ഐഎസ്ആര്‍ഒയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇന്‍സാറ്റ് 3 ഡിഎസ് വിജയകരമായി വിക്ഷേപിച്ചു
തിരുവനന്തപുരം: ഇന്ത്യയുടെ അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇന്‍സാറ്റ് 3 ഡിഎസ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്. ജിഎസ്എല്‍വി-എഫ്14 വാഹനത്തിലാണ് വിക്ഷേപണം നടന്നത്. മൂന്നാം തലമുറ മെറ്ററോളജിക്കല്‍ സാറ്റലൈറ്റിന്റെ തുടര്‍ച്ചയാണ് ഈ ദൗത്യം.
തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിന്‍ ഉപയോഗിച്ചുള്ള റോക്കറ്റിന്റെ 16ാമത് ദൗത്യമാണിത്. നാസയുടെ ഐഎസ്ആര്‍ഒയും സംയുക്തമായി വികസിപ്പിച്ച് കൊണ്ടിരിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസാറിനെ വഹിക്കാനിരിക്കുന്ന ജിഎസ്എല്‍വിക്ക് ഈ ദൗത്യത്തിന്റെ വിജയം നിര്‍ണായകമാകും.

ഉപഗ്രഹത്തിന് 2274 കിലോഗ്രാഹം ഭാരമുണ്ടെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. കാലാവസ്ഥ പ്രവചനം, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പ്, കാട്ടുത്തീ, മേഘങ്ങളുടെ സഞ്ചാരം, സമുദ്രത്തിലെ മാറ്റങ്ങള്‍ തുടങ്ങിയവ മനസ്സിലാക്കാനും ഇന്‍സാറ്റ് 3ഡിഎസ് നല്‍കുന്ന വിവരങ്ങളിലൂടെ സാധിക്കും. സ്ഥലപരമായി സ്ഥിരതയുള്ള ഡാറ്റ നല്‍കുമെന്നും ഇസ്രൊ അറിയിച്ചു.
പത്ത് വര്‍ഷത്തെ ആയുസ്സാണ് ഉപഗ്രഹത്തിന് കണക്കാക്കുന്നത്. 2013ല്‍ വിക്ഷേപിച്ച ഇന്‍സാറ്റ് 3ഡി, 2016ല്‍ വിക്ഷേപിച്ച ഇന്‍സാറ്റ് 3ഡിആര്‍ എന്നീ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനം ഇന്‍സാറ്റ് 3ഡിഎസ് ഏറ്റെടുക്കും. ദൗത്യം വിജയിച്ചാല്‍ സമുദ്രത്തിന്റെയും ഉപരിതലത്തിന്റെയും വിപുലമായ കാലാവസ്ഥാ നിരീക്ഷണങ്ങള്‍ എളുപ്പമാക്കും.












Click it and Unblock the Notifications