യുഎസ് തീരുവ വെട്ടിക്കുറച്ചതിന് പിന്നാലെ ഇന്ത്യയുടെ കടുത്ത നീക്കം; റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്ക്കും
ന്യൂഡൽഹി: വ്യാപാര തീരുവ കുറയ്ക്കാമെന്ന അമേരിക്കൻ വാഗ്‌ദാനത്തെ തുടർന്ന് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്ക്കാമെന്ന ഇന്ത്യയുടെ ഉറപ്പിന്മേൽ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള 25 ശതമാനം അധിക തീരുവ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒഴിവാക്കി ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഈ നീക്കം.
എണ്ണ ശുദ്ധീകരണശാലകൾക്ക് ഇതുവരെ ഔദ്യോഗിക ഉത്തരവുകൾ ലഭിച്ചിട്ടില്ലെങ്കിലും, ഇറക്കുമതി കുറയ്ക്കാൻ അനൗദ്യോഗിക നിർദേശം ലഭിച്ചതായി വാർത്താ ഏജൻസിയായ പിടിഐ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്‌ച നടന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തിൽ, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയാണ് ഇന്ത്യയുടെ തീരുമാനങ്ങൾക്ക് പിന്നിലെന്ന് വക്താവ് രൺധീർ ജയ്‌വാൾ വ്യക്തമാക്കിയിരുന്നു.

'140 കോടി ഇന്ത്യക്കാരുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നത് ഞങ്ങളുടെ സർക്കാരിന്റെ പരമപ്രധാനമായ കടമയാണ്. വിപണി സാഹചര്യങ്ങൾക്കും മാറുന്ന അന്താരാഷ്ട്ര സാഹചര്യങ്ങൾക്കും അനുസരിച്ച് ഊർജ സ്രോതസുകൾ വൈവിധ്യവൽക്കരിക്കുന്നത് ഇത് ഉറപ്പാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ഇത് മനസിൽ കണ്ടുകൊണ്ടാണ് ഇന്ത്യയുടെ എല്ലാ തീരുമാനങ്ങളും എടുത്തിട്ടുള്ളതും എടുക്കാൻ പോകുന്നതും' ജയ്‌വാൾ കൂട്ടിച്ചേർത്തു.
മിക്ക ഇന്ത്യൻ എണ്ണ ശുദ്ധീകരണശാലകളും നിലവിലുള്ള കരാറുകൾ പൂർത്തിയാക്കുമെങ്കിലും പുതിയ ഓർഡറുകൾ നൽകില്ലെന്നാണ് വിവരം. യുഎസ് ഉപരോധങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം തന്നെ എച്ച്പിസിഎൽ, എംആർപിഎൽ, എച്ച്എംഇഎൽ തുടങ്ങിയ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് ഏതാണ്ട് നിർത്തിയിരുന്നു.
ഐഓസിയും ബിപിസിഎല്ലും റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്ക്കാൻ തയ്യാറെടുക്കുകയാണ് നിലവിൽ. ഇന്ത്യയിലെ ഏറ്റവും വലിയ വാങ്ങൽക്കാരായ റിലയൻസ് ഇൻഡസ്ട്രീസ്, 1.5 ലക്ഷം ബാരലിന്റെ അവസാന ഷിപ്പ്‌മെന്റ് ലഭിക്കുന്നതോടെ റഷ്യൻ എണ്ണ വാങ്ങുന്നത് പൂർണമായി നിർത്തുമെന്നാണ് സൂചന. ഇതും യുഎസുമായുള്ള കരാറുമായി ചേർന്ന് നിൽക്കുന്നു.
എന്നാൽ നയാര എനർജി ഇതിൽ നിന്ന് വേറിട്ട നിലപാടാണ് സ്വീകരിക്കുന്നത്. റോസ്നെഫ്റ്റിന് 49.13 ശതമാനം ഓഹരിയുള്ള ഈ കമ്പനിക്ക്, റഷ്യൻ ബന്ധം കാരണം യൂറോപ്യൻ യൂണിയന്റെയും യുകെയുടെയും ഉപരോധങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. മറ്റ് വഴികളില്ലാത്തതിനാൽ, ഉപരോധമില്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ അവർ നിർബന്ധിതരാകുകയാണ്.
അമേരിക്കയുടെ ഉപരോധങ്ങളെ തുടർന്ന് റോസ്നെഫ്റ്റിൽ നിന്നും ലുക്കോയിലിനും ഉള്ളിൽ നിന്നുമുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023 മെയ് മാസത്തിൽ പ്രതിദിനം 21 ലക്ഷം ബാരലായിരുന്നത്, ഇക്കഴിഞ്ഞ ഡിസംബറിൽ 12 ലക്ഷമായും ജനുവരിയിൽ 11 ലക്ഷമായും കുറഞ്ഞു. ഇറക്കുമതി ഉടൻതന്നെ 10 ലക്ഷം ബാരലിൽ താഴെ എത്തുമെന്നാണ് കരുതുന്നത്.
അടുത്തിടെ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പിന്നാലെയാണ് റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യ തിരശീല ഇടുന്നത്. കുറഞ്ഞ ചിലവിൽ, പലവിധ ആനുകൂല്യങ്ങളോടെ ആയിരുന്നു ഇക്കാലമത്രയും ഇന്ത്യയ്ക്ക് റഷ്യ എണ്ണ നൽകിയിരുന്നത്. എന്നാൽ യുഎസ് പിന്തുണയോടെ വെനസ്വലൻ എണ്ണയാവും ഇന്ത്യ വാങ്ങുക.












Click it and Unblock the Notifications