ഇറാന്‍-ഇസ്രായേല്‍ യുദ്ധം, ഉരുള്‍പൊട്ടല്‍.. ഇപ്പോള്‍ ഹസീനയുടെ പതനവും; ജ്യോതിഷിയുടെ പ്രവചനം കിറുകൃത്യം
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നുള്ള ഷെയ്ഖ് ഹസീനയുടെ രാജിയും രാജ്യം വിടലും ലോകം തന്നെ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനിടെ ജ്യോതിഷിയുടെ മാസങ്ങള്‍ക്ക് മുന്‍പുള്ള പ്രവചനം ചര്‍ച്ചയാകുന്നു. പ്രശാന്ത് കിനി എന്ന ഇന്ത്യന്‍ ജ്യോതിഷിയാണ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഷെയ്ഖ് ഹസീനയുടെ പതനം പ്രവചിച്ച് കൊണ്ട് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു പ്രശാന്ത് കിനിയുടെ വൈറല്‍ പ്രവചനം. 2024 മെയ് മുതല്‍ ഓഗസ്റ്റ് വരെ ജാഗ്രതയോടെ തുടരാന്‍ പ്രശാന്ത് കിനി ഷെയ്ഖ് ഹസീനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അവര്‍ വധശ്രമങ്ങള്‍ നേരിടേണ്ടി വന്നേക്കാം എന്നും പ്രശാന്ത് കിനി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഓഗസ്റ്റില്‍ ഹസീനയുടെ പതനം സംഭവിച്ചതോടെ തന്റെ പ്രവചനം ശരിയായിരിക്കുന്നു എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രശാന്ത് കിനി.

നേരത്തെ വയനാട് ഉരുള്‍പൊട്ടലിനെ കുറിച്ചും അദ്ദേഹം സൂചന നല്‍കിയിരുന്നു. 'ജൂലൈ ആദ്യവാരത്തില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ റെക്കോര്‍ഡ് അളവില്‍ കനത്ത മഴ പെയ്യും. ദക്ഷിണേന്ത്യയിലെ പല ഹില്‍ സ്റ്റേഷനുകളിലും മേഘ സ്‌ഫോടനവും മണ്ണിടിച്ചിലും സാധ്യമാണ്, നിരവധി ഡാമുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ കവിഞ്ഞൊഴുകാന്‍ പോകുന്നു,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം.
ജൂണ്‍ 21 നായിരുന്നു അദ്ദേഹം ഈ ട്വീറ്റ് പങ്ക് വെച്ചത്. കൂടാതെ ഇറാന്‍-ഇസ്രായേല്‍ യുദ്ധം, നിഫ്റ്റി തകര്‍ച്ച എന്നിവയും അദ്ദേഹം കൃത്യമായി പ്രവചിച്ചിട്ടുണ്ട്. 2025 ല്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ പടിയിറങ്ങും എന്നും എന്നാല്‍ ഡികെ ശിവകുമാറായിരിക്കില്ല അടുത്ത മുഖ്യമന്ത്രി എന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. കൂടാതെ പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം പോലും ലഭിക്കില്ല എന്നും കിനിയുടെ പ്രവചനമുണ്ട്.
അതേസമയം ബംഗ്ലാദേശില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. സമീപകാലത്തെങ്ങുമില്ലാത്ത വിധം കലാപമുഖരിതമാണ് രാജ്യം. 1971 ലെ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയുടെ 30 ശതമാനം സംവരണം ചെയ്യാന്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ തീരുമാനിച്ചതാണ് വന്‍ പ്രതിഷേധങ്ങള്‍ക്ക് തിരി കൊളുത്തിയത്. ജൂണ്‍ അവസാന വാരം തുടങ്ങിയ പ്രതിഷേധം പൊടുന്നനെ ആളിപ്പടരുകയായിരുന്നു.
പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 350 ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. നാല് ലക്ഷത്തിലധികം പേരാണ് പ്രതിഷേധവുമായി ഇന്നലെ ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി ഇരച്ചെത്തിയത്. എന്നാല്‍ ഇതിന് മുന്‍പ് ഷെയ്ഖ് ഹസീനയും സഹോദരിയും ഇന്ത്യയിലേക്ക് രക്ഷപ്പെട്ടിരുന്നു. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ലഭിക്കുന്നത് വരെ ഇന്ത്യയില്‍ താല്‍ക്കാലിക അഭയം തേടിയിരിക്കുകയാണ്.












Click it and Unblock the Notifications