ഇന്ത്യ-യുഎസ് വ്യാപാര കരാർ വൈകില്ല; സൂചനയുമായി വിദേശകാര്യ മന്ത്രി, മാർച്ചിൽ ഒപ്പിടാൻ സാധ്യത
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ഉടമ്പടി ഉടൻ ഒപ്പിടുമെന്ന സൂചനയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഉടമ്പടി പ്രകാരം, യുഎസ് ഇറക്കുമതി തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നാണ് വിവരം. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് നിർത്തി, അമേരിക്കയിൽ നിന്ന് 500 ബില്യൺ ഡോളറിന്റെ ഊർജ്ജ, സാങ്കേതിക ഉത്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ ഇതോടെ പ്രതിജ്ഞാബദ്ധമാകും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഒരു സുപ്രധാന മുന്നേറ്റമായാണ് ഇത് കണക്കാക്കുന്നത്. യുഎസ് സന്ദർശനം പൂർത്തിയാക്കിയ ജയശങ്കർ കൂടിക്കാഴ്‌ചകളെ ഫലപ്രദവും ക്രിയാത്മകവും എന്നാണ് വിശേഷിപ്പിച്ചത്.

യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് നന്ദി അറിയിച്ച അദ്ദേഹം, വ്യാപാര കരാർ വളരെ വേഗം പൂർത്തിയാക്കുമെന്നും വ്യക്തമാക്കി. ഈ കരാർ ഉഭയകക്ഷി ബന്ധങ്ങളിൽ പുതിയൊരു അധ്യായം തുറക്കും, ബന്ധങ്ങൾക്ക് വലിയ സാധ്യതകളും നൽകും എന്നും ജയശങ്കർ പറഞ്ഞു. കരാറിന്റെ വ്യാപ്‌തിയും ലക്ഷ്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വ്യാപാരത്തിനു പുറമെ, നിർണായക ലോഹസഹകരണത്തിലെ അതിവേഗ പുരോഗതി വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. ആഗോള വിതരണ ശൃംഖലയിലെ മാറ്റങ്ങൾക്കിടയിൽ ഇത് തന്ത്രപ്രധാനമാണ്. വരും ദിവസങ്ങളിൽ തന്ത്രപരമായ വിഷയങ്ങൾ, പ്രതിരോധ സഹകരണം, ഊർജ്ജ പങ്കാളിത്തം എന്നിവയിൽ ഇരുരാജ്യങ്ങളും സഹകരണം ദൃഢമാക്കുമെന്നും അദ്ദേഹം പറയുന്നു.
മൊത്തത്തിൽ, ശക്തമായൊരു മുന്നേറ്റം പ്രകടമാണ്' എന്നാണ് സമീപകാല ചർച്ചകൾക്ക് വ്യക്തമായ ഫലങ്ങളുണ്ടാകുമെന്ന ആത്മവിശ്വാസം ജയശങ്കർ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമൂഹമാധ്യമത്തിലൂടെ, ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50-ൽ നിന്ന് 18 ശതമാനമായി തീരുവ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതിനുശേഷം സാമ്പത്തിക, തന്ത്രപര, സുരക്ഷാ മേഖലകളിൽ ഇന്ത്യയും യുഎസും സഹകരണം ക്രമാനുഗതമായി വികസിപ്പിക്കുകയാണ്. കൂടാതെ ഇന്ത്യ-യുഎസ് വ്യാപാര കരാർ ഈ വർഷം മാർച്ചോടെ ഒപ്പുവെക്കുമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ഇന്ന് അറിയിച്ചിരുന്നു. ഇതുമായി ചേർന്ന് നിൽക്കുന്നതാണ് ജയശങ്കറിന്റെ വാക്കുകളും.
അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ഒരു സംയുക്ത പ്രസ്‌താവന ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുമെന്ന് വാണിജ്യ മന്ത്രി പറഞ്ഞു, എന്നാൽ അതിൽ എന്തായിരിക്കും അടങ്ങിയിരിക്കുക എന്ന കാര്യത്തിൽ അദ്ദേഹം വ്യക്തമാക്കാൻ തയ്യാറായിട്ടില്ല. ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് ഇന്ത്യയും യുഎസും തമ്മിലുള്ള നിർണായക വ്യാപാര കരാർ സാധ്യമാവുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും ഇത് മോശമായി ബാധിച്ചിരുന്നു.












Click it and Unblock the Notifications