പുതുച്ചേരിയിലും ടിവികെ എഫക്റ്റ്; എൻആർ കോൺഗ്രസ് ബിജെപിയുമായി അകൽച്ചയിൽ? പുതിയ നീക്കം ഇങ്ങനെ
പുതുച്ചേരി: സൂപ്പർതാരവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ് നേതൃത്വം നൽകുന്ന ടിവികെയുടെ സ്വാധീനം പുതുച്ചേരിയിലേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇവിടെ അധികാരത്തിലെത്തിയ എൻആർ കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടെ, മുഖ്യമന്ത്രി എൻ രംഗസാമി പുതിയ രാഷ്ട്രീയ നീക്കത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമാവുന്നത്.
മന്ത്രിമാർക്ക് വകുപ്പുകൾ നൽകുന്നതും സ്‌പീക്കർ, ഡെപ്യൂട്ടി സ്‌പീക്കർ തിരഞ്ഞെടുപ്പും ഇതുവരെ പൂർത്തിയാകാത്ത സാഹചര്യത്തിൽ, ബിജെപിയുമായുള്ള തർക്കം പരിഹരിക്കാനായില്ലെങ്കിൽ നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) സഖ്യത്തിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ സർക്കാർ മുന്നോട്ടുകൊണ്ടുപോകാൻ രംഗസാമി ആലോചിക്കുന്നതായി തമിഴ് മാധ്യമമായ മാലൈമലർ റിപ്പോർട്ട് ചെയ്‌തിരുന്നു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ച എൻആർ കോൺഗ്രസും ബിജെപിയും സർക്കാർ രൂപീകരിച്ചെങ്കിലും അഞ്ച് വർഷത്തെ ഭരണത്തിനിടെ ഇരുപാർട്ടികളും തമ്മിൽ പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ പ്രകടമായിരുന്നു. തുടർന്ന് 2026ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ടിവികെയുമായി എൻആർ കോൺഗ്രസ് കൈകോർക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, രംഗസാമി വീണ്ടും ബിജെപിയുമായി സഖ്യം തുടരാൻ തീരുമാനിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പിൽ എൻആർ കോൺഗ്രസ് മത്സരിച്ച 16 സീറ്റിൽ 12 എണ്ണം നേടിയപ്പോൾ, ബിജെപി മത്സരിച്ച 10 സീറ്റിൽ നാല് മണ്ഡലങ്ങളിൽ മാത്രമാണ് വിജയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലേ തന്നെ ഇരു പാർട്ടികളും തമ്മിലുള്ള അകൽച്ച പ്രകടമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബിജെപി സ്ഥാനാർഥികൾക്കായി രംഗസാമി പ്രചാരണം നടത്തിയില്ലെന്നായിരുന്നു അവരുടെ ആരോപണം.
മറുവശത്ത് ചില മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികൾക്ക് ബിജെപി രഹസ്യ പിന്തുണ നൽകിയെന്നാണ് എൻആർ കോൺഗ്രസ് ആരോപിക്കുന്നത്. ഇതിന്റെ ഫലമായി സഖ്യത്തിൽ ഇതുവരെയും സ്വരച്ചേർച്ച കൈവന്നിട്ടില്ല. സർക്കാർ രൂപീകരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തിട്ടും വകുപ്പുവിഭജനം ഇതുവരെ നടന്നിട്ടില്ല. നിലവിൽ എല്ലാ വകുപ്പുകളുടെയും ചുമതല രംഗസാമിയാണ് വഹിക്കുന്നത്.
നിയമസഭാ സ്‌പീക്കർ പദവി വേണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാൽ നിയമസഭയിലെ അംഗബലം കുറഞ്ഞ സാഹചര്യത്തിൽ ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനം സ്വീകരിക്കണമെന്നാണ് രംഗസാമി നിർദേശിച്ചതെന്നാണ് റിപ്പോർട്ട്. ഇത് ബിജെപി അംഗീകരിക്കാത്തതിനെ തുടർന്ന് സ്‌പീക്കറുടെയും ഡെപ്യൂട്ടി സ്‌പീക്കറുടെയും തിരഞ്ഞെടുപ്പ് ഉൾപ്പെടെ നീണ്ടുപോകുകയാണ്.
ഇതിനിടെയാണ് ടിവികെ സഖ്യത്തിന്റെ പിന്തുണ രംഗസാമിക്ക് ബദൽ സാധ്യതയായി ഉയർന്നുവരുന്നത്. രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച രംഗസാമി ഒരു സീറ്റ് രാജിവെച്ചതോടെ നിലവിൽ പുതുച്ചേരി നിയമസഭയിലെ അംഗബലം 29 ആയി. ഭൂരിപക്ഷത്തിന് 15 അംഗങ്ങളുടെ പിന്തുണ മതിയാകും. എൻആർ കോൺഗ്രസിന് നിലവിൽ 11 എംഎൽഎമാരാണുള്ളത്.
ടിവികെ സഖ്യത്തിലെ മൂന്ന് എംഎൽഎമാരുടെയും, എഐഎഡിഎംകെയുടെ ഒരു എംഎൽഎയുടെയും, രണ്ട് സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണ ലഭിച്ചാൽ 17 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനാകുമെന്നാണ് റിപ്പോർട്ട്. അതേസമയം, ടിവികെ സഖ്യത്തിന്റെ പിന്തുണയോടെ പുതിയ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് എൻആർ കോൺഗ്രസോ ടിവികെയോ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications