കില്ല എന്നാണ് സർവേ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications