Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലാസ്‌റ്റിക് കറൻസി നോട്ടുകൾ അടുത്ത സാമ്പത്തിക വർഷം മുതൽ വരുമെന്ന് ആർബിഐ; പേപ്പർ ഉപേക്ഷിക്കുമോ?

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്‌റ്റിക് (പോളിമർ) കറൻസി നോട്ടുകൾ അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ പ്രചാരത്തിലിറങ്ങുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. ധനനയ പ്രഖ്യാപനത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കവേ, പദ്ധതി നിലവിൽ പരീക്ഷണഘട്ടത്തിലാണെന്നും, ഫീൽഡ് ട്രയലിന്റെ ഫലങ്ങൾ വിലയിരുത്തിയ ശേഷമേ രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

പരീക്ഷണാടിസ്ഥാനത്തിൽ 10 രൂപ, 20 രൂപ മൂല്യമുള്ള 100 കോടി വീതം, ആകെ 200 കോടി പോളിമർ നോട്ടുകൾ അച്ചടിക്കാൻ കേന്ദ്ര സർക്കാർ റിസർവ് ബാങ്കിന് അനുമതി നൽകിയിട്ടുണ്ട്. നിലവിൽ പേപ്പർ നോട്ടുകൾ പൂർണമായും പിൻവലിക്കാൻ പദ്ധതിയില്ലെന്നും, പോളിമർ നോട്ടുകളും പേപ്പർ നോട്ടുകളും ഒരുപോലെ നിയമപരമായ കറൻസിയായി തുടരുമെന്നും ആർബിഐ അറിയിച്ചു.

currency

പോളിമർ നോട്ടുകൾ അവതരിപ്പിക്കുന്നതിന് രണ്ട് പ്രധാന ലക്ഷ്യങ്ങളുണ്ടെന്ന് സഞ്ജയ് മൽഹോത്ര അറിയിച്ചു. ഒന്നാമതായി, ഇവയ്ക്ക് കൂടുതൽ ഈടുനിൽപ്പ് ലഭിക്കും. പ്രത്യേകിച്ച് 10 രൂപ, 20 രൂപ പോലുള്ള ചെറിയ മൂല്യമുള്ള നോട്ടുകൾ വളരെ വേഗത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നതിനാൽ അവയുടെ ആയുസ് കുറവാണ്. എന്നാൽ പോളിമർ നോട്ടുകൾ ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങളിലെ അനുഭവം അനുസരിച്ച്, ഇവയുടെ ആയുസ് പേപ്പർ നോട്ടുകളേക്കാൾ രണ്ടു മുതൽ നാല് മടങ്ങ് വരെ കൂടുതലാണ്.

രണ്ടാമതായി, രാജ്യത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കറൻസി അച്ചടിക്കുന്ന ശേഷി വർധിപ്പിക്കാനും പോളിമർ നോട്ടുകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കാലാവസ്ഥയിലും ഉപയോഗ സാഹചര്യങ്ങളിലും ഈ നോട്ടുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദമായി പരിശോധിക്കുമെന്നും, അതിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതി വിപുലീകരിക്കണോ, മാറ്റങ്ങളോടെ നടപ്പാക്കണോയെന്ന് തീരുമാനിക്കുകയെന്നും ആർബിഐ ഗവർണർ വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി, ആർബിഐയുടെ കറൻസി അച്ചടി സ്ഥാപനമായ ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് അത്യാധുനിക സുരക്ഷാ സവിശേഷതകളുള്ള പോളിമർ സബ്സ്ട്രേറ്റ് ഷീറ്റുകൾ വിതരണം ചെയ്യാൻ ആഗോള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏകദേശം 50 ലക്ഷം കോടി രൂപ മൂല്യമുള്ള പഴകിയതും കേടായതുമായ നോട്ടുകൾ രാജ്യത്ത് നിന്ന് പിൻവലിച്ചതിനെ തുടർന്നാണ് ഈ നീക്കം.

2017-18 സാമ്പത്തിക വർഷം മുതൽ ഓരോ 100 പുതിയ നോട്ടുകൾ പുറത്തിറക്കുമ്പോഴും ശരാശരി 71 പഴകിയ നോട്ടുകൾ ആർബിഐ പ്രചാരത്തിൽ നിന്ന് പിൻവലിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ടെൻഡറിൽ പങ്കെടുക്കുന്ന കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ സുരക്ഷാ അനുമതി നിർബന്ധമാണ്. കൂടാതെ, ചൈനയുമായോ പാകിസ്ഥാനുമായോ ബന്ധപ്പെട്ട സ്ഥാപനങ്ങൾ, പ്രവർത്തനങ്ങൾ, അസംസ്‌കൃത വസ്‌തുക്കൾ എന്നിവ സംബന്ധിച്ച കർശന മാനദണ്ഡങ്ങളും പാലിക്കേണ്ടിവരുമെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇന്ത്യയിൽ പോളിമർ നോട്ടുകൾ പരീക്ഷിക്കുന്നതിനുള്ള ആദ്യ പദ്ധതി 2012-ലാണ് അംഗീകരിച്ചത്. വിവിധ കാലാവസ്ഥാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി കൊച്ചി, മൈസൂരു, ജയ്‌പൂർ, ഭുവനേശ്വർ, ഷിംല എന്നീ അഞ്ച് നഗരങ്ങളിലാണ് പരീക്ഷണം നടത്താൻ തീരുമാനിച്ചിരുന്നത്. പല കാരണങ്ങളാലും ഈ നോട്ടുകൾക്ക് സംഭവിച്ച കേടുപാടുകളും കണക്കിലെടുത്ത് പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+