'ഇൻഷുറൻസും നഷ്ടപരിഹാരവും രണ്ടാണ്'; അഗ്നിവീർ വിഷയത്തിൽ കേന്ദ്രത്തിനെതിരെ വീണ്ടും രാഹുൽ
ഡൽഹി: അഗ്നിവീർ പദ്ധതിയിൽ കേന്ദ്രത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജമ്മുകാശ്മീരിൽ വീരമൃത്യു വരിച്ച അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് ഇതുവരേയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. നഷ്ടപരിഹാരവും ഇൻഷുറൻസും തമ്മിൽ വ്യത്യാസമുണ്ടെന്നും രാഹുൽ പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'വീരമൃത്യു വരിച്ച അഗ്നിവീർ അജയ് കുമാറിൻ്റെ കുടുംബത്തിന് ഇതുവരെ സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. 'നഷ്ടപരിഹാരവും' 'ഇൻഷുറൻസും' തമ്മിൽ വ്യത്യാസമുണ്ട്. ഇൻഷുറൻസ് കമ്പനിയാണ് വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബത്തിന് തുക കൈമാറിയത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിക്കാനുള്ള നഷ്ടപരിഹാരം ഇതുവരെ കുടുംബത്തിന് ലഭിച്ചിട്ടില്ല.

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കുന്ന ഓരോ ജവാന്റേയും കുടുംബത്തെ ബഹുമാനിക്കണം. എന്നാൽ മോദി സർക്കാർ അവരോട് വിവേചനം കാണിക്കുകയാണ്. സർക്കാർ എന്ത് പറഞ്ഞാലും ഇത് രാജ്യസുരക്ഷയുടെ കാര്യമാണ്, വിഷയം ഞാൻ ആവർത്തിച്ച് കൊണ്ടേയിരിക്കും.സായുധ സേനയെ ദുർബലപ്പെടുത്താൻ ഒരിക്കലും ഇന്ത്യ സഖ്യം അനുവദിക്കില്ല', രാഹുൽ എക്സിൽ കുറിച്ചു.
അഗ്നിവീറിനേയും ജവാനേയും കേന്ദ്രസർക്കാർ രണ്ടായാണ് കാണുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. രണ്ട് പേരും വീരമൃത്യു വരിച്ചാലും ജീവന്‍ നഷ്ടപ്പെട്ട അഗ്നിവീറിനെ കേന്ദ്രസർക്കാർ രക്തസാക്ഷിയായി കാണില്ല. അഗ്നിവീറിന് പെൻഷൻ ലഭിക്കില്ല, കാന്റീൻ സൗകര്യം ലഭിക്കില്ല ആരെങ്കിലും രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചിട്ടുണ്ടെങ്കിൽ അവരെ ആദരിക്കണം', രാഹുൽ പറഞ്ഞു.
തൻ്റെ കുടുംബത്തിന് ഒരു സ്വകാര്യ ബാങ്കിൽ നിന്ന് 50 ലക്ഷം രൂപയും ആർമി ഗ്രൂപ്പ് ഇൻഷുറൻസ് ഫണ്ടിൽ നിന്ന് 48 ലക്ഷം രൂപയും ഇൻഷുറൻസ് ഇനത്തിൽ ലഭിച്ചതായി മരിച്ച അഗ്നിവീറിൻ്റെ പിതാവ് പറയുന്ന വീഡിയോയും രാഹുൽ പങ്കിട്ടിട്ടുണ്ട്. കേന്ദ്രസർക്കാരിൽ നിന്നും യാതൊരു തുകയും ലഭിച്ചിട്ടില്ലെന്നാണ് അജയ് കുമാറിന്റെ പിതാവ് വീഡിയോയിൽ ആവർത്തിക്കുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് എക്സ് ഗ്രേഷ്യാ പേയ്മെന്റായി യാതൊന്നും തന്നെ ലഭിച്ചിട്ടില്ല. ശമ്പള കുടിശിക പോലും ലഭിച്ചിട്ടില്ല. മാത്രമല്ല കുടുംബത്തിന് വാഗ്ദാനം ചെയ്ത പെൻഷനും കാന്റീൻ കാർഡും ലഭ്യമാക്കണമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.
അഗ്നിവീറിന്റെ കുടംബത്തിന് നൽകിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറയുന്ന ഒരു കോടി രൂപ ഞങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു.












Click it and Unblock the Notifications