കാനഡയില്‍ പഠിക്കുന്നവരാണോ? ജാഗ്രത വേണം, ആത്മഹത്യകളുണ്ടായി; മുന്നറിയിപ്പുമായി മുന്‍ ഹൈക്കമ്മീഷണര്‍
ന്യൂഡല്‍ഹി: കാനഡയില്‍ വിദേശ പഠനം തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി കാനഡയിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മ. ഉന്നത വിദ്യാഭ്യാസത്തിന് വിദേശ രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വലിയ റിസ്‌കുണ്ട്. രക്ഷിതാക്കള്‍ കുട്ടികളെ വിദേശത്തേക്ക് അയക്കുന്നതിന് മുമ്പ് കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
2022ല്‍ ഞാന്‍ ഹൈക്കമ്മീഷണറായ കാലയളവില്‍ പ്രതിവാരം രണ്ട് വീതം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചിരുന്നത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമികപരമായും, സാമ്പത്തികപരമായും സമ്മര്‍ദങ്ങളിലായിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതെന്നും സഞ്ജയ് വര്‍മ പറഞ്ഞു.

കാനഡയിലെ കോളേജുകളെ കുറിച്ച് കൃത്യമായ വിലയിരുത്തല്‍ ആവശ്യമാണ്. പല ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും നിലവാരം കുറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് എത്തിപ്പെടുന്നത്. ക്ലാസ് റൂം സൗകര്യങ്ങള്‍ വളരെ കുറവാണ് ഇത്തരം കോളേജുകള്‍. പലര്‍ക്കും താമസിക്കാന്‍ ലഭിക്കുന്ന ഡോര്‍മിറ്ററികള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒരു മുറിയില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ വരെ താമസിക്കേണ്ട അവസ്ഥയുണ്ടെന്നും സഞ്ജയ് വര്‍മ വ്യക്തമാക്കി.
സ്വന്തം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഇന്ത്യയില്‍ നിരവധി കുടുംബങ്ങള്‍ ഒരുപാട് പണം മുടക്കുന്നുണ്ട്. വലിയ ചെലവുകള്‍ വരുന്നതിനാല്‍ പലരും സ്വന്തം വസ്തുക്കള്‍ വില്‍ക്കുകയോ, വായ്പയെടുക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാല്‍ കാനഡയിലെ സാഹചര്യങ്ങള്‍ അത്ര ശുഭകരമല്ല. എഞ്ചിനീയറിങ് പോലുള്ള ജോലികളില്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടും, വളരെ കുറഞ്ഞ ശമ്പളത്തിലാണ് പലരും ജോലി ചെയ്യുന്നത്. ടാക്‌സി ഡ്രൈവര്‍ മുതല്‍ ചെറിയ കടകളിലെ ജീവനക്കാരായി വരെ ജോലി ചെയ്യുന്നവരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കാനഡയില്‍ 4,27000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്ക, ചൈന, ഗ്രീസ്, യുക്രൈന്‍ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. എന്നാല്‍ ടൊറന്റോ യൂണിവേഴ്‌സിറ്റി, മക്ഗില്‍ യൂണിവേഴ്‌സിറ്റി പോലുള്ള പ്രശസ്തമായ സര്‍വകലാശാലകളില്‍ ഇതില്‍ ഭൂരിഭാഗം കുട്ടികളും പഠിക്കുന്നില്ലെന്നാണ് സഞ്ജയ് വര്‍മ പറയുന്നത്.
കടുത്ത വിദ്യാഭ്യാസ ചെലവുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയില്‍ നേരിടേണ്ടി വരുന്നത്. കനേഡിയന്‍ വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ഫീസ് നാല് മടങ്ങ് അധികമാണ്. ഓരോ കുടുംബവും കൃത്യമായി അന്വേഷിച്ച് മാത്രം വിദ്യാര്‍ത്ഥികളെ കാനഡയിലേക്ക് അയക്കുക. പഠിക്കാന്‍ അയക്കുന്ന കോളേജുകളുടെ നിലവാരം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ താല്‍പര്യം സംരക്ഷിക്കണമെന്ന് നേരത്തെ കാനഡയോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പറയുന്നു. വിദ്യാര്‍ത്ഥികളോട് അവരുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാന്‍ പറഞ്ഞിരുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുമെന്നും സഞ്ജയ് വര്‍മ പറഞ്ഞു.
അതേസമയം ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് സഞ്ജയ് വര്‍മ അടക്കമുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു. ട്രൂഡോയാണ് ബന്ധം വഷളാവാന്‍ കാരണമെന്ന് സഞ്ജയ് വര്‍മ നേരത്തെ ആരോപിച്ചിരുന്നു. ഖലിസ്ഥാനി തീവ്രവാദികളും, ഇന്ത്യ വിരുദ്ധ ശക്തികളുമാണ് ജസ്റ്റിന്‍ ട്രൂഡോയുടെ സൗഹൃദവലയത്തിലുള്ളത്. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് ഇവരെ ട്രൂഡോ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതെന്നും സഞ്ജയ് വര്‍മ പറഞ്ഞു.












Click it and Unblock the Notifications