ഇന്ത്യൻ ഓഹരി വിപണികൾ ഒന്നാകെ കൂപ്പുകുത്തി; സെൻസെക്‌സ് 2345 പോയിന്റും നിഫ്റ്റി 704 പോയിന്റും ഇടിഞ്ഞു
മുംബൈ: യുഎസ്-ഇറാൻ സംഘർഷം രണ്ടാം വാരത്തിലെത്തിയതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്. സെൻസെക്‌സ് ഏകദേശം 2345 പോയിന്റ് താഴ്ന്ന് 3 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ, നിഫ്റ്റി 50-ക്ക് 704 പോയിന്റോളം നഷ്‌ടം നേരിട്ടു. ക്രൂഡ് ഓയിൽ വില 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതും ഇതിന് പിന്നാലെ സ്വർണം, വെള്ളി വിലകളിലെ തകർച്ചയും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുകയായിരുന്നു.
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ കടന്ന് കുതിച്ചുയർന്നു. ഇത് പ്രധാന ഷിപ്പിംഗ് പാതകളെ തടസ്സപ്പെടുത്തുകയും ആഗോള സാമ്പത്തിക വിപണികളെ പിടിച്ചുലയ്ക്കുകയും ചെയ്‌തിരുന്നു. വാൾസ്ട്രീറ്റ് ഫ്യൂച്ചേഴ്‌സിന്റെയും ഏഷ്യൻ, ഇന്ത്യൻ സൂചികകളുടെയും ഇടിവിനാണ് എല്ലാ ഘടകങ്ങളും ചേർന്ന് വഴിയൊരുക്കിയത്.

ക്രൂഡ് ഓയിൽ വിലക്കയറ്റത്തിന് കാരണം അമേരിക്കയും ഇസ്രായേലും ഇറാന് നേരെ തുടരുന്ന സൈനിക നടപടികളാണ്. ഇറാനിയൻ സേനയുടെ ആക്രമണ ഭീഷണി മൂലം ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസപ്പെട്ടു. ഇതാണ് വില കുത്തനെ കൂടാൻ ഇടയാക്കിയത്. അത് കണക്കിലെടുക്കുമ്പോൾ നിലവിലെ സ്ഥിതി തുടരാനാണ് സാധ്യത. കാരണം യുദ്ധം നിർത്തുന്നതിന്റെ യാതൊരു സൂചനയും പ്രകടമല്ല.
ഇന്ത്യക്കും തിരിച്ചടി
ലോകത്തിലെ മൂന്നാമത്തെ വലിയ അസംസ്‌കൃത എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യക്ക്, ഊർജ്ജ വിലകളിലെ കുതിപ്പ് കടുത്ത സാമ്പത്തിക വെല്ലുവിളിയാണ്. ഉയർന്ന എണ്ണവില ഇന്ത്യയുടെ ധനക്കമ്മി വർധിപ്പിക്കാനും, പണപ്പെരുപ്പം കൂട്ടാനും, ഉൽപ്പാദനച്ചെലവ് ഉയർത്തി കോർപ്പറേറ്റുകളുടെ ലാഭം കുറയ്ക്കാനും സാധ്യതയുണ്ട്. ഇറക്കുമതി വർധനവ് രൂപയുടെ മൂല്യം ഇടിയാനും കാരണമായേക്കാം.
മറ്റൊരു പ്രശ്‌നം എന്തെന്നാൽ ഈ സാഹചര്യം പശ്ചിമേഷ്യയിലെ സംഘർഷം അവസാനിച്ചാലും നിലനിൽക്കാമെന്ന് സാമ്പത്തിക പലരും മുന്നറിയിപ്പ് നൽകുന്നു. തകർന്ന അടിസ്ഥാന സൗകര്യങ്ങൾ, വിതരണ ശൃംഖലയിലെ തടസം, വർധിച്ച ഷിപ്പിംഗ് അപകടസാധ്യത എന്നിവ കാരണം ആഗോള ഇന്ധനവില മാസങ്ങളോളം ഉയർന്നേക്കാം.
ഈ ഭൗമ-രാഷ്ട്രീയ പിരിമുറുക്കമാണ് ഇന്ത്യൻ ഓഹരി വിപണിയെ സാരമായി ബാധിച്ചത്. കഴിഞ്ഞയാഴ്‌ചയും സമാനമായ ഇടിവുകൾ നേരിട്ടിരുന്നു. നിഫ്റ്റി 50-യും എസ്&പി ബിഎസ്ഇ സെൻസെക്‌സും 2.9 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും, ഇത് ഒരു വർഷത്തിലെ ഏറ്റവും വലിയ പ്രതിവാര തകർച്ചയാവുകയും ചെയ്‌തിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്നും ഇടിവ് രേഖപെടുത്തിയത്.
വിദേശ സ്ഥാപന നിക്ഷേപകർ കടുത്ത വിൽപനക്കാരായി മാറിയിരിക്കുകയാണ്. എക്സ്ചേഞ്ച് താൽക്കാലിക കണക്കുകൾ പ്രകാരം, വെള്ളിയാഴ്‌ച 6030 കോടി രൂപയുടെ ഓഹരികൾ അവർ വിറ്റഴിച്ചു. ആഭ്യന്തര സ്ഥാപന നിക്ഷേപകർ വാങ്ങിയ 6972 കോടി രൂപയെ ഇത് ഒന്നുമല്ലാതാക്കി. ഇതേ വീഴ്‌ച ഇനിയും തുടരുമോ എന്നാണ് ഇനി അറിയേണ്ടത്.












Click it and Unblock the Notifications