അനധികൃത ഐപിഎൽ സ്‌ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
മുംബൈ: അനധികൃത ഐപിഎൽ സ്‌ട്രീമിംഗ് കേസിൽ നടി തമന്നയ്ക്ക് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് താരത്തിന് അന്വേഷണ സംഘം നോട്ടീസ് അയച്ചു. മഹാരാഷ്‌ട്ര സൈബർ വിംഗ് ആണ് തമന്നയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചത്. ഏപ്രിൽ 29ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കുപ്രസിദ്ധ വാതുവെപ്പ് ആപ്പായ മഹാദേവ് ബെറ്റിങ് ആപ്പിന്റെ മറ്റൊരു സംരംഭമായ ഫെയർപ്ലേ ആപ്പിൽ ഐപിഎൽ 2023 നിയമവിരുദ്ധമായി സ്ട്രീം ചെയ്‌ത സംഭവത്തിലാണ് നടപടിയെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. കേസിൽ സാക്ഷിയായാണ് തമന്നയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് വിവരം.

ചില ഐപിഎൽ മത്സരങ്ങൾ ആപ്പിൽ നിയമവിരുദ്ധമായി സ്ട്രീം ചെയ്‌തുവെന്നാണ് പരാതിയിൽ പറയുന്നത്. കേസിൽ ഗായകൻ ബാദ്ഷായുടെയും സിനിമാ താരങ്ങളായ സഞ്ജയ് ദത്തിന്റെയും ജാക്വലിൻ ഫെർണാണ്ടസിന്റെയും മാനേജർമാരുടെ മൊഴി മഹാരാഷ്ട്ര സൈബർ സെൽ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് തമന്നയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ഐപിഎൽ സംപ്രേഷണ അവകാശം കോടികൾ മുടക്കി സ്വന്തമാക്കിയ വയാകോം ഗ്രൂപ്പാണ് പരാതിയുമായി മുന്നോട്ട് പോയത്. അനധികൃത സംപ്രേക്ഷണത്തിലൂടെ കോടികളുടെ നഷ്‌ടമാണ് കമ്പനിക്ക് ഉണ്ടായതെന്നാണ് അവർ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.
ഫെയർപ്ലേ ആപ്പ്
വൈവിധ്യമാർന്ന സ്പോർർട്‌സ്, വിനോദ പരിപാടികൾ എന്നിവയുമായി ബന്ധപ്പെട്ട ബെറ്റിങ് നടപ്പിലാക്കുന്ന ഒരു വാതുവെപ്പ് എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോമാണിത്. ആപ്പിന്റെ വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, ഫെയർപ്ലേയിലെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദമാണ് ക്രിക്കറ്റ്. ഇന്ത്യയിൽ ഏറ്റവും പ്രചാരമായുള്ള ഐപിഎൽ തന്നെ സംപ്രേക്ഷണം ചെയ്യാൻ കാരണവും ഇത് തന്നെയാണ്.
കഴിഞ്ഞ വർഷം വാർത്തകളിൽ ഇടം നേടിയ മഹാദേവ് ആപ്പിന്റെ സഹ സ്ഥാപനമാണ് മേൽപറഞ്ഞ ഫെയർപ്ലേ ആപ്പും. മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട അഭിനേതാക്കളായ രൺബീർ കപൂറിനെയും ശ്രദ്ധ കപൂറിനെയും ഇഡി ചോദ്യം ചെയ്യുന്നതിനായി വിളിച്ചു വരുത്തിയതോടെയാണ് ഇത് മാധ്യമ ശ്രദ്ധയിൽ വന്നത്.
ദുബായിൽ നിന്ന് കൊണ്ട് സൗരഭ് ചന്ദ്രക്കറും രവി ഉപ്പലും ചേർന്നാണ് മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് പ്രവർത്തിപ്പിച്ചത്. ഇരുവരും ഛത്തീസ്ഗഡിലെ ഭിലായ് സ്വദേശികളാണ്. എന്നാൽ പ്രവർത്തന മേഖലയാവട്ടെ ദുബായിയും. നിരവധി സിനിമാ താരങ്ങളും ഗായകരുമാണ് ഈ ആപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പേര് ചേർക്കപ്പെട്ടത്. ഇതിലെ അവസാനത്തെ പേരുകളാണ് സഞ്ജയ് ദത്തും തമന്നയും ഒക്കെ.












Click it and Unblock the Notifications