പാകിസ്ഥാനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ സൈനിക നടപടി; യുപിയിൽ 17 പെൺകുട്ടികൾക്ക് 'സിന്ദൂർ' എന്ന് പേരിട്ട് ആദരവ്
ലഖ്‌നൗ: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയുമായി പാകിസ്ഥാനിലേക്ക് കടന്നുകയറി ഭീകരർക്ക് എതിരെ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഇപ്പോഴിതാ ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, യുപിയിൽ 17 നവജാത ശിശുക്കൾക്ക് അവരുടെ കുടുംബങ്ങൾ സിന്ദൂർ എന്ന് പേരിട്ടിരിക്കുകയാണ്. അതും ഒരു മെഡിക്കൽ കോളേജിൽ മാത്രം നടന്ന സംഭവമാണിത്.
യുപിയിലെ കുശിനഗർ മെഡിക്കൽ കോളേജിലാണ് സംഭവം. ഇത് സംബന്ധിച്ച വിവരങ്ങൾ ആശുപത്രി അധികൃതർ തന്നെയാണ് പങ്കുവച്ചത്. 'മെയ് 10, 11 തീയതികളിൽ കുശിനഗർ മെഡിക്കൽ കോളേജിൽ ജനിച്ച 17 നവജാത ശിശുക്കൾക്ക് അവരുടെ കുടുംബാംഗങ്ങൾ സിന്ദൂർ എന്ന് പേരിട്ടു' പ്രിൻസിപ്പൽ ഡോ. ആർകെ ഷാഹിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു.

പഹൽഗാം ഭീകരാക്രമണത്തിന് പകരമായി പാകിസ്ഥാന് ഉചിതമായ മറുപടി നൽകിയതിന് ഇന്ത്യൻ സായുധ സേനയെ പ്രശംസിച്ചുകൊണ്ട്, അടുത്തിടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ കുശിനഗർ നിവാസിയായ അർച്ചന ഷാഹി, തന്റെ മകൾക്ക് സൈനിക നടപടിയുടെ പേരായ സിന്ദൂർ എന്നാണ് നൽകിയതെന്ന് വ്യക്തമാക്കി.
'പഹൽഗാം ആക്രമണത്തെത്തുടർന്ന്, ഭർത്താക്കന്മാർ നഷ്‌ടപ്പെട്ട നിരവധി വിവാഹിതരായ സ്ത്രീകളുടെ ജീവിതം തകർന്നു. അതിനുള്ള പ്രതികരണമായാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ഇതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഇപ്പോൾ, സിന്ദൂർ ഒരു വാക്കല്ല, ഒരു വികാരമാണ്. അതിനാൽ ഞങ്ങളുടെ മകൾക്ക് സിന്ദൂർ എന്ന് പേരിടാൻ ഞങ്ങൾ തീരുമാനിച്ചു' അർച്ചന എത്തി.
'എന്റെ മകൾ വലുതാകുമ്പോൾ, ഈ വാക്കിന്റെ യഥാർത്ഥ അർത്ഥം അവൾ മനസിലാക്കുകയും ഭാരതമാതാവിന് വേണ്ടി കടമയുള്ള സ്ത്രീയായി സ്വയം അവതരിപ്പിക്കുകയും ചെയ്യും' എന്നാണ് മകൾക്ക് സിന്ദൂർ എന്ന് പേര് നൽകിയ മദൻ ഗുപ്‌ത പറഞ്ഞത്. ഇത്തരത്തിൽ നിരവധി പേരാണ് സിന്ദൂർ എന്ന പേര് നൽകി കൊണ്ട് ഇതിൽ പങ്കാളികളായത്.
ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർക്കാണ് ജീവൻ നഷ്‍ടമായത്. അതിൽ ഒരു നേപ്പാളി പൗരനും ഉൾപ്പെട്ടിരുന്നു. ഇതിന് പകരമായാണ് ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും ഭീകരവാദികളുടെ ക്യാമ്പുകൾ തകർത്തത്. ഒമ്പതോളം ക്യാമ്പുകളാണ് ഇന്ത്യ വ്യോമാക്രമണത്തിൽ തകർത്തത്, ഇതോടെയാണ് സംഘർഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടത്. നിലവിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications