ബെംഗളൂരുവിലെ നിർണായകമായ എലിവേറ്റഡ് ഇടനാഴിക്ക് നൂതന സാങ്കേതിക വിദ്യ; ഡിസംബറിൽ പണി തുടങ്ങും
ബെംഗളൂരു: നഗരത്തിന്റെ ഗതാഗത മേഖലയിൽ നിർണായകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി 110 കിലോമീറ്റർ എലിവേറ്റഡ് ഇടനാഴി പദ്ധതിക്ക് ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈൽ) രൂപം നൽകിയത് അടുത്തിടെയാണ്. 18,000 കോടി രൂപയുടെ ഈ പദ്ധതിക്ക് ഇപ്പോഴിതാ നൂതന പ്രീകാസ്‌റ്റ് കോൺക്രീറ്റ് സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തുന്നത്. അത് നിർമ്മാണ സമയം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. കർണ്ണാടക സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഡിസംബറിൽ പണി ആരംഭിച്ച് 18 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.
നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുക എന്നതാണ് ഈ എലിവേറ്റഡ് റോഡ് ശൃംഖലയുടെ പ്രധാന ലക്ഷ്യം. ഇത് പുറം ബെംഗളൂരുവിനെയും പ്രധാന പാതകളെയും ബന്ധിപ്പിക്കും. വിമാനത്താവള പാതയിലേക്കടക്കം വേഗത്തിലുള്ള ഇന്റർചേഞ്ചുകൾ സാധ്യമാക്കും. പദ്ധതിച്ചെലവിൽ 3,000 കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി മാറ്റിവെച്ചിട്ടുണ്ട്. ഇത് ടോൾ പിരിക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ നടപ്പിലാക്കും.

നിർമ്മാണത്തിന് പുത്തൻ സാങ്കേതിക വിദ്യ
ഇടനാഴി നിർമ്മാണത്തിന് അൾട്രാ-ഹൈ-പെർഫോമൻസ് ഫൈബർ-റീൻഫോഴ്‌സ്‌ഡ് കോൺക്രീറ്റ് (യുഎച്ച്പിസി) ഘടനകളാണ് ഉപയോഗിക്കുന്നത്. ഫാക്‌ടറിയിൽ മുൻകൂട്ടി നിർമ്മിക്കുന്ന ഘടകങ്ങൾ നിർമ്മാണ സൈറ്റിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത് ഗുണനിലവാരം ഉയർത്താനും സൈറ്റിലെ തൊഴിലാളികളെ കുറയ്ക്കാനും പരമ്പരാഗത രീതികളേക്കാൾ വേഗത്തിൽ പദ്ധതി പൂർത്തിയാക്കാനും സഹായിക്കുമെന്ന് എഞ്ചിനീയർമാർ ചൂണ്ടിക്കാട്ടുന്നു.
സമാന സാങ്കേതികവിദ്യയുടെ പ്രയോഗം പഠിക്കുന്നതിനായി ബി-സ്മൈൽ ഉദ്യോഗസ്ഥർ നാഗ്‌പൂർ സന്ദർശിച്ചിരുന്നു. അവിടുത്തെ നിർമ്മിതികളുടെ ഈടുനിൽപ്പ്, കൂട്ടിച്ചേർക്കാനുള്ള വേഗത, കനത്ത ഗതാഗത സാഹചര്യങ്ങളിലെ പ്രകടനം എന്നിവ അവർ കൃത്യമായി വിലയിരുത്തി. ഈ പഠനങ്ങൾ, പ്രീകാസ്‌റ്റ് യുഎച്ച്പിസി സംവിധാനം 18 മാസത്തെ നിർമ്മാണ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുമെന്ന ആത്മവിശ്വാസം വർധിപ്പിച്ചു.
ഡിപിആർ തയ്യാറാക്കാൻ ഒരു വർഷം
ഒരു വർഷം നീണ്ട ട്രാഫിക് പഠനത്തിന് ശേഷമാണ് ഡിപിആർ (വിശദമായ പദ്ധതി റിപ്പോർട്ട്) തയ്യാറാക്കിയതെന്ന് ബി-സ്മൈൽ സാങ്കേതിക ഡയറക്‌ടർ ബിഎസ് പ്രഹളാദ് പറഞ്ഞു. 'ഡിപിആർ തയ്യാറാക്കുമ്പോൾ ലഭിച്ച നിരവധി ആശയങ്ങൾ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്' പ്രധാന റോഡുകളിലൂടെ കടന്നുപോകുന്ന ഈ എലിവേറ്റഡ് ശൃംഖലയ്ക്ക് പ്രധാന ജംഗ്ഷനുകളിൽ പ്രവേശന, നിർഗമന കവാടങ്ങളുമുണ്ടാകും.
പദ്ധതിക്ക് സർക്കാർ തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നും ഡിപിആറിന് അംഗീകാരം ലഭിച്ചാൽ ഡിസംബറിൽ പണി ആരംഭിക്കുമെന്നും പ്രഹളാദ് വ്യക്തമാക്കി. പിപിപി മാതൃകയിൽ ടോൾ ഈടാക്കുന്ന ഈ ഇടനാഴിയിൽ, ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയിലേതുപോലുള്ള ടോൾ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടക സർക്കാരിന്റെ പ്രത്യേക ഉദ്ദേശ്യ വാഹനമായ ബി-സ്മൈൽ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നതും സ്വകാര്യ പങ്കാളിത്തം നിയന്ത്രിക്കുന്നതും.
ഇൻഫ്രാ സപ്പോർട്ട്, കണ്ണൻ സിദ്ധിശക്തി, നാഗേഷ് കൺസൾട്ടന്റ്സ് എന്നിവർ സംയുക്തമായാണ് ഡിപിആർ. തയ്യാറാക്കിയത്. ഗതാഗതം, ഘടന, സാമ്പത്തിക കാര്യങ്ങളിലെ വൈദഗ്ദ്ധ്യം സംയോജിപ്പിച്ചാണ് റിപ്പോർട്ട് ഒരുക്കിയത്. ബെംഗളൂരുവിൽ 110 കിലോമീറ്റർ പൂർണമായും എലിവേറ്റഡ് ഇടനാഴിക്ക് 18,000 കോടി രൂപയാണ് മൊത്തം ചെലവ്. ഇതിൽ 3000 കോടി രൂപ ഭൂമി ഏറ്റെടുക്കാൻ മാറ്റിവെച്ചിട്ടുണ്ട്.














Click it and Unblock the Notifications