യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു, കാർകീവിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത് കർണാടക സ്വദേശി
ദില്ലി: റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. യുക്രൈനിലെ കാര്‍ഖീവിലുണ്ടായ ഷെല്ലാക്രമണത്തിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ നവീന്‍ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 21കാരനായ നവീന്‍ കര്‍ണാടകയിലെ ഹാവേരി സ്വദേശിയാണ്. യുക്രൈനില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് നവീന്‍. മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നവീന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു.
Recommended Video
'' ഇന്ന് രാവിലെ കാര്‍കീവിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ട വിവരം ദുഖത്തോടെ അറിയിക്കുന്നു. വിദേശകാര്യ മന്ത്രാലയം അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്. കുടുംബത്തെ അനുശോചനം അറിയിക്കുന്നു'', അരിന്ദം ബഗ്ചി ട്വീറ്റ് ചെയ്തു. രാവിലെ സാധനങ്ങള്‍ വാങ്ങിക്കുന്നതിന് വേണ്ടി കടയിലേക്ക് പോകാനായി പുറത്തിറങ്ങിയപ്പോഴുണ്ടായ ആക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്.

ഉക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ കാര്‍കീവില്‍ റഷ്യന്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നഗരത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ കെട്ടിടം അടക്കം സ്‌ഫോടനത്തില്‍ റഷ്യ തകര്‍ത്തു. നവീന്‍ ശേഖരപ്പയുമായി രാവിലെ എട്ട് മണിക്ക് സുഹൃത്ത് സംസാരിച്ചിരുന്നു. നഗരത്തില്‍ നിന്ന് പുറത്ത് കടക്കാനുളള വഴികള്‍ തേടുകയായിരുന്നു നവീന്‍ എന്ന് റൂംമേറ്റ് പറയുന്നു. ഗവര്‍ണറുടെ വസതിക്ക് സമീപത്തായിട്ടായിരുന്നു നവീന്‍ താമസിച്ചിരുന്നത് എന്ന് കര്‍കീവിലെ സ്റ്റുഡന്റ്‌സ് കോര്‍ഡിനേറ്റര്‍ ആയ പൂജ പ്രഹരാജ് പറയുന്നു.
ഭക്ഷണം വാങ്ങിക്കുന്നതിനുളള ക്യൂവില്‍ നില്‍ക്കുകയായിരുന്നു നവീന്‍. പെട്ടെന്നാണ് ഒരു പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തില്‍ ഗവര്‍ണറുടെ വസതി തകരുകയും നവീന്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നും പൂജ പറഞ്ഞു. പൊട്ടിത്തറി നടന്ന സ്ഥലത്ത് നിന്നും നവീന്റെ ഫോണില്‍ നിന്ന് ഒരു സ്ത്രീ ആണ് വിളിച്ചത്. നവീന്റെ ഫോണില്‍ നിന്നാണ് വിളിക്കുന്നത് എന്നും ഈ ഫോണിന്റെ ഉടമസ്ഥനെ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി എന്ന് പറയുകയും ചെയ്തുവെന്നും പൂജ കൂട്ടിച്ചേര്‍ത്തു. യുക്രൈനിലെ യുദ്ധത്തിനിടെ ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പൗരന് ജീവന്‍ നഷ്ടപ്പെടുന്നത്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് സുരക്ഷിതമായി പുറത്തേക്ക് കടക്കാനുളള സൗകര്യം റഷ്യയും യുക്രൈനും ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യ ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തിൽ ഇന്ത്യക്കാർ യുക്രൈൻ തലസ്ഥാനമായ കീവ് അടിയന്തരമായി വിടണമെന്ന് ഇന്ത്യൻ എംബസി ഇന്ന് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications