'2028-ഓടെ ഇന്ത്യയ്ക്ക് സ്വന്തം സ്‍മാർട്ട്ഫോൺ, രൂപകൽപ്പനയും നിർമ്മാണവും രാജ്യത്ത് തന്നെ'; അശ്വിനി വൈഷ്‌ണവ്

ന്യൂഡൽഹി: ഇന്ത്യയുടെ സ്വന്തം തദ്ദേശീയ സ്‍മാർട്ട്ഫോൺ എന്ന ആശയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2028 ഒക്ടോബർ 23നകം ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ഇന്ത്യൻ ബ്രാൻഡിൽ വിപണിയിലെത്തിക്കുകയും ചെയ്യുന്ന മൊബൈൽ ഫോണുകൾ ലഭ്യമാകുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്‌ണവാണ് പ്രഖ്യാപിച്ചത്. ആപ്പിൾ, സാംസങ് തുടങ്ങിയ ആഗോള പ്രമുഖ കമ്പനികൾക്ക് സമാനമായി ഇന്ത്യൻ ബ്രാൻഡുകൾക്കും സ്‌മാർട്ട്ഫോൺ വിപണിയിൽ സ്ഥാനം നേടാനുള്ള ശേഷി വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മൊബൈൽ ഫോൺ രൂപകൽപ്പന ചെയ്യുന്നത് സങ്കീർണമായ സാങ്കേതിക പ്രവർത്തനമാണെന്ന് വൈഷ്‌ണവ് പറഞ്ഞു. റേഡിയോ തരംഗങ്ങൾ സ്വീകരിക്കുകയും കൈമാറുകയും ചെയ്യുന്ന സംവിധാനങ്ങൾ, ആന്റിന, പ്രോസസർ, മെമ്മറി, ക്യാമറ, ഡിസ്പ്ലേ, വൈദ്യുതി നിയന്ത്രണ സംവിധാനം തുടങ്ങി നിരവധി ഘടകങ്ങൾ ചെറിയൊരു ഉപകരണത്തിനുള്ളിൽ ക്രമീകരിക്കേണ്ടതുണ്ട്. ഫോണിന്റെ ഭാരം, വൈദ്യുതി ഉപയോഗം, പ്രവർത്തനക്ഷമത എന്നിവയും ഒരേസമയം പരിഗണിക്കണം.

smartphone

അതിനാൽ, ഫോൺ നിർമ്മിക്കുന്നതിനൊപ്പം അതിന്റെ അടിസ്ഥാന രൂപകൽപ്പനയും സാങ്കേതികവിദ്യയും രാജ്യത്ത് തന്നെ വികസിപ്പിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.മൂന്ന് വർഷം മുമ്പ് ഇന്ത്യൻ സാങ്കേതിക വിദഗ്‌ധർക്ക് മൊബൈൽ ഫോണിന്റെ പ്രധാന സർക്യൂട്ട് ബോർഡ് രൂപകൽപ്പന ചെയ്യാനുള്ള വെല്ലുവിളി നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

രണ്ട് കമ്പനികൾ ഈ ദൗത്യം ഏറ്റെടുത്തു. അതിലൊരു കമ്പനി വികസിപ്പിച്ച രൂപകൽപ്പന അമേരിക്കയിലെ പ്രമുഖ ടെലികോം സേവനദാതാവ് തിരഞ്ഞെടുക്കുകയും ചെയ്‌തു. ആ കമ്പനി രൂപകൽപ്പന ചെയ്‌ത അഞ്ചാം തലമുറയ്ക്ക് മുകളിലുള്ള സാങ്കേതിക ശേഷിയുള്ള മൊബൈൽ ഫോൺ നിർമ്മിച്ച് ഉപഭോക്താക്കൾക്ക് കൈമാറിയതായും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ മൂന്നര വർഷത്തിനിടെ ഇന്ത്യയിൽ മൊബൈൽ ഫോൺ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനും ആവശ്യമായ സാങ്കേതികശേഷി വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് മന്ത്രിയുടെ വാദം. ഈ ശേഷി ഉപയോഗിച്ച് ഇന്ത്യൻ ബ്രാൻഡും രൂപകൽപ്പനയും ബൗദ്ധിക സ്വത്തവകാശവും രാജ്യത്ത് നിലനിർത്തുന്ന ഫോണുകൾ വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത്തരം ഫോണുകൾ വിപണിയിൽ വലിയ സ്വീകാര്യത നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യത്തെ ഉൽപ്പാദനമേഖലയുടെ വളർച്ചയെക്കുറിച്ചും മന്ത്രി സംസാരിച്ചു. മുൻകാല കോൺഗ്രസ് സർക്കാരുകളുടെ നയങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും ഉൽപ്പാദനമേഖലയെ തടസപ്പെടുത്തിയെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. അതേസമയം, 2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കുന്ന മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ ആഭ്യന്തര ഉൽപ്പാദനത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ഇന്ത്യയിൽ ഇന്ന് മൊബൈൽ ഫോണുകൾക്കൊപ്പം ഡ്രോണുകൾ, മിസൈലുകൾ, ട്രെയിനുകൾ, മറ്റ് നൂതന ഉപകരണങ്ങൾ എന്നിവയും നിർമിക്കുന്നുണ്ടെന്ന് വൈഷ്‌ണവ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ കയറ്റുമതിയിൽ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ടെന്നും അടുത്ത ഘട്ടത്തിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma